Image

ഫൊക്കാന ചലച്ചിത്ര മഹോത്സവത്തിന്‌ ഇനി ഒരാഴ്‌ച മാത്രം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 June, 2012
ഫൊക്കാന ചലച്ചിത്ര മഹോത്സവത്തിന്‌ ഇനി ഒരാഴ്‌ച മാത്രം
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന `ഫൊക്കാന ചലച്ചിത്ര മഹോത്സവത്തിന്‌' തിരി തെളിയാന്‍ ഇനി ഒരാഴ്‌ച മാത്രം.

ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയില്‍ സജ്ജമാക്കിയിട്ടുള്ള `അനന്തപുരി'യില്‍ മഹോത്സവത്തിന്റെ തിരശ്ശീല ഉയരുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കതൊരു നവ്യാനുഭവമായിരിക്കുമെന്ന്‌ ചലച്ചിത്ര മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ശബരീനാഥ്‌ അറിയിച്ചു.

രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ചലച്ചിത്ര മേളയില്‍ മത്സര വിഭാഗവും പ്രദര്‍ശന വിഭാഗവും ഉണ്ടായിരിക്കും. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തോടൊപ്പം, പ്രവാസി മലയാള ചലച്ചിത്രകാരന്മാരുടെ ഹ്രസ്വചിത്ര മത്സരവും അരങ്ങേറുമെന്ന്‌ ശബരീനാഥ്‌ അറിയിച്ചു.

യു.കെ., അയര്‍ലന്റ്‌, ഗള്‍ഫ്‌, ആസ്‌ട്രേലിയ, കാനഡ മുതലായ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാള ചലച്ചിത്രകാരന്മാരുടെ പങ്കാളിത്തം ചലച്ചിത്ര മേളയുടെ വന്‍ വിജയമാണെന്ന്‌ ഫൊക്കാന ചലച്ചിത്ര മഹോത്സവ കമ്മിറ്റി അംഗങ്ങളായ ജോണ്‍ ഐസക്‌, അനു ജോസഫ്‌, പ്രീതാ നമ്പ്യാര്‍, ഷഹി പ്രഭാകരന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ചരിത്രത്തിലെ പ്രഥമ സംരംഭമായ ഈ മേള പുതുതലമുറയിലുള്ള അമേരിക്കയിലെ മലയാളി യുവജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ പോലുള്ള വ്യത്യസ്ഥമായ പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌ ഫൊക്കാനയിലെ ദിശാബോധമുള്ള യുവാക്കളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന്‌ സനില്‍ ഗോപിനാഥ്‌, വിപിന്‍ രാജ്‌, വര്‍ഗീസ്‌ പാലമലയില്‍, ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു.

പൈതൃക കലകള്‍ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കാലത്തിനനുസൃതമായി അവ കാത്തുസൂക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും, അമേരിക്കന്‍ മലയാളികളുടെ അഭിരുചിക്കനുസരിച്ച്‌ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫൊക്കാന, അതിന്റെ ജൈത്രയാത്ര അഭംഗുരം തുടരുകയാണെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, മാത്യു കൊക്കൂറ, വര്‍ഗീസ്‌ ഉലഹന്നാന്‍, ഗണേഷ്‌ നായര്‍, ഷീലാ ചെറു, ജോസഫ്‌ കുരിയപ്പുറം എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ശബരീനാഥ്‌ നായര്‍ 516 244 9952. ഇ-മെയില്‍:fokanafilmfest@gmai.com
ഫൊക്കാന ചലച്ചിത്ര മഹോത്സവത്തിന്‌ ഇനി ഒരാഴ്‌ച മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക