Image

സുരക്ഷ ഉറപ്പാക്കല്‍നടപടി തുടങ്ങി; ദോഹയില്‍ ഷോപ്പിങ് സെന്റര്‍ പൂട്ടി

Published on 19 June, 2012
സുരക്ഷ ഉറപ്പാക്കല്‍നടപടി തുടങ്ങി; ദോഹയില്‍ ഷോപ്പിങ് സെന്റര്‍ പൂട്ടി
ദോഹ: വില്ലേജിയോ മാളില്‍ 13 കുട്ടികളടക്കം 19 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാളുകളിലും പൊതുജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളിലും സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഖത്തറിലെ ഏറ്റവുംവലിയ മറ്റൊരു ഷോപ്പിങ് കേന്ദ്രമായ സിറ്റി സെന്റര്‍ പൂട്ടിയിട്ടു.

പ്രതിദിനം പതിനായിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന സിറ്റിസെന്റര്‍ അനിശ്ചിതമായി പൂട്ടിയതോടെ ജനങ്ങള്‍ നിരാശയിലാണ്. പ്രാഥമികപരിശോധനയില്‍ സുരക്ഷാസംവിധാനത്തില്‍ പാളിച്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സ് വകുപ്പ് പൂട്ടിയിടാന്‍ ഉത്തരവിട്ടത്. മൂന്നുലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സിറ്റി സെന്ററിന് നാലുനിലകളിലായി നൂറുകണക്കിന് ഷോപ്പുകളും സിനിമാതിയേറ്ററുകളുമുണ്ട്.

എല്ലാ മാളുകളിലും പരിശോധന ശക്തമാക്കുമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അഗ്‌നിബാധയുണ്ടായാല്‍ തീനാളങ്ങള്‍ പടര്‍ന്നുപിടിക്കുന്ന വസ്തുക്കള്‍ കെട്ടിടഭാഗങ്ങളിലും ഷോപ്പുകളിലും അനുവദിക്കുകയില്ലെന്നാണറിയുന്നത്. വില്ലേജിയോ മാളിലുണ്ടായ തീപ്പിടിത്തത്തിന് കാരണം വൈദ്യുതിതകരാറായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

വന്‍കിട മാളുകളില്‍ പൊതുവെ അടിയന്തരഘട്ടങ്ങളില്‍ പുറത്തുകടക്കാനുള്ള വാതിലുകള്‍ കുറവാണ്. അതുകൊണ്ടുതന്നെ അടിയന്തരഘട്ടങ്ങളില്‍ പുറത്തേക്ക് രക്ഷപ്പെടാനുള്ള വാതിലുകള്‍ നിര്‍ബന്ധമാക്കും. ഒന്നിലധികം നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റുകള്‍ക്കും എക്‌സലേറ്ററുകള്‍ക്കും പകരം കോവണിപ്പടികള്‍ ഉണ്ടോ എന്ന കാര്യവും സിവില്‍ ഡിഫന്‍സ് വകുപ്പ് പരിശോധിച്ച് ഉറുപ്പുവരുത്തും.

വൈദ്യുതികണക്ഷന്‍ റദ്ദാവുന്നതോടെ ലിഫ്റ്റുകളും എക്‌സലേറ്ററുകളും നിശ്ചലമാകും. അതുകൊണ്ടുതന്നെ അത്തരം അടിയന്തരഘട്ടങ്ങളില്‍ ലിഫ്റ്റില്‍ കയറരുതെന്ന് കമ്പനികള്‍തന്നെ മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോട്ടലുകളിലും സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്. ഏതാനും ചെറുകിട ഹോട്ടലുകള്‍ പൂട്ടിയിടാന്‍ സിവില്‍ ഡിഫന്‍സ് വകുപ്പ് നിര്‍ദേശംനല്‍കിയിട്ടുണ്ട്.

റസ്‌റ്റോറന്റുകളിലും സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ക്രമീകരണം ശക്തിപ്പെടുത്തും. അടിയന്തരഘട്ടങ്ങളില്‍ സൈറണ്‍ മുഴങ്ങേണ്ട അലാറങ്ങള്‍ പല മാളുകളിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

പല സ്ഥാപനങ്ങളും പൂട്ടിയിടല്‍ഭീഷണി നേരിടുകയാണ്. പുതിയ സ്ഥാപനങ്ങള്‍ തുറക്കുന്നവ ഇനി ലൈസന്‍സ് കിട്ടാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിവരും. നിലവില്‍ ശരിയായ അഗ്‌നിപ്രതിരോധ സംവിധാനങ്ങളില്ലാത്ത സ്ഥാപനങ്ങളും പൂട്ടിയിടല്‍ഭീഷണി നേരിടുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക