Image

ബാച്ചിലര്‍ പാര്‍ട്ടി

Published on 19 June, 2012
ബാച്ചിലര്‍ പാര്‍ട്ടി
ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്, കലാഭവന്‍ മണി, വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനംചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി തിയേറ്ററിലെത്തുകയാണ്. അവതരണത്തിലും പ്രമേയത്തിലും പുത്തന്‍ ദൃശ്യഭംഗി ചാലിച്ചെടുത്ത ബിഗ്ബി, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം അമല്‍ നീരദ് ഒരുക്കുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ നിത്യാ മേനോന്‍, പത്മപ്രിയ, രമ്യാ നമ്പീശന്‍, ലെന തുടങ്ങിയവരും അഭിനയിക്കുന്നു.

സമ്പത്ത്, ആശിഷ് വിദ്യാര്‍ഥി, ജിനു ജോസഫ്, കൊച്ചുപ്രേമന്‍ എന്നിവര്‍ക്കൊപ്പം പൃഥ്വിരാജ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സ്‌നേഹത്തിനുവേണ്ടി ഹൃദയംപോലും പങ്കിടാന്‍ ഏതു നിമിഷവും തയാറായി നില്‍ക്കുന്ന അഞ്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. ടോണി, ബെന്നി, ഗീവര്‍, അയ്യപ്പന്‍, ഫക്കീര്‍. ഒരു നഗരത്തില്‍ ജനിച്ച് പഠിച്ച് വളര്‍ന്നവര്‍. മുതിര്‍ന്നപ്പോള്‍ ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് തിരിച്ചറിഞ്ഞ് അതനുസരിച്ച് മുന്നോട്ടുനീങ്ങുന്ന അഞ്ചംഗ സംഘം. ഒന്നിലും ഉറച്ചുനില്‍ക്കാതെ കിട്ടുന്ന ഏതു ജോലിയും ചെയ്യാന്‍ മടിയില്ലാത്തവര്‍.

ഒരുനാള്‍ ബെന്നിയും ഗീവറും പുതിയ ജീവിതം തേടി കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ ടോണിയും അയ്യപ്പനും ഫക്കീറും കൊച്ചി നഗരത്തില്‍തന്നെ ഉറച്ചുനിന്നു. 

ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുന്ന ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മറ്റു വഴികളിലൂടെ സഞ്ചരിക്കാന്‍ ഇടയാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മു ഹൂര്‍ത്തങ്ങളാണ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ അമല്‍ നീരദ് ഒരുക്കുന്നത്.

ഇതിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഏറെ വ്യക്തിത്വവും അഭിനയപ്രാധാന്യവും ഉള്ളതിനാല്‍ പതവുവേഷങ്ങളില്‍നിന്ന് വ്യതിചലിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ആരെയും വശീകരിക്കുന്ന തരത്തില്‍ പത്മപ്രിയ ഐറ്റം ഡാന്‍സില്‍ ആടിപ്പാടുമ്പോള്‍ റഹ്മാന്‍ നരച്ച താടിയുമായി പുതു ഗെറ്റപ്പില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നു. എല്ലാവര്‍ക്കും മുന്‍വിധികളില്ലാത്ത കഥാപാത്രങ്ങളിലൂടെ അഭിനയ പാടവം പ്രകടമാക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ്, ജയസൂര്യ വി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ഉണ്ണി ആര്‍, സന്തോഷ് എച്ചിക്കാനം എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

അമല്‍ നീരദ് തന്നെയാണ് കാമറാമാന്‍. ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച അവതരണരീതിയാണ് ഈ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് രാഹുല്‍ രാജ് ആണ്.

ഒരു മള്‍ട്ടിസ്റ്റാര്‍ വിശേഷണവുമായി യൗവ്വനത്തിന്റെ പുതുപ്രസരിപ്പില്‍ ഒരുക്കിയ ബാച്ചിലര്‍ പാര്‍ട്ടി എ.എന്‍.പി റിലീസ് തിയേറ്ററിലെത്തിക്കുന്നു.

കല- പ്രതാപ് ആര്‍, മേക്കപ്- മനോജ്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍സ്- പോള്‍ ബത്തേരി, പരസ്യകല- ഓള്‍ഡ് മങ്ക്, എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, പ്രമോ സ്റ്റില്‍സ്- ഷഹീന്‍ താഹ, സൗണ്ട് ഡിസൈനര്‍- തപസ് നായക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഷാന്ത്, അസോസിയേറ്റ് ഡയറക്ടര്‍- സുദീപ് ജോഷി, സംവിധാന സഹായികള്‍- കപില്‍ ചാഴൂര്‍, റിയാസ് പി.എം, ശ്യാം ശശി, ജോമല്‍ ജോഷി, ജിഷ്ണു ജ്യോതി, പ്രൊഡ. എക്‌സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളികുന്ന്, പ്രജീഷ് രാജ്, പ്രൊഡ. കണ്‍ട്രോളര്‍- ശ്രീകുമാര്‍ എ.ഡി.

ബാച്ചിലര്‍ പാര്‍ട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക