Image

ആയിരം പഞ്ചായത്തുകളില്‍ ഡിആര്‍ഡിഒ ബയോ ടോയ്ലെറ്റ് വരുന്നു

Published on 21 June, 2012
ആയിരം പഞ്ചായത്തുകളില്‍ ഡിആര്‍ഡിഒ ബയോ ടോയ്ലെറ്റ് വരുന്നു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ രൂക്ഷവിമര്‍ശനത്തിനു ഫലം. രാജ്യത്തെ ആയിരം പഞ്ചായത്തുകളില്‍ ബയോ ടോയ്ലെറ്റുകള്‍ സ്ഥാപിക്കാന്‍ തയാറായി കേന്ദ്ര പ്രതിരോധ ഗവേഷണ സംഘടന (ഡിആര്‍ഡിഒ) മുന്നോട്ടുവന്നു. രാജ്യത്തെ സാനിട്ടേഷന്‍ സൌകര്യത്തിലെ അപര്യാപ്തതയെ വിമര്‍ശിച്ചു മന്ത്രി നടത്തിയ പ്രസ്താവനയാണ് ഡിആര്‍ഡിഒയെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്. അഗ്നി പോലെ അത്യാധുനിക മിസൈലുകളും ഉപഗ്രഹങ്ങളും നിര്‍മിക്കാന്‍ ശേഷിയുള്ള രാജ്യത്ത് 60% സ്ത്രീകള്‍ക്കു ടോയ്ലെറ്റ് സൌകര്യം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത് രാജ്യത്തിന് ഏറ്റവും വലിയ കളങ്കമാണെന്നും മന്ത്രി കഴിഞ്ഞമാസം ഒരു ചടങ്ങില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ മന്ത്രിയെ സമീപിച്ച് തങ്ങള്‍ തയാറാക്കിയ ദുര്‍ഗന്ധമില്ലാത്ത ടോയ്ലെറ്റുകള്‍ ആയിരം പഞ്ചായത്തുകളില്‍ സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് അറിയിക്കുകയായിരുന്നു. ഡിആര്‍ഡിഒയുടെ വാഗ്ദാനം മന്ത്രി സ്വീകരിക്കുകയും ചെയ്തു. തുറന്ന സ്ഥലത്ത് വിസര്‍ജനം ചെയ്യുന്ന പ്രവണത അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ജയറാം രമേഷിന്റെ ഗ്രാമവികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. ഡിആര്‍ഡിഒയുടെ ഗ്വാളിയര്‍ ഗവേഷണ കേന്ദ്രമാണ് ഗ്രീന്‍ ടോയ്ലെറ്റ് വികസിപ്പിച്ചെടുത്തത്. ആയിരം ടോയ്ലെറ്റുകളുടെ പ്രതിഫലം മുഴുവന്‍ സംഘടനയ്ക്കു നല്‍കുമെന്നു മന്ത്രി അറിയിച്ചു. ഒറീസയിലെ ധമ്ര പഞ്ചായത്തില്‍ ആദ്യ ടോയ്ലെറ്റ് നാട്ടുകാര്‍ക്കായി മന്ത്രി ഉടന്‍ സമര്‍പ്പിക്കും. മിസൈല്‍ പരീക്ഷണം നടത്തുന്ന ചാന്ദിപ്പൂരിനു സമീപാണ് ഈ പഞ്ചായത്ത്. പരിസ്ഥിതിക്കു വളരെ യോജിച്ച ഈ ടോയ്ലെറ്റില്‍ നിന്നു ദുര്‍ഗന്ധമുണ്ടാകില്ലെന്നു മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ഉപകരിക്കുകയും ചെയ്യും. മഞ്ഞുമൂടിയ സിയാച്ചിനിലും മരുഭൂമിയിലെ ചില ഉയര്‍ന്ന ഭാഗങ്ങളിലും സൈനികര്‍ക്കായി ഡിആര്‍ഡിഒ ഇത്തരം ടോയ്ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക