Image

റിയാദ്‌ കോഴിക്കോട്‌ സര്‍വീസ്‌ 25 മുതല്‍ സാധാരണ നിലയിലാകും

ഷക്കീബ്‌ കൊളക്കാടന്‍ Published on 21 June, 2012
റിയാദ്‌ കോഴിക്കോട്‌ സര്‍വീസ്‌ 25 മുതല്‍ സാധാരണ നിലയിലാകും
റിയാദ്‌: റിയാദ്‌ കോഴിക്കോട്‌ സര്‍വീസ്‌ ഈ മാസം 25 മുതല്‍ പുനരാരംഭിക്കുമെന്ന്‌ കേന്ദ്ര വ്യോമയാനമന്ത്രി അജിത്‌ സിംഗ്‌ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനെ അറിയിച്ചു. 24 വരെ താല്‍ക്കാലിക സര്‍വീസിനുള്ള സംവിധാനമുണ്ടാക്കും. റദ്ദാക്കപ്പെട്ട കേരള സെക്‌ടറിലേക്കുള്ള മറ്റു സര്‍വീസുകളും സാധാരണ നിലയിലാക്കുമെന്ന്‌ വ്യോമയാനമന്ത്രി മന്ത്രി അഹമ്മദിനെ അറിയിച്ചിട്ടുണ്ട്‌.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ നടത്തി വന്ന സമരത്തെ തുടര്‍ന്ന്‌ ഒന്നര മാസത്തിലധികമായി സര്‍വീസ്‌ നിര്‍ത്തി വെച്ചിരുന്ന റിയാദില്‍ നിന്ന്‌ കേരള സെക്‌ടറിലേക്കുള്ള സര്‍വീസ്‌ ഉടന്‍ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്‌ലിംലീഗ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ കൂടിയായ കേന്ദ്ര മന്ത്രി ഇ. അഹമ്മദിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ഉടനെയുള്ള ഈ തീരുമാനം. കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റിയുടെയും റിയാദ്‌ സെന്‍ട്രല്‍ കമ്മറ്റിയുടെയും നേതാക്കള്‍ എയറിന്ത്യാ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

സമരത്തെ തുടര്‍ന്ന്‌ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ റിയാദ്‌ കെ.?എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌, മനുഷ്യാവകാശ കമ്മീഷന്‍, വ്യോമയാനമന്ത്രി, മുഖ്യമന്ത്രി, വ്യവസായമന്ത്രി ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു എന്നിവര്‍ക്ക്‌ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഹ്രസ്വസന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയിരുന്ന മുസ്‌ലിംലീഗ്‌ നേതാക്കളും എംഎല്‍എമാരും പ്രശ്‌നത്തിന്റെ ഗൗരവം സംസ്ഥാന മുസ്‌ലിംലീഗ്‌ നേതാക്കളുമായി ചര്‍ച്ച ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം നിയമസഭയില്‍ മുസ്‌ലിംലീഗ്‌ നേതാവ്‌ അഡ്വ. കെ.എന്‍.എ. ഖാദര്‍ സബ്‌മിഷന്‍ ഉന്നയിക്കുകയും ചെയ്‌തു.

പ്രവാസികളുടെ അവധിക്കാലമായ ഈ സമയത്ത്‌ എയര്‍ ഇന്ത്യ സര്‍വീസ്‌ റദ്ദാക്കിയത്‌ കാരണം യാത്രക്കാര്‍ നെട്ടോട്ടമോടുകയായിരുന്നു. ടിക്കറ്റുകള്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ബുക്ക്‌ ചെയ്‌തവര്‍ എന്തുചെയ്യണമെന്നറിയാതെ കടുത്ത നിരാശയിലും പ്രതിസന്ധിയിലുമായി. സമരം മുതലെടുത്ത്‌ മറ്റു വിമാനക്കമ്പനികള്‍ ക്രമാതീതമായി ചാര്‍ജ്‌ വര്‍ധിപ്പിച്ച്‌ പ്രവാസികളെ ചൂഷണത്തിനിരയാക്കി. വന്‍തുക ഈടാക്കിയായിരുന്നു ഇവര്‍ ടിക്കറ്റ്‌ നല്‍കിയിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക