Image

തൊഴില്‍ വിസ രണ്ട്‌ മണിക്കൂറിനകം ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി

Published on 22 June, 2012
തൊഴില്‍ വിസ രണ്ട്‌ മണിക്കൂറിനകം ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി
ദോഹ: അപേക്ഷകര്‍ക്ക്‌ രണ്ട്‌ മണിക്കൂറിനകം തൊഴില്‍ വിസ ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി സ്വീകരിക്കുന്നു. ഇതിന്‌ പുറമെ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള സ്‌ത്രീകള്‍ക്ക്‌ ഒരു മണിക്കൂറിനുള്ളില്‍ വര്‍ക്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നതിനും നടപടിയുണ്ടാകും.
വിദേശ തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും `ഇ ആര്‍ക്കൈവ്‌സ്‌' വഴി സൂക്ഷിക്കുന്ന സംവിധാനം നടപ്പാക്കുന്നതോടെയാണ്‌ വിദേശികള്‍ക്ക്‌ ഈ സൗകര്യം ലഭ്യമാവുക.

വിസക്ക്‌ അപേക്ഷിക്കുന്ന കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍ ഞൊടിയിടയില്‍ ലഭ്യമാക്കാന്‍ `ഇ ആര്‍ക്കൈവ്‌സ്‌' വഴി കഴിയും. ഒരിക്കല്‍ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളോടൊപ്പം നല്‍കുന്ന രേഖകള്‍ ഇ ആര്‍ക്കൈവ്‌സിലേക്ക്‌ മാറ്റുന്നതോടെ ഇത്‌ പിന്നീട്‌ ഏത്‌ സമയത്തും ഉപയോഗിക്കാന്‍ കഴിയും. ഇത്‌ നടപ്പിലാകുന്നതോടെ വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്ന കമ്പനികള്‍ ഒരിക്കല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വീണ്ടും നല്‍കേണ്ടതില്ല. ഇത്‌ തൊഴില്‍ വിസ രണ്ട്‌ മണിക്കൂറിനകം ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്ന്‌ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതോടെ ഖത്തറില്‍ ഭര്‍ത്താവിന്‍െറയോ പിതാവിന്‍െറയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ള സ്‌ത്രീകള്‍ക്ക്‌ ഒരു മണിക്കൂറിനുള്ളില്‍ വര്‍ക്‌ പെര്‍മിറ്റ്‌ അനുവദിക്കാനും കഴിയും.

വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കമ്പനികള്‍ക്ക്‌ ആവശ്യമുള്ള അളവില്‍ മാത്രം വിസ അനുവദിക്കാനാണ്‌ തീരുമാനം. കര്‍ശന നടപടിക്രമങ്ങള്‍ക്ക്‌ ശേഷം മാത്രമായിരിക്കും മേലില്‍ വിസ അനുവദിക്കുക. 50 വിസ മാത്രം ആവശ്യമുള്ള കമ്പനികള്‍ നൂറ്‌ വിസക്ക്‌ വരെ അപേക്ഷ സമര്‍പ്പിക്കുന്ന രീതിയുണ്ട്‌. ഇത്‌ നിര്‍ത്തലാക്കണം. എന്നാല്‍ ഇത്രയും വിസ ആവശ്യമാണെന്ന്‌ ബോധ്യമായാല്‍, കടലാസ്‌ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ അവ അനുവദിക്കും. ആവശ്യത്തിലേറെ വിസക്ക്‌ അപേക്ഷ നല്‍കുന്ന പ്രവണത നിരുല്‍സാഹപ്പെടുത്തുമെന്ന്‌ തൊഴില്‍ മന്ത്രാലയത്തിലെ റിക്രൂട്ട്‌മെന്‍റ്‌ വകുപ്പ്‌ ഡയറക്ടര്‍ ഫവാസ്‌ അല്‍ റീസ്‌ വ്യക്തമാക്കി. കൂടുതല്‍ വിസ ആവശ്യമുള്ള കമ്പനികളോട്‌ മന്ത്രാലയവുമായി നേരിട്ട്‌ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത്രയും വിസ ആവശ്യമാണെന്ന്‌ തെളിഞ്ഞാല്‍ തീര്‍ച്ചയായും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വിസ രണ്ട്‌ മണിക്കൂറിനകം ലഭ്യമാക്കാന്‍ മന്ത്രാലയം നടപടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക