Image

കുവൈറ്റില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

സലീം കോട്ടയില്‍ Published on 23 June, 2012
കുവൈറ്റില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
കുവൈറ്റ്‌ : ഭരണഘടനാ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോഗ്യരാക്കിയ പാര്‍ലിമെന്റിലെ ഏക മന്ത്രിസഭാ അംഗമായ പാര്‍ലിമെന്റ്‌ കാര്യ, ഭവന മന്ത്രി ശുഹൈബ്‌ അല്‍ മുവൈസിരി രാജിവെച്ചു . അസാധാരണമായ വിധിയിലൂടെ കഴിഞ്ഞ ഫെബ്രവരിയില്‍ നടന്ന പാര്‍ലിമെന്റ്‌ തിരഞ്ഞുടുപ്പ്‌ കോടതി അസാധുവാക്കുകയും, മുമ്പത്തെ പര്‍ലിമെന്റിനെ പുനസ്ഥാപിക്കുകയും ചെയ്‌ത സവിശേഷ സാഹചര്യത്തില്‍ തന്റെ മന്ത്രി സ്ഥാനത്തിനു പ്രസക്തിയില്ലാതായതോടയാണ്‌ മുവൈസിരി രാജിവെച്ചത്‌ . കുവൈറ്റിലെ നിയമ പ്രകാരം മന്ത്രിസഭയെ തിരഞ്ഞടുക്കുന്നത്‌ അമീറിന്‍റെ അവകാശമാണ്‌ .ഭാഗികമായ ജനാധിപത്യം നിലവിലുള്ള കുവൈറ്റില്‍ , തിരഞ്ഞുടുക്കപ്പെട്ട പാര്‍ലിമെന്റ്‌ അംഗങ്ങളില്‍ നിന്നും ഒരു എം പി യെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. അതിനെ തുടര്‍ന്ന്‌ മന്ത്രിയായ മുവൈസിരി , ഇനി താന്‍ തിരഞ്ഞുടുപ്പ്‌ രാഷ്ട്രീയതിലെക്കില്ലെന്നും പ്രസ്‌താവിച്ചു.

പഴയ പാര്‍ലിമെന്റ്‌ മുഴുവനായി പുനസ്ഥാപിക്കണമെന്ന ഭരണഘടനാ കോടതി വിധി എങ്ങനെ നടപ്പിലാക്കണമെന്നതിനെ കുറിച്ച്‌ തികഞ്ഞ അവ്യക്തത നിലനില്‍ക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌ . കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താ വിതരണ മന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ അബ്ദുല്ലഹ്‌ അല്‍ സബ ജനങ്ങളോട്‌ വിധിയെ മാനിക്കണമെന്ന്‌ അഭ്യര്‍ഥിച്ചെങ്കിലും , കോടതി വിധി എങ്ങനെ നടപ്പിലാക്കുമെന്ന്‌ വ്യക്തമാക്കിയിരുനില്ല. പാര്‍ലിമെന്റ്‌ അംഗം എന്ന നിലയില്‍ എം പി മാര്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചും ആശയകുഴപ്പം നിലനില്‍ക്കുകയാണ്‌ , വിധിയുടെ അടിസ്ഥാനത്തില്‍ എം പി മാരല്ലാതായവര്‍ അവ തിരിച്ചു നല്‍കുകയും, പുനസ്ഥാപിക്കപ്പെട്ട പാര്‍ലിമെന്റിലെ അംഗങ്ങള്‍ക്ക്‌ അവ നല്‍കുകയും വേണം .അതേസമയം നീതിന്യായ , ഇസ്ലാമിക കാര്യ മന്ത്രി ജമാല്‍ ശിഹാബ്‌ വിധിയെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നു അഭ്യര്‍ത്തിച്ചു. ഭരണഘടനാ കോടതി ഉന്നതമായ ന്യായപീടമാണ്‌, കോടതി വിധിയുടെ വിവിധ വശങ്ങള്‍ അടുത്ത ദിവസം തന്നെ രാജ്യത്തെ ഉയര്‍ന്ന നിയായ വിദഗ്‌ദരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു .


അതിനിടെ കോടതി വിധിയുടെ പാശ്ചാത്തലത്തില്‍ ഉണ്ടായ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ തുടര്‍ന്ന്‌ പ്രതിപക്ഷ എം പി മാര്‍ അയോഗ്യമാക്കപ്പെട്ട പാര്‍ലിമെന്റിലെ സ്‌പീക്കര്‍ ആയിരുന്ന അഹ്മദ്‌ അല്‍ സൂരിന്‍റെ ദീവാനിയയില്‍ ഒത്തു കൂടി . തിരഞ്ഞുടുപ്പിനെ ചോദ്യം ചെയ്‌തു കൊണ്ട്‌ ചില സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹരിജി പരിഗണിച്ച ഭരഘടനാ കോടതിയുടെ വിധിയെ തുടര്‍ന്ന്‌ കഴിഞ്ഞ പര്‍ലിമെന്റിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന്‌ അഹ്മദ്‌ അല്‍ സൂര്‍ പറഞ്ഞു . രാജ്യത്തെ ചരിത്രത്തില്‍ തന്നെ അസാധാരണമായ ഭരണഘടനാ കോടതിയുടെ വിധി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും , ജനങ്ങള്‍ തിരസ്‌ക്കരിച്ച പര്‍ലിമെന്റിനെ പ്രതിഷ്ടിക്കാനുള്ള നീക്കം എന്ത്‌ വില കൊടുത്തും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കുവൈറ്റില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക