Image

മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞു തട്ടിപ്പ്; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

Published on 19 June, 2012
മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞു തട്ടിപ്പ്; രണ്ടു യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: മുഖ്യമന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പു നടത്തിയ രണ്ടു പേര്‍ കോട്ടയത്ത് പിടിയിലായി. മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം രൂപയുടെ അഡ്വാന്‍സ് തുക വാങ്ങുന്നതിനിടെ ഒരു ഹോട്ടലില്‍ വച്ചാണ് തട്ടിപ്പുകാര്‍ പിടിയിലായത്. 

പനച്ചിക്കാട് സ്വദേശി സുനില്‍ തോമസ് എന്ന കെ.ജെ.തോമസ്, അമയന്നൂര്‍ സ്വദേശി ബിജുമോന്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി സി.രാജഗോപാലിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് വെസ്റ്റ് എസ്‌ഐ ടോമി സെബാസ്റ്റ്യനാണ് ഇവരെ കുടുക്കിയത്. പിടിയിലായ സുനില്‍ തോമസ് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബിജുമോന്‍ കുമരകത്തെ ഒരു ഹോട്ടലില്‍ അലക്കുജോലിയുടെ മേല്‍നോട്ടം വഹിക്കുന്നയാളാണ്. നേരത്തേ ഇയാള്‍ ഡ്രൈക്ലീനിംഗ് സ്ഥാപനം നടത്തിയിരുന്നു. അമ്പലപ്പുഴ സ്വദേശിക്ക് മില്‍മയില്‍ സ്ഥിര നിയമനം തരപ്പെടുത്തി കൊടുക്കുന്നതിന് നാല് ലക്ഷം രൂപയാണ് ഇരുവരും കൈക്കൂലിയായി ആവശ്യപ്പെട്ടത്. 

അഡ്വാന്‍സായി അന്‍പതിനായിരം രൂപ നല്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് ഇന്നുച്ചയോടെ നഗരത്തിലെ ഒരു ഹോട്ടലില്‍ എത്താനാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമ്പലപ്പുഴ സ്വദേശിക്ക് സംശയം തോന്നിയതിനാല്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഹോട്ടലില്‍ മൂവരും എത്തിയ സമയത്ത് പോലീസ് എത്തി പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ പേഴ്‌സണണല്‍ സ്റ്റാഫുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക