Image

രൂപ വീണ്ടും ഇടിഞ്ഞു; റിയാലിന്‍െറ മൂല്യം 15.27

Published on 23 June, 2012
രൂപ വീണ്ടും ഇടിഞ്ഞു; റിയാലിന്‍െറ മൂല്യം 15.27
റിയാദ്‌: ഇന്ത്യന്‍ രൂപക്ക്‌ അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെയും ഇടിവ്‌. 1.5 ശതമാനത്തിന്‍െറ ഇടിവാണ്‌ രൂപയുടെ മൂല്യത്തില്‍ ഇന്നലെ മാത്രം ഉണ്ടായത്‌. ഇതോടെ രാജ്യാന്തര വിപണിയില്‍ ഡോളറിന്‍െറ മൂല്യം 57. 32 ഉം സൗദി റിയാലിന്‍െറ മൂല്യം 15.27 വരെയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ റിയാലിന്‍െറ മൂല്യം വ്യാഴാഴ്‌ച 15.07 ആയിരുന്നു. ഇതാണ്‌ ഇന്നലെ വീണ്ടും വര്‍ധിച്ചത്‌. ഇതോടെ 65.40 റിയാലുണ്ടെങ്കില്‍ 1000 രൂപ ലഭ്യമാകുമെന്നായി.

അവധി ദിനമായതിനാല്‍ രാജ്യാന്തര വിപണിയിലെ നേട്ടം പ്രവാസികള്‍ക്ക്‌ വെള്ളിയാഴ്‌ച അനുഭവിക്കാനായില്ല. അതേസമയം ശനിയാഴ്‌ച ആഭ്യന്തര വിപണിയിലെ പണമിടപാട്‌ കേന്ദ്രങ്ങള്‍ നിരക്ക്‌ കുറക്കാന്‍ നിര്‍ബന്ധിതരാകുമെന്നറിയുന്നു. മധ്യവേനലവധിയും റമദാനം പരിഗണിച്ച്‌ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടില്‍ പോകുമ്പോള്‍ മികച്ച വിനിമയ നിരക്ക്‌ ലഭിക്കുന്നത്‌ പലര്‍ക്കും ആശ്വാസമാണ്‌. അതേസമയം ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച കാരണം നാട്ടിലുണ്ടാകുന്ന വിലവര്‍ധനവും എയര്‍ ഇന്ത്യയുടെ സമരം കാരണമുള്ള ടിക്കറ്റ്‌ നിരക്കിലെ വര്‍ധനവും വിനിമയനിരക്കിലെ നേട്ടത്തെ നിഷ്‌ഫലമാക്കുന്നതായാണ്‌ പ്രവാസികളുടെ പരിഭവം.

ചരിത്രത്തില്‍ ഇതാദ്യമായാണ്‌ ഇന്ത്യന്‍ രൂപക്ക്‌ ഇത്രയധികം മൂല്യം ഇടിയുന്നത്‌. ഡോളറിന്‍െറ ആവശ്യം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ യു.എസ്‌ കറന്‍സിയുടെ മൂല്യം കുത്തനെ ഉയരുന്നത്‌. പുതിയ സാഹചര്യത്തില്‍ റിസര്‍വ്‌ ബാങ്ക്‌ കൂടുതല്‍ കരുതല്‍ നടപടികള്‍ ആലോചിച്ചു തുടങ്ങിയതായി ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക