Image

ചരിത്രപഥത്തിലെ അമ്പത്തൊന്ന് മുറിവുകള്‍ - ബിജോ ജോസ് ചെമ്മാന്ത്ര

ബിജോ ജോസ് ചെമ്മാന്ത്ര Published on 20 June, 2012
ചരിത്രപഥത്തിലെ അമ്പത്തൊന്ന് മുറിവുകള്‍ - ബിജോ ജോസ് ചെമ്മാന്ത്ര
അത്യപൂര്‍വ്വമായുണ്ടാകുന്ന ചില സംഭവങ്ങള്‍ പൊതുമണ്ഡലത്തിന്റെ സാമൂഹിക വീക്ഷണഗതിയെ തന്നെ ദിശമാറ്റിവിടുവാന്‍ പര്യാപ്തമാണ്. കാലത്തിന് മറവിയുടെ തിരശ്ശീലയിലേക്ക് അനായാസം മറയ്ക്കുവാന്‍ കഴിയാത്ത ഇവ പിന്നീട് ആ ദേശത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കുന്നു. സമീപ കാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ചചെയ്ത ടി.പി. ചന്ദ്രശേഖരന്റെ ദാരുണാന്ത്യം ഇതുപോലെ രാഷ്ട്രീയ കേരളത്തിന്റെ ചിന്താസരണിയെ നിയന്ത്രിക്കുന്ന ഒരു മുഖ്യസംഭവമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് നിഷ്‌ക്കരണം പതിച്ച അമ്പത്തിയൊന്ന് വെട്ടുകള്‍ ദിനങ്ങളേറെയായിട്ടും ബഹുഭൂരിപക്ഷം സാധാരണക്കാരില്‍ ചോരപൊടിയുന്ന ഒരു നൊമ്പരമായി ഇന്നും അവശേഷിക്കുന്നു. നുറുങ്ങി ചിതറിയ ആ മുഖത്തെ തുന്നിക്കെട്ടലുകളിലൂടെ അപചയം സംഭവിച്ച കേരളത്തിന്റെ വികൃതമായ പുതിയ രാഷ്ട്രീയമുഖം തെളിയുകയായിരുന്നു. ഈ ദാരുണ സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന് വിടുതല്‍ നേടുവാന്‍ കേരളത്തിന്റെ പൊതുമനസ്സിന് ഇനിയുമായിട്ടില്ല. സമൂഹം മൂകസാക്ഷിയായി മാറുന്ന ഇത്തരം അവസരങ്ങളില്‍ മുറിവേറ്റവരില്‍ നിന്നും മൃതിയടഞ്ഞവരില്‍ നിന്നും ഈ വേദനകള്‍ ദേശവും കാലവും ഏറ്റെടുക്കുന്നു. പിന്നീടത് എന്തിനേയും കടപുഴകിയെറിയാനുള്ള കരുത്തായി രൂപാന്തരം പ്രാപിക്കുന്നു.

ഓരോ ഇടവേളകളിലുമുണ്ടാകുന്ന വംശീയ കലാപങ്ങളും രാഷ്ട്രീയ കൊലപാതങ്ങളും മതതീവ്രവാദപ്രശ്‌നങ്ങളുമൊക്കെ നന്മകാത്തുസൂക്ഷിക്കുന്ന മനുഷ്യമനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. മനസ്സാക്ഷി മരവിക്കുന്ന കൊടും ക്രൂരതകളോട് നാം ക്രമേണ താതാത്മ്യും പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ജനതയുടെ സുഖജീവിതത്തിന് യാതൊരു വിഘാതവും ഈ കൊലപാതകങ്ങളും കലാപങ്ങളും വരുത്തിയിരുന്നില്ല എന്നത് കൊണ്ടാവണം പലപ്പോഴും മാധ്യമങ്ങളില്‍ നിറയുന്ന സാധാരണ വാര്‍ത്തകളായി മാത്രം ഇവ മാറിയിരുന്നത്. മാധ്യമങ്ങളുടെ അവസരോചിതമായ ഇടപെടലും ജാഗ്രതയുമാണ് ഒഞ്ചിയം സംഭവത്തിന് പ്രത്യേക രാഷ്ട്രീയമാനം കൈവരിക്കാനിടയായത്. പൊതുജനങ്ങള്‍ തങ്ങളുടെ മനസ്സുകളില്‍ മൂടിയിട്ടിരുന്ന പ്രതിക്ഷേധത്തിന്റെ കനലുകളാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സാക്ഷര കേരളത്തിലിങ്ങനെ തുടരെ തുടരെയുണ്ടാകുന്ന മൃഗീയമായ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് എന്ത് ന്യായീകരണമാണുള്ളത്? ഇവിടെ കൊല്ലുന്നവരുടേയും കൊല്ലപ്പെടുന്നവരുടെയും രാഷ്ട്രീയം നോക്കിയാണ് പലപ്പോഴും ഈ വാര്‍ത്തകളുടെ പ്രാധാന്യം നിശ്ചയിക്കപ്പെടുന്നത്. ഏത് അക്രമണങ്ങളും കൊലപാതകങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. അതിന് വലതുപക്ഷ-ഇടതുപക്ഷ ഭേദമില്ല. മരണമടയുന്നവരെ അതാത് രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരായും രക്തസാക്ഷികളായുമൊക്കെ മുദ്രകുത്തുകയാണ്. ഈ കാര്യത്തില്‍ മതതീവ്രവാദ സംഘടനകളുമായുള്ള സമാനത കണ്ടില്ലെന്ന് നടിക്കാനാവുന്നില്ല. കൊല്ലപ്പെട്ട വ്യക്തിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന്റെ ജീവിതവും അവരുടെ പൊലിഞ്ഞ സ്വപ്നങ്ങളുമൊക്കെ ഇവിടെ അപ്രസക്തമാവുന്നു. ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതക കേസുകളിലും അന്യക്ഷണങ്ങള്‍ വെറും പ്രഹസനമാവുകയാണ് പതിവ്. വ്യക്തമായ തെളിവുകളുടേയും, സാക്ഷികളുടേയും അഭാവത്തില്‍ അന്യക്ഷണം പലപ്പോഴും വഴിമുട്ടുന്നു. മുന്‍കൂട്ടി തയ്യാറാക്കി നല്‍കുന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ പ്രതികളെ നിശ്ചയിക്കപ്പെടുന്നു. കൊലപാതകങ്ങള്‍ക്ക് പുറകിലുള്ള ഗൂഢാലോചനയോ, ആസൂത്രണമോ ഒരിക്കലും അന്വേഷണ പരിധിയില്‍ വന്നിരുന്നില്ല എന്നത്‌കൊണ്ട്തന്നെ കൊലപാതക ചിന്തയുടെ പ്രഭവസ്ഥാനം എന്നും സുരക്ഷിതമായിരിക്കുമെന്നുള്ള ബോധ്യം ആസൂത്രകര്‍ക്കുണ്ട്. ഈ കാരണത്താല്‍ കൂടുതല്‍ കൊലപാതക പരമ്പരകള്‍ അവര്‍ ആസൂത്രണം ചെയ്തുകൊണ്ടേയിരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ മുന്‍കാല രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്‍ മുമ്പില്‍ എത്തിക്കായനായിരുന്നുവെങ്കില്‍ ഒരു പക്ഷെ പിന്നീട് സമാനമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആ വികലമനസ്സുകള്‍ മടിച്ചേനെ.

ജനാധിപത്യബോധം ശക്തിയാര്‍ജ്ജിച്ച ഈ നവയുഗത്തില്‍ ഉന്മൂലന സിദ്ധാന്തത്തിനും രക്തരൂക്ഷിത വിപ്ലവത്തിനുമൊക്കെ എന്ത് പ്രസക്തി? ആശയവ്യതിയാനങ്ങള്‍ സംവാദങ്ങളിലൂടെയും, സൈദ്ധാന്തിക ചര്‍ച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയുമൊക്കെ പരിഹാരം കണ്ടെത്തിയിരുന്ന രീതികള്‍ക്ക് പകരം ആയുധമെടുത്തും, കായികബലംകൊണ്ടും ഇവ ഇല്ലായ്മ ചെയ്യപ്പെടുന്നു. ഉദാരതയുടെ ജനാധിപത്യ രാഷ്ട്രീയം കൊലപാതക രാഷ്ട്രീയത്തിന് വഴിമാറുകയാണിവിടെ. അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിമിനല്‍ സ്വാഭാവവും ചിന്താഗതിയുമുള്ളവര്‍ക്ക് രാഷ്ട്രീയ നേതൃത്വനിരയിലേക്ക് കടന്ന് വരുന്നത് വളരെ ഉല്‍ക്കണ്ഠയോടെ മാത്രമേ നോക്കി കാണാനാവുകയുള്ളൂ.

ഒഞ്ചിയം സംഭവത്തോടൊപ്പംതന്നെ സമീപകാലത്തുണ്ടായ ഷുക്കൂര്‍, ഫസല്‍ വധങ്ങളുടേയും പോലീസ് അന്വേഷണം പുരോഗമിക്കുന്നു. പഴയ ചില രാഷ്ട്രീയ കൊലപാതകങ്ങളുടെ പുനരന്വേഷണവും ആരംഭിച്ചിരിക്കുന്നു. ഇതുവരെയുള്ള പോലീസ് അന്വേഷണം, കേരളത്തിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടിയിലെ ചില നേതാക്കളുടെ പങ്കിനെയാണ് സൂചിപ്പിക്കുന്നത്. മാനുഷിക മൂല്യവും മാനവികതയുമൊക്കെ ഉയര്‍ത്തിപ്പിടിക്കേണ്ട സി.പി.എം. പോലെയുള്ള ജനകീയാടിത്തറയുള്ള പുരോഗമന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ ഈ കുറ്റാരോപണങ്ങള്‍ പ്രതിരോധത്തിലാഴ്ത്തിയിരിക്കുന്നു. കേരളത്തിന് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ തന്നെ വലിയ ധാര്‍മ്മിക പ്രതിസദ്ധിയിലൂടെയാണ് കടന്നു പോകുന്നത്.

ഒരു പൊതുപ്രവര്‍ത്തകന്റെ മരണത്തിന്റെ കനിവിന്റെ നനവില്‍ സ്‌നേഹസ്വാന്തമാകേണ്ട വാക്കുകള്‍ക്ക് പകരം മരണമടഞ്ഞ വ്യക്തിയെ ആക്ഷേപിക്കുന്ന ദാര്‍ഷ്ട്യം നിറഞ്ഞ ജല്പനങ്ങളാണ് ചില രാഷ്ട്രീയ നേതാക്കള്‍ നടത്തിയത്. കൊലചെയ്യപ്പെട്ടയാള്‍ അത് അര്‍ഹിച്ചിരുന്നു എന്ന രീതിയിലുള്ള പ്രതികരണമാണിവരില്‍ നിന്നുണ്ടായത്. പൊതുവേദികളില്‍ തങ്ങള്‍ ചെയ്യുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയും പൂര്‍വ്വകാല കൊലപാതകചരിത്രം അക്കമിട്ട് നിരത്തുകയും ചെയ്യുന്നത് കേരളസമൂഹം ഞെട്ടലോടെയാണ് കേട്ടത്. എത്ര ലാഘവത്തോടെയാണ് തങ്ങള്‍കൊന്ന് തള്ളിയ മനുഷ്യജീവനെക്കുറിച്ച് ഇവര്‍ വാചാലമാകുന്നത്. ഇത് പോലെ അട്ടഹാസം മുഴക്കുന്ന നേതാക്കന്മാര്‍ക്കും ആരാധക വൃന്ദമുണ്ടെന്നത് വളരെ ലജ്ജാകരം തന്നെ. ഇതിലും അപകടകാരികള്‍ അണിയറയില്‍ മൗനത്തിലൊളിക്കുന്നുണ്ടാവാം. തുടരന്വേഷണങ്ങള്‍ ഇതിലെ കൂടുതല്‍ നിഗൂഢതകള്‍ പുറത്തു കൊണ്ടുവരുമെന്ന് പൊതുസമൂഹം കരുതുന്നു. എതിര്‍ക്കുന്നവരെ നിഗ്രഹിക്കുകയും അതില്‍ ഊറ്റം കൊള്ളുകയും ചെയ്യുകയെന്നത് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ലക്ഷണമായി വിലയിരുത്താനാവും. ഏത് സൈദ്ധാന്തികതയുടേയും പ്രത്യയ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലും ജീവന് വിലകല്‍പിക്കപ്പെടാത്ത ഒരു ജനീകിയ വിപ്ലവപ്രസ്ഥാനത്തിനും ശാശ്വതമായി നിലനില്‍ക്കാനാവില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

സ്വാഭാവിക മരണത്തില്‍ പോലും ഞെട്ടല്‍ രേഖപ്പെടുത്തുന്ന പല സാമൂഹ്യ സാംസ്‌ക്കാരിക നായകന്മാരും സമൂഹത്തെ പിടിച്ചുലച്ച ഈ അതിദാരുണ കൊലപാതകത്തിന് ശേഷം ആദ്യദിനങ്ങളില്‍ പ്രതികരിക്കാന്‍ മടിക്കുകയായിരുന്നു. തുടക്കത്തില്‍ ഇവര്‍ പുലര്‍ത്തിയ നിസംഗതയും മൗനവും പലതും നമ്മോട് വിളിച്ചു പറയുന്നു. സാമൂഹ്യപ്രതിബദ്ധത തങ്ങളുടെ സൃഷ്ടികളിലൂടെ മാത്രം പ്രകടിപ്പിച്ചാല്‍ മതിയെന്ന് വിശ്വസിക്കുന്നവര്‍ ഇവരുടെ ഇടയില്‍ കാണാം. പ്രതികരിക്കാന്‍ ഭയമാണെന്ന് തുറന്ന് സമ്മതിച്ചവരും എഴുത്തുകാര്‍ പ്രതികരണ തൊഴിലാളകളല്ലെന്ന് പറഞ്ഞ് തടിതപ്പിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. മാറിമാറിവരുന്ന മുന്നണി സംവിധാനത്തില്‍ അധികാരവര്‍ഗ്ഗത്തിന്റെ അപ്രീതീക്ക് പാത്രമായാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന അംഗീകാരങ്ങളും സ്ഥാനമാനങ്ങളും നഷ്ടമാകുമെന്ന് കരുതുന്നവരും ഇവരുടെ ഇടയില്‍ കാണുമായിരിക്കാം. കഴമ്പില്ലാത്ത വിഷയങ്ങളില്‍ പോലും അഭിപ്രായങ്ങള്‍ പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തകളില്‍ നിറയുന്ന പലരും ഒരു പൊതുപ്രവര്‍ത്തകന്റെ ശിരസ്സിനെ നേരെ നിര്‍ദാഷണ്യം പതിച്ച അമ്പത്തൊന്ന് വെട്ടുകളില്‍ മുഖംതിരിക്കുകയാണുണ്ടായത്. മിണ്ടാവൃതമനുഷ്ഠിച്ച ബുദ്ധിജീവികളുടെ കണ്ണ് തുറപ്പിക്കുവാന്‍ വംഗദേശത്ത് നിന്ന് മഹാശ്വേതാദേവിയെന്ന വന്ദ്യവയോധികയ്ക്ക് വരേണ്ടിവന്നു. വൈകിയാണെങ്കിലും സാംസ്‌ക്കാരിക നായകര്‍ ഈ ഹീനകൃത്യത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറായത് തീര്‍ച്ചയായും ഒരു ശുഭലക്ഷണമായി കാണേണ്ടതുണ്ട്. അവസരോചിതമായ ഇടപെടലുകളിലൂടെ സമൂഹത്തിലെ ജീര്‍ണ്ണതക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ധാര്‍മ്മികത ഇവരില്‍ നിന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നു.

സമൂഹമനസ്സാക്ഷിയെ ആകെ ദുഃഖത്തിലാഴ്ത്തിയ ടി.പി. ചന്ദ്രശേഖരന്റെ മരണം വൃദ്ധയായ അമ്മയുടേയും, ഭാര്യ രമയുടേയും, മകന്റേയും മാത്രം നഷ്ടമല്ല. ഉള്ളില്‍ നന്മ സൂക്ഷിക്കുന്ന ഏത് ഹൃദയാലുക്കളുടേയും നഷ്ടമാണ്. കാര്യക്ഷമവും നിഷ്പക്ഷവുമായ ഒരു അന്വേഷണത്തിലൂടെ ഇതിനണിയറയില്‍ പ്രവര്‍ത്തിച്ചവരെ, അവരെത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്ന് പൊതുസമൂഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. പണവും സ്വാധീനവും ദീക്ഷണിയുമൊന്നും യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നതിന് തടസമാവില്ലെന്ന് നമുക്കാശിക്കാം. ഇതുപോലെയൊരു ക്രൂരത ഭാവിയില്‍ ഒരിക്കലും സംഭവിച്ചുകൂട. അതിനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും ജനാധിപത്യ സര്‍ക്കാര്‍ കാണിച്ചേ മതിയാവൂ. മനുഷ്യ ജീവന്റെ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും പൗരന്മാര്‍ക്ക് ഉറപ്പാക്കുകയെന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ്. നീതികടന്ന് ചെല്ലാന്‍ ഭയക്കുന്ന ഇരുളടഞ്ഞ മാളങ്ങളിലും ഇനി സത്യത്തിന്റെ വെളിച്ചം കടന്നുചെല്ലുമെന്നുള്ള നേരിയ വിശ്വാസത്തിന്റെ തുടിപ്പിലാണ് ജനങ്ങളിന്ന് ജീവിക്കുന്നത്. പഴയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുഴിച്ച് മൂടപ്പെട്ട സത്യങ്ങളെ അനാവരണം ചെയ്യാന്‍ ഒഞ്ചിയം സംഭവം ഒരു നിമിത്തമാകട്ടെ. രാഷ്ട്രീയമിന്ന് അധികാരത്തിന്റെ മഞ്ചലില്‍ രമിച്ച് ഏതു ജനദ്രോഹനടപടികളും ചെയ്യാമെന്നുള്ള നേതാക്കളുടെ വിശ്വാസം തകര്‍ക്കപ്പെടേണ്ടതുണ്ട്. എന്തു പറഞ്ഞും പറ്റിക്കപ്പെടാവുന്ന കേവലമൊരു ആള്‍ക്കൂട്ടമായി കേരളീയ സമൂഹം തുടര്‍ന്നാല്‍ കേരള മണ്ണില്‍ ഇനിയും കൊലപാതകക്കത്തികളുയരുന്നതിന് നാം സാക്ഷികളാകേണ്ടിവരുമെന്നതില്‍ സംശയിക്കേണ്ടതില്ല.
ചരിത്രപഥത്തിലെ അമ്പത്തൊന്ന് മുറിവുകള്‍ - ബിജോ ജോസ് ചെമ്മാന്ത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക