Image

തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി (ബോസ്.ആർ.ബി)

Published on 28 May, 2021
തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി (ബോസ്.ആർ.ബി)

ശിശിരകാലത്തെ പൂലർവേളയിൽ  മഞ്ഞണിഞ്ഞ് നിൽക്കുന്ന തേയിലത്തോട്ടങ്ങളിൽ ഒന്നിറങ്ങി നിന്നിട്ടുണ്ടോ.
തേയില ഇലകളിൽ വിരലോടിച്ചാൽ മനസ്സിനെ മഞ്ഞിൽ മുക്കിയെടുത്ത സുഖമാണ്. അത് ഇടുക്കിയിലാണങ്കിലും വയനാട്ടിലായാലും ഡാർജിലിംഗിലായാലും ഒരേ ഫീലാണ്.
ഇടുക്കിയിലെ ടൂറിസത്തിന്റെ നട്ടെല്ലാണ് പച്ചവിരിച്ച ഈ തേയില തോട്ടങ്ങൾ.   പക്ഷെ ഈ തോട്ടങ്ങൾ ഈ രൂപത്തിൽ ഇനിയെത്ര കാലം നിലനിൽക്കുമെന്നത് കണ്ടറിയണം.
നിലനില്പിനായുള്ള വലിയ പോരാട്ടത്തിലാണ് തേയില വ്യവസായം.

അയ്യായിരം വർഷം മുമ്പ് ചൈനയിലാണ് തേയില ഉത്ഭവിച്ചത്. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം പേർ കഴിക്കുന്ന പാനീയമാണിന്ന് ചായ.
കട്ടൻ ചായയും പരിപ്പുവടയും കുമാരപിള്ള സാറിനും മലയാളിക്കും വിക്നസ്സാണെങ്കിൽ കട്ടൻ ചായ ലോകത്തിനാകെത്തന്നെ പ്രിയങ്കരമാണ്
ലോകത്തെ കീഴടക്കിയ പാനിയമാണങ്കിലും ചായപ്പൊടി വ്യവസായം ഇവിടെ വലിയ പ്രതിസന്ധിയിലാണ്

ഉല്പാദനച്ചിലവിനനുസരിച്ച് വില ലഭിക്കുന്നില്ലത് തന്നെയാണ്  പ്രധാന പ്രശ്നം.

(ഉല്പാദിപ്പിക്കുന്ന ചായപ്പൊടി മുഴുവൻ സ്വന്തമായി പാക്ക് ചെയ്ത് വിൽക്കാൻ കഴിയുന്നവർക്ക് മാത്രമാണ്  ലാഭമുണ്ടാക്കാൻ കഴിയുന്നത്. അതാകട്ടെ വിരലിലെണ്ണാവുന്നവർ മാത്രവും)

തേയിലയുടെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന ഉല്പാദനച്ചിലവാണ് കേരളത്തിലേത്. അതോടൊപ്പം തോട്ടപ്പണിക്ക് തൊഴിലാളികളെ കിട്ടാനില്ലന്നതും  സ്ഥിതി ഗുരുതരമാക്കുന്നു.
നിലവിൽ പണി ചെയ്തു കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ മക്കൾ ഈപ്പണിക്ക് വരുന്നില്ല. വെയിലും മഴയുമേറ്റ് കുന്നും മലയും കയറി ഇറങ്ങി കുറഞ്ഞ കൂലിക്ക് പണിയെടുക്കാനവർ തയ്യാറല്ല.

എൺപതുകളിൽ ഗൾഫ് വിസക്ക് ഉണ്ടായിരുന്നതിനേക്കാൾ ഡിമാന്റായിരുന്നു തേയിലത്തോട്ടത്തിൽ സ്ഥിരമായ ഒരു ജോലിക്കെന്ന് പറഞ്ഞാൽ പുതു തലമുറയുടെ നെറ്റി ചൂളിയാം. എന്നാലത് വാസ്തവമാണ്.
തൊഴിലില്ലായ്മ രൂക്ഷമായ അക്കാലത്ത് സ്ഥിരമായ ജോലി, വീട്, കൃത്യമായ ശമ്പളം, ബോണസ്, പ്രോവിഡന്റ ഫണ്ട്, ഗ്രാറ്റുവിറ്റി, പ്രസവക്കാശ്, കമ്പിളിക്കാശ്, വഴിക്കാശ്, സൗജന്യ ചികിത്സ, കുട്ടികളെ നോക്കാൻ കമ്പനിയുടെ ക്രഷ്, ലേബർ ക്ലബ്ബ്, താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപണികൾ നടത്താനുള്ള സ്ഥിരം കോൺട്രാക്റ്റർമാർ, തൂപ്പുകാർ, കുടിവെള്ള വിതരണം നോക്കാനുള്ള പ്ലംബർമാർ തുടങ്ങി തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടായിരുന്നു.
ഇത്രയും സൗകര്യങ്ങൾ ലഭിക്കുന്ന  ജോലി അക്കാലത്ത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമായിരുന്നു.

അന്നൊക്കെ ഏത് പാർട്ടിയുടെയും പീരുമേട്ടിലെ ബ്രാഞ്ച്, ലോക്കൽ കമ്മറ്റികൾ കുടുമ്പോൾ പ്രധാന പരാതിയും ചർച്ചയും തോട്ടത്തിലെ ജോലി സ്ഥിരപ്പെടുത്തുന്നതിലെ സീനിയോരിറ്റി തെറ്റിച്ചതോ ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് യൂണിയൻ കൺവീനറോ ഭാരവാഹിയോ പണം വാങ്ങി വഞ്ചിച്ചതിനെക്കുറിച്ചോ ആയിരിക്കും.
1875 ലാണ് പീരുമേട്ടിൽ തേയില കൃഷി ആദ്യമായി തുടങ്ങുന്നത്.
1862 ൽ പീരുമേട്ടിൽ ഭൂമി വാങ്ങിയ ഹെൻററി ബേക്കറാണ് കാട് വെട്ടിത്തെളിച്ച് തോട്ട വ്യവസായത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ജോൺ ഡാനിയേൽ മൺറോയയും ബേക്കറോടൊപ്പം ചേർന്നു.1868 ൽ ഹൈറേഞ്ചിൽ ആദ്യമായി ആഷ്ലിയിൽ കൃഷി ആരംഭിച്ചു.

കാപ്പിയായിരുന്നു നട്ടത്. രോഗങ്ങളും കാലവസ്ഥയും ഒരുപോലാക്രമിച്ച് കാപ്പിയെ നശിപ്പിച്ചു. പക്ഷെ സായ്പ് തോറ്റ് പിന്മാറിയില്ല
അടുത്ത കൃഷിയെക്കുറിച്ചുള്ള ആലോചന ചെന്നെത്തിയത് ഊട്ടിയിലാണ്. നീലഗിരിക്കുന്നുകളിൽ
ഡോ: ക്രിസ്റ്റിയുടെ നേതൃത്വത്തിൽ  1832 മുതൽ തേയില കൃഷി തുടങ്ങിയിരുന്നു. 1875 ൽ അവിടെ നിന്ന് ചെടി കൊണ്ടുവന്ന് പീരുമേട്ടിൽ തേയില കൃഷി ആരംഭിച്ചു. അതേറ്റു.  പീരുമേടിന്റെ തണുത്ത കാലവസ്ഥക്ക് പറ്റിയ ചെടിയായിരുന്നു തേയില. PH മൂല്യം 4.5 മുതൽ 5.5 വരെയുള്ള മണ്ണിൽ തേയില സമൃദ്ധമായി വളരും
വർഷത്തിലെട്ട് മാസവും മഴ പെയ്തിരുന്ന പീരുമേടിന്റെ  മലഞ്ചെരിവുകളിൽ തേയിലച്ചെടി ആർത്തുന്മാദിച്ച് വളർന്നു.
1875 ൽ ബ്രിട്ടിഷ്കാരനായ എഫ്.എം. പാർക്കർ ഏലപ്പാറ പഞ്ചായത്തിലെ ബോണമിക്കടുത്ത്  ആരംഭിച്ച പെൻഷ്വറസ്റ്റ് എസ്റ്റേറ്റാണ് തിരുവിതാംകൂറിലെ തന്നെ ആദ്യ തേയിലത്തോട്ടം. പന്ത്രണ്ട് വർഷം പിന്നിട്ട് 1887 ആയപ്പോൾ ഒന്നര ലക്ഷം രൂപയുടെ മൂലധനവുമായി എച്ച്.എം.നൈറ്റ്  തിരുവിതാംകൂർ ടീ എസ്റ്റേറ്റ്സ് എന്ന TTE  കമ്പനി വണ്ടിപ്പെരിയാറ്റിൽ ആരംഭിച്ചു.

ഇതാണ് പീരുമേട്ടിലെ ആദ്യ ടീ കമ്പനി.
തൊഴിലാളികളിൽ മഹാഭൂരിപക്ഷവും തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി, തിരുനെൽവേലി, മധുര  തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരായിരുന്നു. വർഷത്തിൽ എട്ടു മാസവും മുറിയാതെ പെയ്യുന്ന മഴയും വീശിയടിക്കുന്ന കോടക്കാറ്റുമുള്ള  പീരുമേട്ടിൽ അതിജീവനം അതിവ  ദുഷ്കരമായിരുന്നു.
തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കൊണ്ടു വന്നിരുന്ന കങ്കാണിമാരെന്ന ഗുണ്ടകൾ
പുലർച്ചെ തന്നെ ലയങ്ങളിലെത്തി വലിയ വടികൊണ്ട് തൊഴിലാളികളെ അടിച്ചെഴുന്നേല്പ്പിച്ച് ജോലിക്ക് കൊണ്ട് പോകും. എത്ര വയ്യാത്ത തൊഴിലാളിയും കങ്കാണിമാരുടെ അടി പേടിച്ച് തോട്ടങ്ങളിലേക്ക് ജോലിക്ക് പോകും.
കങ്കാണിമാരെ എതിർത്തവരെ കൊന്നു കുഴിച്ചു മൂടിയ സംഭവങ്ങൾ വരെയുണ്ട്. കഠിനമായ കാലവസ്ഥയോടും പകർച്ചവ്യാധികളോടും കങ്കാണിമാരോടും ഏറ്റുമുട്ടി ധാരാളം മനുഷ്യർ മരിച്ചു വീണു.
വസൂരിയും മലമ്പനിയുമായിരുന്നു മറ്റൊരു  വില്ലൻ. വസൂരി നിയന്ത്രണാതീതമായി പടർന്ന് പിടിച്ചപ്പോൾ രോഗബാധിതരെ അവരുടെ വീടടക്കം കൂട്ടത്തോടെ കത്തിച്ച് കളഞ്ഞ സ്ഥലങ്ങളാണ് ഏലപ്പാറക്കടുത്ത ബോണാമിയും (മുണ്ടപ്ലാക്കൽ ) പീരുമേടിനടുത്തുള്ള പഴയ പാമ്പനാറും.

ബോണാമിക്ക് പകരമായി ഏലപ്പാറയും പഴയ പാമ്പനാറിന് പകരമായി പുതിയ പാമ്പനാറും ഉയർന്ന് വന്നു.
ക്രമേണ തേയിലകൃഷി പീരുമേട് താലൂക്കിൽ വ്യാപിച്ചു. 1914 ആയപ്പോഴേക്കും TTE കമ്പനിക്ക് മാത്രം 11
എസ്റ്റേറ്റ്കളായിക്കഴിഞ്ഞിരുന്നു.
പീരുമേട് വണ്ടിപ്പെരിയാർ ഏലപ്പാറ ഉപ്പുതറ പഞ്ചായത്തുകളിലായി 16 കമ്പനികളുടെ ഉടമസ്ഥതയിൽ
37 തേയില തോട്ടങ്ങളും 32 ഫാക്ടറികളും ഉയർന്ന് വന്നു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ആശ്രയമായി തേയില വ്യവസായം മാറി. ഇവിടെ ഉല്പാദിപ്പിച്ചിരുന്ന തേയില കൊച്ചി തൂത്തുക്കുടി തുറമുഖങ്ങൾ  വഴി ലണ്ടനിലേക്കയക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്.
1940 കളോടെ ട്രേഡ് യൂണിയനുകളുടെ കടന്നു വരവും സ്വതന്ത്രാനന്തര ഗവണ്മെന്റും തൊഴിലാളികളുടെ ദുരവസ്ഥക്ക് മാറ്റങ്ങളുണ്ടാക്കി.
താൽക്കാലിക തൊഴിലാളികളുടെ ഏറ്റവും വലിയ ആഗ്രഹം ജോലി സ്ഥിരതയായിരുന്നു.
രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പിരിഞ്ഞ് പോയ തൊഴിലാളികൾക്ക് പകരമായി താല്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളി കളാക്കുന്ന സംവിധാനമായിരുന്നു പതിവ്. ആകെയുള്ള ഒഴിവുകൾ ട്രേഡ് യൂണിയനുകളുടെ അംഗബലത്തിനനുസരിച്ച് ഭാഗിച്ച് നല്കി അവർ നിർദ്ദേശിക്കുന്നവരെയാണ് സ്ഥിരം തൊഴിലാളികളാക്കിയിരുന്നത്.
ജോലി സ്ഥിരപ്പെടുത്തിക്കിട്ടാൻ താല്കാലിക തൊഴിലാളികൾ യൂണിയൻ നേതാക്കന്മാർക്ക് കൈകൂലി  നല്കുന്നത് സർവ്വസാധാരണമായിരുന്നു.
തോട്ടങ്ങളിൽ കർശനമായ അച്ചടക്കവും കൃത്യനിഷ്ടയും കഠിനാദ്ധ്വാനവും  സായ്പ് ഉറപ്പ് വരുത്തിയിരുന്നതിനാൽ തൊണ്ണൂറ്കൾ വരെ തേയില വ്യവസായം  പ്രതിസന്ധിയില്ലാതെ നിലനിന്നു.
എന്നാൽ ആഗോളീകരണ നയങ്ങളുടെ ഭാഗമായുള്ള കരാറുകളും പുതിയ ഇറക്ക് മതി നയങ്ങളും ഇന്ത്യയിൽ ഏറ്റവുമാദ്യം ദോഷകരമായി ബാധിച്ചത് തേയില വ്യവസായത്തേയാണ്.

ലോകത്തിലെ രണ്ടാമത്തെ വലിയ തേയില ഉല്പാദക രാജ്യമായ ഇന്ത്യയിലേക്കുള്ള  തേയില ഇറക്കുമതി 98-99ൽ നാലിരട്ടിയായി ഉയർന്നു. സ്വഭാവികമായി തേയില വില കുത്തനെ കുറഞ്ഞു. 70 രൂപയിൽ നിന്ന് 39 രൂപയിലേക്ക് വില കൂപ്പുകുത്തി. ഉല്പാദനച്ചിലവും ലഭിക്കുന്ന വിലയും തമ്മിൽ യാതൊരു ബന്ധമില്ലാതായി.
തേയില വിറ്റ് കിട്ടുന്ന പണം കൊണ്ട് തൊഴിലാളികളുടെ ശമ്പളം കൊടുക്കാൻ തികയാത്ത സ്ഥിതിയിൽ തോട്ടങ്ങളിൽ രാസവളവും കീടനാശിനിയും ആദ്യമായി ഒഴിവാക്കപ്പെട്ടു. സ്വഭാവികമായും ഉല്പാദനവും കുറഞ്ഞു. തൊഴിലാളികളുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ മാസങളുടെ കുടിശികയായി തോട്ടങ്ങളിൽ തൊഴിലാളി സമരങ്ങൾ ആളിപ്പടർന്നു.
1029 ഹെക്ടർ വിസ്തീർണ്ണവും രണ്ട് വലിയ ഫക്ടറികളും മൂന്ന് ബംഗ്ലാവുകളുമുള്ള പീർമേട് ടീ കമ്പനിയാണ് ആദ്യം വീണത്. 2000 തൊഴിലാളികളെ പെരുവഴിയിലാക്കി ഉടമ തോട്ടമുപേക്ഷിച്ച് പോയി.
ഇരുപത് വർഷത്തിന് ശേഷവും ഈ തോട്ടം അടഞ്ഞ് തന്നെ കിടക്കുന്നു 
ലൂസിഫർ സിനിമയിൽ കാണിച്ച സെമിത്തേരിയും ജീർണിച്ച പള്ളിയും ഈ തോട്ടത്തിലാണ്.
സിനിമയിൽ കണ്ടതിനെക്കാൾ മോശമവസ്ഥയിൽ പീരുമേട് ടീ കമ്പനി നശിച്ചു കൊണ്ടിരിക്കുന്നു.

 

 

 


തേയില തോട്ടം: കടുപ്പത്തിൽ തുടരുന്ന പ്രതിസന്ധി (ബോസ്.ആർ.ബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക