Image

വി.എസിന്റെ ചോദ്യങ്ങളിലെ ശരി

Published on 20 June, 2012
വി.എസിന്റെ ചോദ്യങ്ങളിലെ ശരി
വി.എസിനെ ഒറ്റപ്പെടുത്തുമ്പോള്‍ സ്വപിഎം നേതൃത്വം മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്‌, അവര്‍ സ്വയം ഒറ്റപ്പെടുകയാണെന്ന്‌. ആ ഒറ്റപ്പെടല്‍ വരും നാളുകളില്‍ കേരളത്തിലെ സിപിഎം കൂടുതല്‍ കൂടുതലായി അനുഭവിക്കാന്‍ പോകുകയുമാണ്‌. സിപിഎം സംസ്ഥാന സമതിയില്‍ വി.എസിനെതിരെ മുഴങ്ങിയ ആക്രോശങ്ങളും കൊലവിളികളും തളര്‍ത്തുന്നത്‌ വി.എസിനെയല്ല മറിച്ച്‌ സി.പി.എമ്മിനെ തന്നെയാണ്‌.

ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷക്കും അപ്പുറം വി.എസ്‌ സംസ്ഥാന സമതിയില്‍ തനിക്കെതിരെയുള്ള നീക്കങ്ങളെ ചെറുക്കുകയും ഔദ്യോഗിക പക്ഷത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തിരിക്കുന്നത്‌ അദ്ദേഹത്തിന്‌ ഇപ്പോള്‍ എത്രത്തോളം ആത്മവിശ്വസവും കരുത്തുമുണ്ടെന്നത്‌ പ്രകടമാക്കുന്നു. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്‌ പിന്നില്‍ പാര്‍ട്ടിയല്ലെന്ന്‌ പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കില്ല എന്നു വരെ കടത്തി പറഞ്ഞിരിക്കുന്നത്‌ കേരളത്തിലെ പുതിയ രാഷ്‌ട്രീയ കാലാവസ്ഥയില്‍ വി.എസിന്റെ ആത്മവിശ്വാസം കൊണ്ടു തന്നെ. കേരളത്തിലെ സിപിഎമ്മിനെ ഒരു വലിയ ജനവിഭാഗം ഷൂക്കുര്‍, ടി.പി ചന്ദ്രശേഖരന്‍ എന്നിവരുടെ കൊലപാതകങ്ങളുടെ പേരില്‍ സംശയ ദൃഷ്‌ടിയോടെ നോക്കുമ്പോഴും, അല്ലെങ്കില്‍ സിപിഎം തന്നെയാണ്‌ ഈ കൊലപാതകങ്ങള്‍ ചെയ്‌തതെന്ന്‌ കാര്യകാരണ സഹിതം വിശ്വസിക്കുമ്പോഴും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ തന്റെ ജനപ്രീതിക്ക്‌ ഒരു കോട്ടവും സംഭവിക്കുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്‌ കാരണം.

ഇവിടെ പാര്‍ട്ടിയോട്‌ ജനങ്ങള്‍ക്കുള്ള അപ്രീതിയും തന്നോടുള്ള പ്രീതിയും വി.എസ്‌ മുതലെടുക്കുകയാണ്‌ എന്നൊരു ആക്ഷേപം ശക്തമാണ്‌. അതില്‍ ശരിയില്ലാതെയുമില്ല. നിലവിലെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മുതലെടുക്കുന്ന വി.എസിനെ തന്നെയാണ്‌ കേരള ജനത കണ്ടു കൊണ്ടിരിക്കുന്നത്‌. അതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഹിഡന്‍ അജണ്ടകളുണ്ട്‌ എന്നതും ശരിയാണ്‌. പക്ഷെ ജനപക്ഷത്തെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഈ കളിയില്‍ വി.എസ്‌ ശരി പറയുന്നുണ്ടോ എന്നതാണ്‌ ശ്രദ്ധയോടെ നോക്കേണ്ടത്‌. വി.എസിന്റെ ശരികള്‍ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റ്‌ സോഷ്യലിസ്റ്റ്‌ ആശയങ്ങളില്‍ അടിയുറപ്പിച്ചു നിര്‍ത്താന്‍ സഹായകമാകുന്നുണ്ടോ എന്നതാണ്‌ ചര്‍ച്ച ചെയ്യേണ്ടത്‌.

കഴിഞ്ഞ ദിവസം ആസൂത്രണ ബോര്‍ഡ്‌ മുന്‍ ഉപാധ്യക്ഷനും സോഷ്യലിസ്റ്റ്‌ ചിന്തകനുമായ പ്രഭാത്‌ പട്‌നായിക്‌ നടത്തിയ വിമര്‍ശനങ്ങളില്‍ എന്താണ്‌ ഇന്ന്‌ കേരളത്തിലെ സി.പി.എമ്മിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണ്‌. നാടുവാഴിത്ത സ്റ്റാലിനിസ്റ്റ്‌ മനോഭാവമാണ്‌ സി.പി.എമ്മിന്‌ ഇപ്പോഴുണ്ടായിരിക്കുന്നത്‌ എന്ന്‌ പ്രഭാത്‌ പട്‌നായിക്‌ വിമര്‍ശിക്കുന്നു. പ്രഭാത്‌ പട്‌നായികിന്റെ ഈ വിമര്‍ശനം കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ പലപ്പോഴായി ഇതിനു മുമ്പും തുറന്നു പറഞ്ഞിട്ടുള്ളതാണ്‌. ഈ നാടുവാഴീത്ത മനോഭാവം പൊതുജനമധ്യത്തില്‍ കാണുകയാണ്‌ ഇന്ന്‌ കേരളത്തിലെ ജനങ്ങള്‍.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടത്തിയ സി.പിഎം വിശദീകരണ യോഗത്തില്‍ ജയരാജന്‍മാരിലൊരാള്‍ പറഞ്ഞത്‌ പോലീസുകാര്‍ റെയ്‌ഡിനെത്തുമ്പോള്‍ മുളകുവെള്ളം ഉപയോഗിച്ച്‌ നേരിടണമെന്നാണ്‌. പാര്‍ട്ടിക്കെതിരെ തിരിഞ്ഞാല്‍ പാര്‍ട്ടി ഒരു തീപ്പന്തമാകുമെന്ന പിണറായി വിജയന്റെ വാക്കുകളും ഓര്‍മ്മിക്കുക. അല്ലെങ്കില്‍ തൊടുപുഴയിലെ എം.എം മണിയുടെ വിവാദ പ്രസഗം. അതിനു പിന്നാലെ പോലീസ്‌ ഓഫീസര്‍മാരുടെ പേരെടുത്ത്‌ പറഞ്ഞുകൊണ്ട്‌ ഭീഷണിപ്പെടുത്തിയ ഇളമരം കരീമിന്റെ കോഴിക്കോട്ടെ പ്രസഗം. ഇവിടെ ഈ നേതാക്കന്‍മാരുടെ വാക്കുകളിലെല്ലാം നിഴലിക്കുന്ന ഒന്നുണ്ട്‌. അത്‌ ഭീഷണിയുടെ സ്വരമാണ്‌.

നാടുവാഴിത്ത്വത്തിന്റെ അടിസ്ഥാന സ്വഭാവവും ഭീഷണിയുടേത്‌ തന്നെ. ഭീഷണിപ്പെടുത്തി തങ്ങളുടെ കൂട്ടത്തില്‍ പെടാത്തവരെ ഒതുക്കുക എന്നതാണ്‌ നാടുവാഴിത്ത്വത്തിലെ പ്രധാന തന്ത്രം. മറച്ചു പിടിക്കാന്‍ ഏറെയുള്ളപ്പോള്‍ സിപിഎം നേതൃത്വം മുഖം മറച്ചുവെച്ച്‌ ഭീഷണിപ്പെടുത്തുന്നതാണ്‌ ഇവിടെ കാണുന്നത്‌. തങ്ങള്‍ക്ക്‌ നേരെ വരാന്‍ മാധ്യമങ്ങളെ അനുവദിക്കുന്നില്ല. അതിനായി അവര്‍ക്കെതിരെ കോടതിയില്‍ കേസ്‌ കൊടുക്കുന്നു. അതല്ലെങ്കില്‍ അവരെ തല്ലിതോല്‍പ്പിക്കാന്‍ നോക്കുന്നു.

തങ്ങളുടെ ഇടങ്ങളിലേക്ക്‌ പോലീസിംഗ്‌ ഏജന്‍സികളെ കടന്നു വരാന്‍ അവര്‍ അനുവദിക്കുന്നില്ല. അഥവാ വന്നാല്‍ വരുന്ന പോലീസുകാരന്റെ കണ്ണില്‍ മുളകുവെള്ളം ഒഴിച്ചുകൊള്ളാന്‍ അണികളോട്‌ നിര്‍ദ്ദേശിക്കുന്നു. തങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പുറത്തു പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പോയാല്‍ അവനെ കൊന്നുകളയുന്നു. അത്യാന്തികമായി ഭരണകൂടത്തെ പോലും പ്രതിരോധിച്ച്‌ ഒരു സമാന്തര സിസ്റ്റമായി നിലനില്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നു. ഇവിടെയാണ്‌ സിപിഎമ്മിന്‌ ജനകീയമുഖം നഷ്‌ടമാകുന്നത്‌.

പാര്‍ട്ടിയെ ഒരു ഗ്രൂപ്പായി അല്ലെങ്കില്‍ നേതൃത്വം പറയുന്നത്‌ ശരിവെക്കുന്ന ഒരു കൂട്ടമായി നേതൃത്വവും അവരുടെ പാദസേവകരും നിശ്ചിക്കുകയാണിവിടെ. ഇതിനെതിരെ ശബ്‌ദമുയര്‍ന്നാല്‍ അച്ചടക്കത്തിന്റെ പേരു പറഞ്ഞ്‌ നിശബ്‌ദത സൃഷ്‌ടിക്കുന്നു. കൂട്ടത്തില്‍ നിന്ന്‌ തെറ്റിപ്പിരിയുന്നവരെ കൊല്ലുകയെന്നത്‌ കൂട്ടത്തെ നയിക്കുന്നവരുടെ നയമായി മാറുന്നു.

പിണറായി വിജയന്‍ കുലംകുത്തികള്‍ എന്ന്‌ വിളിക്കാത്തവര്‍ മാത്രമാണോ കമ്മ്യൂണിസ്റ്റുകളെന്നും അവര്‍ മാത്രമാണോ പാര്‍ട്ടിയില്‍ വേണ്ടെതെന്നും വി.എസ്‌ ചോദിക്കുന്ന ചോദ്യം ശരിയാകുന്നത്‌ ഇവിടെയാണ്‌. ഈ ചോദ്യത്തിന്‌ ഒരുപാട്‌ മാനങ്ങളുണ്ട്‌. പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതയാണ്‌ ഇവിടെ വി.എസിന്റെ ചോദ്യത്തിലൂടെ വെളിപ്പെടുന്നത്‌. എന്നാല്‍ വി.എസിന്‌ പുറത്താക്കിയില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്ന്‌ വാദിച്ചെടുക്കാനാണ്‌ ഔദ്യോഗിക പക്ഷം അല്ലെങ്കില്‍ ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കുന്നത്‌.

താന്‍ നിശബ്‌ദനായാല്‍ പാര്‍ട്ടി നന്നാകുമോ എന്നാണ്‌ ഇവിടെ വി.എസിന്റെ മറുചോദ്യം. ഒരുവശത്ത്‌ അച്ചടക്കത്തിന്റെ പേരു പറഞ്ഞ്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നിഷേധിച്ച്‌ നിശബ്‌ദത സൃഷ്‌ടിക്കുമ്പോള്‍ പാര്‍ട്ടി പോകുന്നത്‌ ശരിയായ ദിശയില്‍ തന്നെയാണോ എന്നാണ്‌ വി.എസിന്റെ ചോദ്യം. പാര്‍ട്ടിയുടെ പോക്ക്‌ ശരിയല്ല എന്ന്‌ ബഹുഭൂരിപക്ഷം ജനങ്ങളും പറയുന്നുണ്ട്‌ എന്ന്‌ വി.എസിന്‌ നന്നായി അറിയാം.

സമീപ ദിവസങ്ങളില്‍ വി.എസ്‌ ഉയര്‍ത്തിയ നിലപാടുകളോട്‌ പാര്‍ട്ടിക്കുള്ളിലും സംസ്ഥാന സമതിയിലും അനുകൂല താത്‌പര്യങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്‌. സംസ്ഥാന സമതിയില്‍ 25ഓളം പേര്‍ വി.എസിനോട്‌ മൃദു സമീപനം സ്വീകരിച്ചതും നിര്‍ജ്ജീവമായി നിന്ന വി.എസ്‌ പക്ഷം സജീവമായി വി.എസിന്‌ വേണ്ടി വാദിച്ചതും ഔദ്യോഗിക പക്ഷത്തെ അമ്പരപ്പിച്ചിട്ടുണ്ട്‌. സംസ്ഥാന നേതൃത്വത്തെ പുനസംഘടിപ്പിക്കണം എന്ന ആവിശ്യമാണ്‌ വി.എസ്‌ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്‌. എന്നാല്‍ വി.എസിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയില്‍ നില്‍ക്കുന്ന കേന്ദ്രനേതൃത്വം ഇതില്‍ ഇതില്‍ എത്രത്തോളം ഇടപെടുമെന്ന്‌ കണ്ടറിയണം. കുറഞ്ഞ പക്ഷം വി.എസിനെതിരെ ഒരു നടപടിയുമെടുക്കാന്‍ നേതൃത്വം തുനിയില്ല എന്നും കണക്കുകൂട്ടുന്നവരുണ്ട്‌. എന്തായാലും വി.എസ്‌ ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങളിലെ ശരികളെ വരും ദിവസങ്ങളില്‍ കൂടുതലായി സിപിഎം തിരിച്ചറിയുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ മാത്രമേ മാനവികത പേറേണ്ട പാര്‍ട്ടിയുടെ നാടുവാഴിത്ത്വത്തിലേക്കുള്ള ദിശതെറ്റല്‍ അവസാനിക്കുകയുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക