Image

കഴക്കൂട്ടത്ത് ഡോ. എസ്.എസ്. ലാൽ മറ്റൊരു ശശി തരൂർ ആകുമോ? (പ്രവാസി കാഴ്ചകൾ-4 , ജോർജ് എബ്രഹാം)

Published on 29 March, 2021
കഴക്കൂട്ടത്ത് ഡോ. എസ്.എസ്. ലാൽ മറ്റൊരു ശശി തരൂർ ആകുമോ? (പ്രവാസി കാഴ്ചകൾ-4 , ജോർജ് എബ്രഹാം)
കേരള രാഷ്ട്രീയത്തിൽ മത്സരാർത്ഥിയായി മറ്റൊരു പ്രവാസിയെ കാണുന്നതിൽ വ്യക്തിപരമായി എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. എന്നോടൊപ്പം കോൺഗ്രസിലെ ചില പ്രാദേശിക നേതാക്കളും IOC-USA കേരളയുടെ പ്രസിഡന്റ് ലീല മാരേട്ടും  കഴക്കൂട്ടത്തെ യു.ഡി.എഫ്. സ്ഥാനാർഥി ഡോ.എസ്.എസ്. ലാലിന്റെ സ്ഥാനാർത്ഥിത്വത്തിന് അഭിനന്ദനവും അകമഴിഞ്ഞ പിന്തുണയും അറിയിക്കാൻ ചെല്ലുമ്പോൾ മാറ്റ് ഒട്ടേറെ പേരും അവിടെ ഉണ്ടായിരുന്നു.
 
കഴക്കൂട്ടത്ത് അദ്ദേഹം സ്ഥാനാർത്ഥിയായത്  സ്വപ്രയത്നങ്ങളുടെ ഫലമായിട്ടാകാം. എങ്കിലും, പ്രവാസികളുടെ ആഗോള സമ്മേളനത്തിൽ ഒരു  പ്രവാസി സ്ഥാനാർത്ഥിയെങ്കിലും വേണമെന്ന്   എഐസിസി നേതാക്കളോട് ഐഒസി മുൻപ്  തന്നെ ആവശ്യപ്പെട്ടിരുന്നു.  കേരള  വികസനത്തിന് കാലങ്ങളായി പ്രവാസികൾ നൽകിവരുന്ന അനുപമമായ സംഭാവനകൾക്കുള്ള അംഗീകാരം എന്ന നിലയിലാണ് അങ്ങനൊരു ആവശ്യം മുന്നോട്ടുവച്ചത്.
 
പുറത്തുനിന്നുള്ള പണത്തെ കൂടുതൽ  ആശ്രയിക്കുന്ന സാമ്പത്തിക രംഗമാണ് കേരളത്തിലേത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പത്തുശതമാനം ആളുകളും കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. പ്രൊഫഷണലുകൾ, പ്രത്യേകിച്ച് നഴ്സുമാർ കടൽ കടന്നു പോയി സാമ്പത്തികമായി രക്ഷപ്പെട്ട നിരവധി കുടുംബങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയിലേക്കെത്തുന്ന പണത്തിൽ 20 ശതമാനവും അയയ്ക്കുന്നത് മലയാളികളാണ്. ശാസ്ത്ര- സാങ്കേതിക രംഗങ്ങളിൽ രാജ്യം പുരോഗതി കൈവരിക്കുന്നതിൽ വലിയൊരു പങ്ക് കേരളീയർക്ക് അവകാശപ്പെടാം.
 
 
രാഷ്ട്രീയക്കാർക്ക് പൊതുവേ പ്രവാസികളോട് എങ്ങനെ ഇടപഴകണമെന്ന് ശരിയായ  ധാരണയില്ല. വിദേശ പര്യടനങ്ങൾ നടത്തുമ്പോൾ, പ്രവാസികളോട് ഭയങ്കര സ്നേഹം കാണിക്കുകയും അവരുടെ സംഭാവനകളെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്ന നേതാക്കൾ, നാടണയുന്നതോടെ നിറം മാറും. പ്രവാസികളുടെ  കൈപ്പാട്  അകലം സൂക്ഷിക്കാൻ അവർ ബദ്ധശ്രദ്ധരായിരിക്കും. പ്രവാസിയുടെ വിളി വന്നാൽ  ഫോൺ എടുക്കാൻ പോലും അവർ തയ്യാറാകില്ല. ശശി തരൂരിനെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചതുൾപ്പെടെയുണ്ടായ സംഭവങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട്.
 
രാഷ്ട്രീയക്കാർ പ്രവാസികളുടെ ഫോൺ എടുത്താൽ ചില സ്ഥിരം വാചകങ്ങൾ പറഞ്ഞ് വയ്ക്കുന്നതാണ് അനുഭവം. 'എപ്പോൾ വന്നു, എന്ന് പോകും? പോകും മുൻപൊന്നു കാണണം!'...എന്നിങ്ങനെ.
ആ കൂടിക്കാഴ്‌ച ഉണ്ടാകില്ലെന്ന് നമുക്കും അവർക്കും അറിയാം.
 
അതുകൊണ്ടുതന്നെ, പ്രവാസികൾക്കിടയിൽ നിന്ന് ഒരാൾ കേരള നിയസഭയിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ വിഷമതകളും വേദനകളും ഉൾക്കൊള്ളാൻ നമ്മളിൽപ്പെട്ട ഒരാൾക്ക് വേഗം സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിടവ് നികത്താൻ ഡോ.എസ്.എസ്.ലാൽ എതർത്ഥത്തിലും യോഗ്യനാണ്.
 
നിലവിൽ, ഡോ. ലാലിന് മുൻപിലെ വെല്ലുവിളി അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിലേക്ക് ആഴ്ന്നിറങ്ങാൻ കാര്യമായ സമയം ലഭിച്ചിട്ടില്ല എന്നതാണ്. പല വോട്ടര്മാർക്കും  എത്രത്തോളം യോഗ്യനായ സ്ഥാനാർത്ഥിയെയാണ് തങ്ങളുടെ മണ്ഡലത്തിന് ലഭിച്ചതെന്ന് അറിയുക പോലുമില്ല. മുനിസിപ്പൽ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ  തന്നെ അദ്ദേഹം ഇറങ്ങി പ്രവർത്തിച്ചിരുന്നെങ്കിൽ വിജയസാധ്യത കൂടുമായിരുന്നെന്നാണ് സംസാരം. 
 
എൽഡിഎഫിന് വോട്ട് ചെയ്യാമെന്ന് വിചാരിച്ചിരുന്ന ചിലർ, ഡോ.എസ്.എസ്.ലാലിന്റെ സ്ഥാനാർത്ഥിത്വം ശശി തരൂരിന്റേതുമായാണ് ഉപമിച്ചത്. സ്ഥാനാർത്ഥിയുടെ യോഗ്യത ബോധ്യപ്പെട്ടതോടെ, വോട്ട് ചെയ്യുന്ന കാര്യം വ്യക്തമായി ഒന്നുകൂടി ആലോചിച്ച് ഉറപ്പിക്കാം എന്നാണവർ പറഞ്ഞത്.
 
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലമാണ് കഴക്കൂട്ടം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ, സീറ്റ് നിലനിർത്തുന്ന കാര്യത്തിൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കും. ശബരിമല വിഷയം എൽഡിഎഫ് കൈകാര്യം ചെയ്തതിലെ അപാകത മനസ്സിലാക്കി കടകംപള്ളി  ഖേദപ്രകടനം നടത്തിയപ്പോഴും , സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പാർട്ടി നിലപാടിൽ മാറ്റമില്ലെന്നാണ് അറിയിച്ചത്. 
 
എന്നാൽ മണ്ഡലത്തിനായി അദ്ദേഹം ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് വിശ്വാസമുള്ള നല്ലൊരു വിഭാഗം അദ്ദേഹത്തിനു വേണ്ടി ഇനിയും വോട്ട് ചെയ്യുമെന്നാണ് പറയുന്നത്. ആഴക്കടൽ മൽസ്യബന്ധന വിവാദമൊന്നും  തീരദേശ വോട്ടർമാരെ സ്വാധീനിച്ചിട്ടില്ലെന്നാണ് കരുതേണ്ടത്. 

സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുള്ളതും  വിജയപ്രതീക്ഷ അധികം വച്ചുപുലർത്തുന്നതുമായ മണ്ഡലം ആയിട്ടുകൂടി എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്, പാർട്ടിയിലെ ഉൾപ്പോരുകൊണ്ട് പിന്തുണ കുറഞ്ഞിട്ടുണ്ട്.
 
തദ്ദേശവാസികൾ അവരുടെ മുൻ എംഎൽഎ  എം.എ.വഹീദിനു പകരം യു ഡി എഫ്  ഡോ. എസ്. എസ്. ലാലിനെ പോലൊരു പുതുമുഖത്തെ പരീക്ഷിക്കുന്നതിൽ അതൃപ്തരല്ലെങ്കിൽ, കോൺഗ്രസ്സിലേക്ക് വോട്ടുകൾ മറിയാൻ അവസരമൊരുങ്ങും. അത് പോലെ തീരദേശ വോട്ടുകളും പ്രധാനം.  പര്യടന വാഹനത്തിനുള്ളിൽ ഇരിക്കാതെ,  ഡോ. ലാൽ തന്റെ വോട്ടർമാർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് അത്യാവശ്യമാണ് . 

കോൺഗ്രസ്  അധികാരത്തിൽ വരികയും ഡോ. ലാൽ വിജയിക്കുകയും ചെയ്‌താൽ അദ്ദേഹത്തെ  ആരോഗ്യമന്ത്രിയാക്കുമെന്ന്  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതിന്റെ പിന്നിലെ കാരണങ്ങൾ വീടുകൾ തോറും കയറിയിറങ്ങി പാർട്ടി പ്രവർത്തകർ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കണം. പൊതുജനാരോഗ്യ വിദഗ്ദ്ധനായി ആഗോള തലത്തിൽ പ്രവൃത്തി പരിചയമുള്ള ഡോ. ലാലിനെ ആരോഗ്യമന്ത്രിയായി കേരളത്തിന് ലഭിച്ചാൽ ഉണ്ടാകുന്ന നേട്ടം ആളുകൾ മനസ്സിലാകാതെ പോയാൽ അത് വലിയൊരു വീഴ്ചയാകും. 

യുഡിഎഫിന്റെ ഏറ്റവും പ്രമുഖനായ സ്ഥാനാർത്ഥിയെന്ന് നിസ്സംശയം പറയാവുന്ന അദ്ദേഹം, കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ നൽകിയ ഉപദേശങ്ങൾ ഉൾപ്പെടെ ജനനന്മയ്ക്കായി ചെയ്ത  പ്രവർത്തനങ്ങൾ പ്രചാരണവേളയിൽ വോട്ടർമാർക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് ഗുണം ചെയ്യും.

 
കഴക്കൂട്ടത്ത് ഡോ. എസ്.എസ്. ലാൽ മറ്റൊരു ശശി തരൂർ ആകുമോ? (പ്രവാസി കാഴ്ചകൾ-4 , ജോർജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക