Image

ഇംഗ്ളണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍; യുക്രെയിന്‍ പുറത്ത്

Published on 19 June, 2012
ഇംഗ്ളണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറില്‍; യുക്രെയിന്‍ പുറത്ത്
ഡോണ്‍ടസ്ക്/ കീവ്: യൂറോ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന അവസാനഘട്ട ആവേശപോരാട്ടത്തില്‍ ആതിഥേയരായ യുക്രെയിനെ പരാജയപ്പെടുത്തി ഇംഗ്ളണ്ട് ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, മറ്റൊരു മത്സരത്തില്‍ സ്വീഡനോടു ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കീഴടങ്ങിയെങ്കിലും ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഇടംനേടി. മറ്റു രണ്ടു മത്സരങ്ങളിലും അടയറവുപറഞ്ഞ സ്വീഡന്‍ ഇന്ന് തീപാറുന്ന പ്രകടനം പുറത്തെടുത്തെങ്കിലും അത് അണയുന്നതിനു മുമ്പുള്ള ആളിക്കത്തലായി. ഗ്രൂപ്പില്‍ ഏഴു പോയിന്റുമായി ഇംഗ്ളണ്ടാണ് ചാമ്പ്യന്‍മാരായത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളില്‍ ഓരോ വിജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റ് നേടിയ ഫ്രാന്‍സിനെ ഭാഗ്യം തുണച്ചാണ് ക്വാര്‍ട്ടറില്‍ സ്ഥാനംപിടിച്ചത്. ഇതോടെ യൂറോ കപ്പിനു ആതിഥേയത്വമരുളുന്ന പോളണ്ടും യുക്രെയിനും ഗ്രൂപ്പ് പോരാട്ടത്തില്‍ തന്നെ പുറത്തായി. രണ്ടു മത്സരങ്ങളില്‍ വിലക്കിലായിരുന്ന ഇംഗ്ളണ്ടിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ വെയ്്ന്‍ റൂണി തിരിച്ചെത്തിയതോടെ ഇംഗ്ളണ്ട് ഇരട്ടി ശക്തിപ്രാപിച്ചു. യുക്രെയിനെതിരെ ഇംഗ്ളണ്ടിന്റെ വിജയഗോള്‍ നേടിയതും റൂണി തന്നെ. വലതു കോര്‍ണറില്‍ നിന്നു സ്റീവന്‍ ജറാള്‍ഡ് നല്‍കിയ ക്രോസ് റൂണി ഹെഡ് ചെയ്തു യുക്രെയിന്റെ ഗോള്‍വലയ്ക്കുള്ളിലാക്കി. 48-ാം മിനിറ്റിലായിരുന്നു റൂണിയുടെ വിജയഗോള്‍ പിറന്നത്. പന്തടക്കത്തില്‍ യുക്രെയിനാണ് മുന്നിട്ടുനിന്നതെങ്കിലും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്കു സമനില ഗോള്‍ നേടാനായില്ല. അതേസമയം, യൂറോയില്‍ നിന്നു തലകുനിച്ച് മടങ്ങാന്‍ സ്വീഡന്‍ തയാറല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഫ്രാന്‍സിനെതിരെ അവര്‍ നടത്തിയ പോരാട്ടം. ഫ്രാന്‍സിനു നാണക്കേടുണ്ടാക്കിയാണ് സ്വീഡന്‍ യൂറോയില്‍ നിന്നു പുറത്തുകടന്നത്. ഫ്രാന്‍സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് സ്വീഡന്‍ അട്ടിമറിച്ചത്. സ്ളത്താന്‍ ഇബ്രാഹിമോവിച്ച്(54), സെബാസ്റ്യന്‍ ലാര്‍സന്‍(90) എന്നിവരാണ് സ്വീഡിനു വേണ്ടി ഫ്രാന്‍സിന്റെ ഗോള്‍വല കുലുക്കിയത്. ഫ്രാന്‍സിന്റെ പ്രതിരോധനിരയെ നിഷ്പ്രഭരാക്കുന്നതായിരുന്നു സ്വീഡിഷ് താരങ്ങളുടെ മുന്നേറ്റം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക