Image

ധോണിയും ഹര്‍ഭജന്‍ സിംഗും മദ്യപരസ്യത്തില്‍നിന്നും പിന്‍മാറണമെന്ന്‌

Published on 20 July, 2011
ധോണിയും ഹര്‍ഭജന്‍ സിംഗും മദ്യപരസ്യത്തില്‍നിന്നും പിന്‍മാറണമെന്ന്‌
കോട്ടയം: മദ്യ ഉത്‌പന്നത്തിന്റെ പേരിലുള്ള പരസ്യത്തില്‍നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിക്കും ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിംഗിനും പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ കത്തയച്ചു. മദ്യഉത്‌പന്നങ്ങള്‍ക്കു ഇന്ത്യയില്‍ പരസ്യം ചെയ്യാന്‍ അനുവദിച്ചിട്ടില്ല. കൂടാതെ ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശകതത്വങ്ങളിലൊന്നാണ്‌ ഘട്ടംഘട്ടമായുള്ള മദ്യനിരോധനം. മദ്യ ഉത്‌പന്നത്തിന്റെ പേരില്‍ മറ്റുല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാണ്‌ മദ്യപരസ്യം ചെയ്യുന്നത്‌. ഈ വഞ്ചനയ്‌ക്കാണ്‌ ഇന്‍ഡ്യന്‍ ടീം ക്യാപ്‌റ്റനും സഹകളിക്കാരനും കൂട്ടുനില്‍ക്കുന്നെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. ഇവര്‍ക്കെതിരെ കോടതിയെ സമീപിക്കുവാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ഇപ്പോഴത്തെ ഈ വിവാദം മദ്യഉല്‌പന്നങ്ങളുടെ പരസ്യം വിപണനം ചെയ്യുന്നതിനുള്ള തന്ത്രമാണെന്ന്‌ ഫൗണ്ടേഷന്‍ ആരോപിച്ചു.

ഇന്ത്യയിലെ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥി സമൂഹത്തിനും മാതൃകയാവേണ്ട ധോണിയും ഹര്‍ഭജനും അവരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്‌. ഇവരുടെ ഈ നടപടി തലമുറകളോടുള്ള വെല്ലുവിളിയാണ്‌. രാജ്യം പത്മശ്രീ പോലുള്ള ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുള്ള ഇവര്‍ തന്റെ താരമൂല്യത്തെ വിപണനം ചെയ്യുകയാണ്‌. ദേശീയ ബഹുമതികള്‍ നേടുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും സമൂഹത്തോട്‌ കടപ്പാടുണ്ട്‌. ഫെയ്‌സ്‌ ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകള്‍ മദ്യപ്രചാരണത്തിന്‌ ഉപയോഗിക്കുന്നത്‌ ശരിയല്ല. ഇതു പണത്തിനായി ഇവര്‍ മറന്നിരിക്കുകയാണ്‌. ഇക്കാര്യത്തില്‍ ഉപദേശിക്കണമെന്നും പരസ്യത്തില്‍നിന്നും പിന്‍മാറാന്‍ പ്രേരണ നല്‍കണമെന്നും ആവശ്യപ്പെട്ടു ക്രിക്കറ്റ്‌ താരങ്ങളുടെ മാതാപിതാക്കന്മാര്‍ക്കും ഭാര്യയ്‌ക്കും പ്രത്യേകം കത്തുകളയച്ചിട്ടുണ്ട്‌. കോടിക്കണക്കിനു വരുന്ന ഇന്ത്യാക്കാരുടെ ആരാധനാപാത്രങ്ങളാണ്‌ മഹേന്ദ്രസിംഗ്‌ ധോണിയും ഹര്‍ഭജന്‍ സിംഗും. ഈ പരസ്യങ്ങളിലൂടെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മദ്യപന്മാരാക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇവരുടെ മക്കളെ മദ്യപന്മാരാക്കാന്‍ തയ്യാറുണ്ടോയെന്നും കത്തില്‍ ചോദിച്ചിട്ടുണ്ട്‌.

മദ്യനിരോധനത്തിന്റെ വക്താവായിരുന്നു രാഷ്‌ട്രപിതാവായ ഗാന്ധിജി. ഖാദി ഗാന്ധിസത്തിന്റെ പ്രതീകമാണ്‌. ഈ സാഹചര്യത്തില്‍ മദ്യപ്രചാരകനായ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ ഖാദിരത്‌ന പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ ചെയ്‌ത ജാര്‍ഖണ്ഡ്‌ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നടപടി അനുചിതവും രാഷ്‌ട്രപിതാവിനോടുള്ള അവഹേളനവുമാണ്‌. ഈ തീരുമാനമെടുത്ത ബോര്‍ഡ്‌ ചെയര്‍മാനെ പുറത്താക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഈ ശുപാര്‍ശ ഖേദം പ്രകടിപ്പിച്ചു പിന്‍വലിക്കണമെന്നും ഖാദി പ്രചാരണത്തിനു ധോണിയെ ഉള്‍പ്പെടുത്തരുതെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു.

ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ മദ്യപരസ്യത്തില്‍ അഭിനയിച്ചതിനെതിരെ ഫൗണ്ടേഷന്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന്‌ 2007-ല്‍ സര്‍ക്കാര്‍ ആരോപണവിധേയമായ മദ്യകമ്പനിയുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

ക്രിക്കറ്റ്‌ താരങ്ങള്‍ക്ക്‌ വിവിധ സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും കോടിക്കണക്കിനുരൂപാ സമ്മാനം പ്രഖ്യാപിക്കുന്നതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്തു വന്നു. ജനക്ഷേമത്തിനു വിനിയോഗിക്കേണ്ട രൂപാ സമ്മാനമായി നല്‍കുന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്‌ പറഞ്ഞു. നികുതി പണം ഇങ്ങനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുതായും അദ്ദേഹം അറിയിച്ചു. ക്രിക്കറ്റില്‍ ടീം ഇന്ത്യ ലോകകിരീടം നേടിയത്‌ അഭിനന്ദനാര്‍ഹമാണ്‌. അതിനുള്ള സമ്മാനതുകയും സംഘാടകര്‍ നല്‍കുന്നുണ്ട്‌. ക്രിക്കറ്റുതാരങ്ങള്‍ക്ക്‌ കോടികള്‍ നല്‍കുന്നതില്‍ സര്‍ക്കാരുകളും സര്‍ക്കാര്‍ ഏജന്‍സികളും മത്സരിക്കുന്ന കാഴ്‌ച നാണക്കേടാണ്‌. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയത്തെക്കാള്‍ പ്രാധാന്യം പോലും ക്രിക്കറ്റിനു നല്‍കുന്നത്‌ വേദനാജനകമാണ്‌. രാജ്യത്തിനുവേണ്ടി വീരമൃത്യ വരിച്ച ജവാന്മാര്‍ക്ക്‌ എല്ലാവര്‍ക്കുംകൂടി നല്‍കിയ തുകയേക്കാള്‍ കൂടുതലാണ്‌ ഓരോ ക്രിക്കറ്റുതാരത്തിനും ഇപ്പോള്‍ തന്നെ കണക്കുപ്രകാരം ലഭിച്ചിരിക്കുന്നത്‌. ഇത്‌ അപലപനീയമാണ്‌.

രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ടീം ഇന്ത്യയുടെ പ്രകടനം നേരില്‍ വീക്ഷിച്ച്‌ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്‌. മറ്റൊരു കായിക വിനോദത്തിനും ഈ ആദരവ്‌ ലഭിച്ചിട്ടില്ല. പരമോന്നത സിവിലയന്‍ ബഹുമതികളായ പത്മപുരസ്‌കാരങ്ങള്‍ മിക്ക ക്രിക്കറ്റുതാരങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പ്രതികരിക്കുമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.
ധോണിയും ഹര്‍ഭജന്‍ സിംഗും മദ്യപരസ്യത്തില്‍നിന്നും പിന്‍മാറണമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക