Image

ദുബായ് മാതൃകയില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കും- മന്ത്രി അബ്ദുറബ്ബ്

Published on 19 June, 2012
ദുബായ് മാതൃകയില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കും- മന്ത്രി അബ്ദുറബ്ബ്
കോഴിക്കോട്: ദുബായ് മാതൃകയില്‍ കേരളത്തില്‍ അക്കാദമിക് സിറ്റി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. എം.ഇ.എസ്. ജില്ലാകമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹനപക്ഷാചരണ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കോഴിക്കോട്ട് ഡോ. പി.കെ. ഗഫൂര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ ഏതുഭാഗത്തേക്കും തൊഴിലന്വേഷിച്ച് പോകുന്നവര്‍ക്ക് ഏറ്റവുംമികച്ച യോഗ്യതകള്‍ ഉറപ്പാക്കുന്ന വിധത്തിലുള്ളതാവും അക്കാദമിക്‌സിറ്റിയെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ വിദ്യാഭ്യാസവകുപ്പിലെയും ആസൂത്രണബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ അടുത്തമാസം ദുബായ് സന്ദര്‍ശിക്കും. മികച്ച വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസരംഗത്തെ കുത്തഴിഞ്ഞ അവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എം.ഇ.എസ്. പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് വി.പി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. സംസ്ഥാനത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് രണ്ടാംറാങ്ക് നേടിയ വിഷ്ണുപ്രസാദിനും ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ സാലിഹ തഹ്‌സിക്കും പി.ടി.എ. റഹീം എം.എല്‍.എ. അവാര്‍ഡ് വിതരണംചെയ്തു. എ.പ്രദീപ്കുമാര്‍ എം.എല്‍.എ., എം.സി. മായിന്‍ഹാജി, ഡോ. എം.എ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് പ്രൊഫ. പി.ഒ.ജെ. ലബ്ബയും എ വണ്‍ മാര്‍ക്ക് നേടിയവര്‍ക്ക് കെ.വി. മുഹമ്മദും അവാര്‍ഡ് വിതരണംചെയ്തു. പഠനോപകരണങ്ങള്‍ സി.ടി. സക്കീര്‍ ഹുസൈനും യൂണിഫോം പി.എച്ച്. മുഹമ്മദും വിതരണം ചെയ്തു. എ.എം.പി. അബൂബക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വി.കെ. ജമാല്‍ സ്വാഗതവും പി.കെ. അബ്ദുള്‍ലത്തീഫ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക