Image

ക്രൂരം ക്രൂരം ക്രൂവല്‍ തീയേറ്റര്‍

ജയന്‍ വര്‍ഗീസ്‌ Published on 19 June, 2012
ക്രൂരം ക്രൂരം ക്രൂവല്‍ തീയേറ്റര്‍
കേരളത്തിലേ സാഹിത്യകാരന്മാര്‍ വരട്ടു കിഴവന്മാരാണെന്ന ചീഫ്‌ വിപ്പ്‌ ശ്രീ. പിസി ജോര്‍ജ്ജിന്റെ തുറന്നടിക്കല്‍ ശരിക്കും ഇഷ്‌ടപ്പെട്ടു. കഴിഞ്ഞ കാല്‍ ദശാബ്‌ദത്തിലേറെയായി പലരുടെയും വായില്‍ പറയാനാവാതെ വിതുമ്പി നിന്ന ഒരു സത്യം , അല്‍പം രാഷ്‌ട്രീയ പിരിയിളക്കംകൊണ്ടാണെങ്കില്‍ പോലും ശ്രീ. പി.സി. ജോര്‍ജ്ജ്‌ തുറന്നു പറഞ്ഞിരിക്കുന്നു.

950 കള്‍ മുതല്‍ -80കള്‍ വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ കലയും സാഹിത്യവും ജനതയെ സ്വാധീനിച്ചതിന്റെ സല്‍ഫലങ്ങള്‍ പൊതു ജീവിതത്തില്‍ വിളഞ്ഞു നിന്നിരുന്നതായി നമുക്ക്‌ കാണാം . കൊട്ടാരക്കെട്ടുകളിലെ തമ്പുരാട്ടിമാരുടെയും അവരുടെ തോഴിമാരുടെയും അംഗവടിവ്‌ `ശ്ശീ' ആസ്വദിച്ചുകൊണ്ടും കടവായിലൂടെ ഊര്‍ന്നിറങ്ങിയ മുറുക്കാന്‍ തുപ്പന്ന ചുണ്ടാണി- നടുവിരലുകള്‍ ചുണ്ടില്‍ ചേര്‍ത്തുവച്ച്‌ നീട്ടിത്തുപ്പിയും നമ്മുടെ മാടമ്പിക്കവികള്‍ നീട്ടിപ്പാടിയ രാജസ്‌തുതി കവിതകള്‍ക്ക്‌ ശേഷം, മലയപ്പുലയന്റെ മഹാവേദനയുടെയും സാഹചര്യങ്ങളുടെ സ്വാധീനത്താല്‍ തറവാട്ടു കസേരയില്‍ നിന്ന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക്‌ എടുത്തു ചാടേണ്ടി വന്ന കാരണവന്മാരുടെയും കരുത്തുറ്റ കഥകള്‍ പുറത്ത്‌ വരുന്നതും അവകളെ വാരിപ്പുണര്‍ന്ന്‌ ജനങ്ങള്‍ നെഞ്ചിലേറ്റിയതും അക്കാലത്തായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ കരുത്തേകിയ ഊര്‍ജ്ജം പകര്‍ന്ന അത്തരം കലാസൃഷ്‌ടികള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ സല്‍ഫലങ്ങളായിരുന്നു, ശാന്തവും സ്വച്ഛന്ദവും സമാധാനപൂര്‍ണ്ണവുമായിരുന്ന കേരളീയ ഗ്രാമീണതകളുടെ - പ്രവാസി മലയാളികള്‍ ഇന്നും വല്ലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടിയോര്‍ക്കുന്ന ഗ്രുഹാതുരത്വത്തിന്റെ ആ വിലപ്പെട്ട വളപ്പൊട്ടുകള്‍.

അന്നു കേരളത്തിന്റെ മുക്കിലും മൂലയിലും മുളച്ചു പൊന്തിയ വായനശാലകളും ആര്‍ട്‌സ്‌ ക്ലബുകളും, അവയില്‍ ഒത്തുകൂടിയ രക്തത്തിളപ്പുള്ള യുവാക്കള്‍ അവതരിപ്പിച്ച അമേച്വര്‍ നാടകങ്ങള്‍. ആശയ വികരണങ്ങളുടെ വിസ്‌ഫോടനം സാധിച്ചെടുത്ത അത്തരം വേദികള്‍ തന്നെയായിരുന്നു.

പ്രൊഫഷണല്‍ കലാകാരന്മാരും പ്രസ്ഥാനങ്ങളും ഇതേ കാലത്ത്‌ തന്നെ സജീവമായിരുന്നതും നമുക്കറിയാം. കെ.പി.എ.സിയും ഗീഥയും പോലുള്ള നാടക സംഘങ്ങള്‍, സാംബശിവനും, സദാനന്ദനും പോലുള്ള കഥാപ്രസംഗകര്‍. എന്തായിരുന്നു അവരുടെ ഒരു കരുത്ത്‌. ആശയവിസ്‌ഫോടനങ്ങളുടെ അഗ്നിജ്വാലകള്‍ കേരളീയ മനസ്സുകളില്‍ ഉജ്ജ്വലിച്ചു നിന്നു. ചെമ്മീനും സ്വയംവരവും പോലുള്ള സിനിമകള്‍, ഓടക്കുഴലും ദേശത്തിന്റെ കഥയും പോലുള്ള രചനകള്‍, ഖസാക്കും മയ്യഴിപ്പുഴയും ഉണര്‍ത്തിയ മധുര നൊമ്പരങ്ങള്‍ .

എല്ലാം പോയി.. മലയാള മനസ്സുകളില്‍ മഹാവൃക്ഷം പോലെ പടര്‍ന്നു നിന്ന ഈ സാംസ്‌കാരിക പൈതൃകത്തിന്റെ കടക്കല്‍ കത്തിവെച്ചവരെ എണ്ണിപ്പറയുമ്പോള്‍ മഹാന്മാരെന്ന്‌ സമൂഹം വിളിക്കുന്ന ചിലരെങ്കിലും പ്രതിക്കൂട്ടിലായിപ്പോകും. എങ്കിലും സ്വര്‍ണ്ണത്തളികക്കടിയിലെ ഈ സത്യങ്ങളെ തുറന്നു വിട്ടില്ലെങ്കില്‍ ചീഫ്‌ വിപ്പ്‌ ചൂണ്ടിക്കാട്ടുന്ന വരട്ട്‌ മുരട്ട്‌ കിഴവന്‍ സംഘത്തില്‍ ഞാനും പോയേക്കുമോ എന്ന ഭയത്താല്‍ത്തന്നെ ഞാനാ സാഹസത്തിനു മുതിരുകയാണ്‌ .
എഴുപതുകളിലും എണ്‍പതുകളി ലുമായി തിരുവനന്തപുരത്തും തൃശൂരുമായി രൂപപ്പെട്ട ഒരു അക്കാദമിക്‌ അച്ചുതണ്ടാണ്‌ മലയാള നാടകവേദിയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്‌ കുഴിതോണ്ടിയത്‌ എന്നത്‌ വേദനയോടെ ഇവിടെ പ്രസ്‌താവിച്ചു കൊള്ളട്ടെ.

ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, നരേന്ദ്രപ്രസാദ്‌, വയലാ വാസുദേവന്‍ പിള്ള മുതലായവര്‍ നേതൃത്വം നല്‍കിയ തനത്‌ നാടക വേദി പ്രസ്ഥാനമായിരുന്നു അത്‌. സര്‍ക്കാര്‍ ഖജനാവിലെ പണം കൈപ്പറ്റിക്കൊണ്ട്‌ കാലാന്തരങ്ങളെലെന്നോ രമിച്ചു മണ്ണടിഞ്ഞ തനത്‌ കലാ രൂപങ്ങളുടെ അളിഞ്ഞ പ്രേതങ്ങളെ തോന്നി പുറത്തെടുത്ത്‌ ഇവര്‍ അതുവരെ സജീവമായിരുന്ന മലയാള നാടകവേദിയില്‍ പ്രതിഷ്‌ഠിച്ചു . ചരിത്രപരവും സാംസ്‌കാരികവുമായ അതിന്റെ അനന്ത സാദ്ധ്യതകളെക്കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചു. ആകാശവാണിയും ദൂരദര്‍ശനും അച്ചടി മാദ്ധ്യമങ്ങളും അവര്‍ക്ക്‌ വേണ്ടി ഉറക്കെ ഉറക്കെകുരച്ചു. ഈ പ്രസ്ഥാനം ലോക നാടകവേദിയെവരെ കീഴടക്കിക്കളയും എന്ന ഒരു ധാരണ അവര്‍ സൃഷ്‌ടിച്ചു.

ഒരു പുല്ലും സംഭവിച്ചില്ല. രംഗഭാഷ വലിഞ്ഞു മുറുകി സംഘര്‍ഷഭരിതമാവേണ്ട നാടക വേദിയില്‍ പ്രത്യക്ഷപ്പെട്ട ഈ അളിഞ്ഞ ശവങ്ങളുടെ നാറ്റം സഹിക്കാനാവാതെ പ്രേഷകന്‍ മൂക്കുംപൊത്തി ഇറങ്ങിപ്പോയി. നല്ല നാടക രചകള്‍ അവസാനിച്ചു . അമച്വര്‍ ആര്‍ട്‌സ്‌ വീണുടിഞ്ഞു. പ്രൊഫഷണലുകള്‍ക്ക്‌ കരുത്തേകി നിന്ന ഫൈന്‍ ആര്‍ട്‌സ്‌ സൊസ്സൈറ്റികള്‍ അടച്ചു പൂട്ടി. അവരുടെ ഓഡിറ്റോറിയങ്ങള്‍ കല്യാണ മണ്ഡപകങ്ങളും കച്ചവട സ്ഥാപനങ്ങളുമായി രൂപം മാറി.

ഈ സന്ദര്‍ഭത്തിലാണ്‌ ബഹു മാന്യപ്പെട്ട ശ്രീ ഹാബേല്‍ അച്ചന്റെ രംഗപ്രവേശം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ലാഘവത്തോടെ കുറെ മിമിക്രി ഇളിപ്പുകാരെ അദ്ദേഹം രംഗത്തിറക്കി. എറണാകുളം നോര്‍ത്തിലെ കലാഭവന്‍ കോംപ്ലക്‌സില്‍ പരിശീലനവും, അമ്പലപ്പറമ്പ്‌ മുതല്‍ അടിപൊളി കല്യാണ പന്തലുകളില്‍ വരെ അവതരണവുമായി അവര്‍ വളര്‍ന്നു .

മറ്റുള്ളവന്റെ കുറ്റം കാണുവാനുള്ള മനുഷ്യന്റെ ജന്മവാസനയാണ്‌ ഇവര്‍ മുതലാക്കിയത്‌. സെലിബ്രിറ്റികളെ തെറിവിളിച്ചുകൊണ്ട്‌ (ചാനല്‍ ഭാഷയില്‍ പ്രമോട്ട്‌ ചെയ്യല്‍) ഇവര്‍ അരങ്ങിലെത്തിച്ച വളിപ്പുകള്‍ക്ക്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചത്‌. മറ്റുള്ളവരെ പുച്ഛിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസനക്ക്‌ ഒരു വമ്പന്‍ ഓപ്പണിംഗ്‌ ആണ്‌ ഇവര്‍ തുറന്നുവിട്ടത്‌ . സ്വാഭാവികമായും അത്‌ ഓരോരുത്തരുടെയും അന്തര്‍ വാസനയെ ഫുള്‍ഫില്‍ ചെയ്‌തു. ഇന്ന്‌ ഇവരില്ലാതെ കലക്ക്‌ നിലനില്‍പില്ല എന്ന നില വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക യാഗാശ്വത്തെ പിന്നോട്ട്‌ നടത്തുകയാണ്‌ ഉണ്ടായത്‌. മൂല്യാധിഷ്‌ഠിതവും പുരോഗമനാത്മകവുമായ സാമൂഹ്യ വളര്‍ച്ചയാണ്‌ കലാരുപങ്ങള്‍ ലക്ഷ്യം വെയ്‌ക്കേണ്ടതെങ്കില്‍ ഇളിപ്പന്‍ കലാരൂപങ്ങള്‍ ജനതയെ ഇതില്‍ നിന്നും പിന്നോട്ടടിച്ചു. ജീവിതം ഇളിക്കാനുള്ളതാണ്‌ , ഇളിച്ചുകൊണ്ടേയിരിക്കുക എന്ന ജീവല്‍ ദര്‍ശനം ഉള്‍ക്കൊണ്ട മലയാളി സമൂഹം അതിനുള്ള റിസോഴ്‌സുകള്‍ തേടി കഴിഞ്ഞ രണ്ടു മൂന്നു ദശകങ്ങളില്‍ നടത്തിയ ഭ്രാന്തമായ പ്രയാണത്തിന്റെ അനന്തര ഫലങ്ങളാണ്‌, ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കി മാറ്റിയ ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക തകര്‍ച്ചയെന്ന ദുരവസ്ഥ.

ഫലമോ ? കുതിരക്കച്ചവടവുമായി അധികാര കസേരകളില്‍ അട്ടയെപ്പോലെ കടിച്ചു തൂങ്ങുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ . അന്യന്റെ സ്വത്തിന്മേല്‍ അവകാശം സ്ഥാപിച്ച്‌ കമ്മീഷന്‍ പറ്റുന്ന മാഫിയകള്‍, ആരെയും വെട്ടി നുറുക്കാന്‍ തയ്യാറായി കൊലയാളി സംഘങ്ങള്‍. മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടാത്ത പീഡനവീരന്മാര്‍, സെക്‌സും വയലന്‍സും മാര്‍ക്കറ്റ്‌ ചെയ്‌തു സമ്പാദിക്കുന്ന സിനി സ്‌ക്രീനും, മിനി സ്‌ക്രീനും. വന്‍ തോതില്‍ കൊള്ളയടിക്കപ്പെട്ട പാരിസ്‌തിതിക രക്ഷാകവചങ്ങള്‍, തരിശുകളാക്കി ഉപേക്ഷിക്കപ്പെട്ട കൃഷിഭൂമികള്‍ , ഓടകളിലെ മലിന ജലം കുടിവെള്ളമാക്കി വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍.

ജീവിതത്തിന്റെ സീരിയസ്‌നസ്‌ കൈമോശം വന്ന ഒരു ജനതക്ക്‌ സംഭവിച്ച ദുരന്തങ്ങളാണ്‌ മേല്‍ പറഞ്ഞത്‌. അതിന്‌ വഴിവെച്ചതാവട്ടെ ലക്ഷ്യബോധമില്ലാത്ത കലാകാരന്മാരെ ഉള്‍ക്കൊള്ളാന്‍ വിധിക്കപ്പെട്ട കുത്തഴിഞ്ഞ സാംസ്‌കാരിക രംഗവും.

ഏതൊരു കലാകാരനും ഒരു നായകനാണ്‌. കലയിലൂടെ അവന്‌ പ്രസിരിപ്പിക്കുന്ന വെളിച്ചം ഏറ്റുവാങ്ങാന്‍ വെമ്പി നില്‍ക്കുകയാണ്‌ അവന്റെ ആസ്വാദകര്‍. അതുകൊണ്ട്‌ തന്നെ ഏതൊരു കലാകാരനും താന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനോട്‌ ഒരുത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ട്‌്‌. രാവിലെ സ്വര്‍ണ്ണമാഫിയകള്‍ക്ക്‌ വേണ്ടി തന്റെ ആരാധകനെ കുട്ടിക്കൊടുക്കുന്ന ഇവര്‍ തന്നെ വൈകിട്ട്‌ പണ്ടം പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന അവരെത്തന്നെ വീണ്ടും കൂട്ടിക്കൊടുക്കുന്നു.

മാനാഞ്ചിറയുടെ രാത്രിയോരത്ത്‌ മലബാറില്‍ നിന്നെത്തുന്ന മാംസ പുഷ്‌പങ്ങളെ ഇടപാടുകാര്‍ക്ക്‌ കൂട്ടിക്കൊടുക്കുന്ന കോഴിക്കോടന്‍ പിമ്പുകളും ഇവരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളതെന്ന്‌ മനസ്സിലാവുന്നില്ല.

ഇതിനൊരു മാറ്റം വേണം. നാടിനെ നശിപ്പിച്ച കപട സാംസ്‌കാരിക പ്രവര്‍ത്തകര്‍ തന്നെ (പി.സിയുടെ വാക്കുകളിലെ വരട്ടു കിഴവന്മാര്‍) ഈ മാറ്റം കൊണ്ടുവരണം. തങ്ങള്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനങ്ങള്‍, അത്‌ കലയോ സാഹിത്യമോ സിനിമയോ എന്തുമാവട്ടെ, അത്‌ ജനതയുടെ ഹൃദയത്തില്‍ ഒരു തിരി വെട്ടമാവണം എന്ന്‌ ഓരോ കലാകാരനും ഉറപ്പ്‌ വരുത്തണം. ആ ഉറപ്പുണ്ടെങ്കില്‍ മാത്രമേ അതില്‍ പങ്കെടുക്കാവൂ. താന്‍ മുന്നോട്ട്‌ വയ്‌ക്കുന്ന ആശയങ്ങള്‍ സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചു കാണിച്ചുകൊടുത്തുകൊണ്ടുകൂടി വേണം ഇതു നടപ്പാക്കുവാന്‍ ഇതു പറയുന്നത്‌ സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനെ ഉദ്ദേശിച്ചാണ്‌. അല്ലാതെ അവസരങ്ങള്‍ക്ക്‌ വേണ്ടി ഏത്‌ എച്ചിയുടെയും കാലുനക്കുകയും അവസരം കിട്ടുമ്പോള്‍ വേലക്കാരിയുടെ മുറിയില്‍ ഒളിഞ്ഞു നോക്കുകയും ചെയ്യുന്ന ഷണ്ഡ സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളായ പുത്തന്‍ `ഖലാഹാരന്മാരെ കുറിച്ചല്ല'.

ജനങ്ങള്‍ സത്യം തിരിച്ചറിയുക തന്നെ ചെയ്യും. അതെല്ലാം സാവധാനത്തില്‍ ആയിരിക്കു മെന്നേയുള്ളു. ഇപ്പോള്‍ തന്നെ അതുകണ്ടു തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞലക്കത്തില്‍ മലയാളം പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത തന്നെ ഉത്തമ ഉദാഹരണമാണ്‌ . അമേരിക്കയില്‍ എത്തിപ്പെടുന്ന സ്റ്റേജ്‌ ഷോ സംഘങ്ങള്‍ക്ക്‌ വേദികള്‍കിട്ടുന്നില്ലത്രെ. സ്‌പോണ്‍സര്‍മാര്‍ കണ്ണീരും കയ്യുമായി കരയുകയാണത്രെ. കിടക്കാന്‍ ഇടവും കഴിക്കാന്‍ കഴിക്കാന്‍ കഞ്ഞിയും കിട്ടിയാല്‍ മതി, തങ്ങള്‍ കളിച്ചിട്ട്‌ പോകാം എന്നുവരെ കെഞ്ചുകയാണത്രെ കോമഡി രാജാക്കന്മാര്‍.

വല്ലപ്പോഴും ഒരു പള്ളിപ്പരിപാടി കിട്ടിയാല്‍ അത്രയുമായി. അതുതന്നെ കാണാനാളില്ല. പള്ളിക്കാര്‍ പിഴിഞ്ഞ്‌ പിരിച്ച്‌ കെട്ടി വലിച്ചുകൊണ്ടുവരുന്ന കുറേ യൂസ്‌ഡ്‌ വെഹിക്കിള്‍സ്‌. അവര്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നാണ്‌ പെര്‍ഫോമന്‍സ്‌, തൈക്കിളവികള്‍ക്കും അതു രസം. കൂടെ വന്ന മുഴുത്ത മത്താപ്പൂക്കള്‍ ലിംഗസ്ഥാന ചടുലചലന നൃത്തം അവതരിപ്പിക്കുമ്പോള്‍ വട്ട്‌ പിടിച്ച കുറെ കൂളിപ്പിള്ളേരും കൂടെയാടുന്നു.

മാറ്റം അനിവാര്യമായിരിക്കുന്നു. വീണ്ടും ചില വീട്ടുകാര്യ.ങ്ങളില്‍ തിലകന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ്‌ ഓര്‍മ്മവരുന്നു.

*തേനുള്ള പൂക്കളെ തേടി വണ്ടുകള്‍ പറന്നുവരും' അല്ലാതെ പൂക്കള്‍ വണ്ടുകളുടെ വീട്ടുവാതില്‍ക്കല്‍ ചെന്ന്‌ `തേന്‍ വില്‍ക്കാനുണ്ടേ, തേന്‍' എന്ന്‌ വിളിച്ചുകൂവുകയല്ല വേണ്ടത്‌.

ഏതൊരു കലാരൂപത്തിനു പിന്നിലും ഒരു കലാകാരനുണ്ട്‌. അവന്റെ മനസ്സാണ്‌ അതില്‍ വിരിയുന്നത്‌. സിനിമയും, ചാനലുകളും മാത്രമല്ലാ, സാഹിത്യത്തിലും സംഗീതത്തിലും ചിത്രകലയിലും ശില്‍പ രചനയിലും ലക്ഷ്യബോധമുള്ള വിപ്ലവകാരികളായ കലാകാരന്മാര്‍ ഉണ്ടാവണം. അവര്‍ക്കു മാത്രമെ ധാര്‍മ്മികവും സാമൂഹികവുമായി തകര്‍ന്ന്‌, രോഗങ്ങളിലും ദുരിതങ്ങളിലും അമര്‍ന്ന്‌ ഇനിയെന്ത്‌ എന്ന വന്‍ ചോദ്യത്തിന്‌ മുന്നില്‍ വിറയലോടെ പകച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തെ രക്ഷിച്ചെ ടുക്കുവാന്‍ കഴിയൂ. ഒരിക്കല്‍ നിറനിലവിളക്ക്‌ പോലെ തെളിഞ്ഞു കത്തിയിരുന്ന മലയാളത്തനിമയുടെ നാശമറിയാത്ത നന്മയിലേക്ക്‌..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക