Image

ജീവിക്കാന്‍ അനുവദിക്കണം; അല്ലെങ്കില്‍ വെടിവച്ചു കൊല്ലണം: തടിയന്റവിട നസീറിന്റെ പിതാവ്

Published on 19 June, 2012
ജീവിക്കാന്‍ അനുവദിക്കണം; അല്ലെങ്കില്‍ വെടിവച്ചു കൊല്ലണം: തടിയന്റവിട നസീറിന്റെ പിതാവ്
കണ്ണൂര്‍: തീവ്രവാദ കേസുകളിലെ പ്രതിയായ തടിയന്റവിട നസീറിന്റെ കുടുംബത്തില്‍പ്പെട്ടെന്ന കാരണത്താല്‍ ജീവിക്കാന്‍ അനുവദിക്കില്ലെങ്കില്‍ തങ്ങളെ വെടിവച്ചു കൊല്ലണമെന്നു പിതാവ് അബ്ദുല്‍ മജീദ്.

നസീറിന്റെ കുടുംബത്തെ മുഴുവന്‍ പൊലീസ് വേട്ടയാടുകയാണ്. നസീറിന്റെ സഹോദരന്‍ ഷമീമും സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു ടൗണ്‍, സിറ്റി പൊലീസ് സ്‌റ്റേഷനുകളില്‍ കേസുണ്ടായിരുന്നെങ്കിലും കോടതിയുടെ അനുവാദത്തോടെ ഷമീം വിദേശത്തു ജോലിക്കായി പോയി. ഇതിനിടെ, സുഹൃത്തുക്കളുമായി കേസ് ഒത്തുതീര്‍പ്പാക്കിയതിനാല്‍ കോടതി ഷമീമിനെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍, വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയാണു ഷമീം വിദേശത്തേക്കു കടന്നതായി ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.

കഴിഞ്ഞ നവംബറില്‍ നഗരത്തിലെ ലോഡ്ജില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ കേസിലും ഷമീമിനെ പൊലീസ് പ്രതിയാക്കി. ഷമീമിനു കവര്‍ച്ചയില്‍ പങ്കില്ലെന്നു പരാതിക്കാരന്‍ പറഞ്ഞിട്ടും നസീറിന്റെ സഹോദരനെ വെറുതെ വിടാന്‍ കഴിയില്ലെന്നായിരുന്നു കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

രാജ്യത്തെ ഒറ്റുകൊടുക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നസീര്‍ ചെയ്തിട്ടുണ്ടെങ്കില്‍ കോടതി ശിക്ഷിക്കണം. എന്നാല്‍, ഇതിന്റെ മറവില്‍ കുടുംബാംഗങ്ങളെ തീവ്രവാദികളാക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരെ സേനയില്‍ നിന്നു മാറ്റണം. തീവ്രവാദ കേസുകളില്‍ പ്രതിയായ ഷമീമിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നു ആഭ്യന്തരമന്ത്രി നിയമസഭയില്‍ പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചില പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണു പ്രസ്താവന.  ഗുജറാത്ത് മോഡല്‍ വ്യാജ തീവ്രവാദ കേസുകള്‍ ഇവിടെ ചമയ്ക്കുകയാണ്. -അബ്ദുല്‍ മജീദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക