Image

റാന്നി: കോൺഗ്രസിന് ഇടതു മുന്നണിയുടെ ഉപഹാരം! (പ്രവാസി കാഴ്ചപ്പാട്: ജോർജ് എബ്രഹാം)

Published on 26 March, 2021
റാന്നി: കോൺഗ്രസിന്  ഇടതു മുന്നണിയുടെ ഉപഹാരം! (പ്രവാസി കാഴ്ചപ്പാട്: ജോർജ് എബ്രഹാം)
ഒരു സ്ഥാനാർത്ഥിയെ തന്നെ തുടർച്ചയായി ഒരേ നിയോജകമണ്ഡലത്തിൽ മത്സരിപ്പിക്കുന്ന സമ്പ്രദായം സിപിഎമ്മിനും സിപിഐക്കും പണ്ടേ ഇല്ല. ആ പ്രവണതയ്ക്ക് അതിന്റേതായ  ഗുണങ്ങളും ദോഷങ്ങളുമുണ്ട്. 
 
പുതുമുഖങ്ങൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് കഴിവ് തെളിയിക്കാൻ അവസരം ലഭിക്കുമെന്നതാണ് ഇതിന്റെ മെച്ചം. എന്നിരുന്നാലും,  പുതിയ സ്ഥാനാർത്ഥിക്ക് പാർട്ടിയുടെ  സീറ്റ് നിലനിർത്താൻ കഴിയുമോ എന്നത് ഒരു ഞാണിന്മേൽ കളിയാണ്. 
 
നല്ല ഉദാഹരണം റാന്നി തന്നെ. മണ്ഡലം എൽ‌ഡി‌എഫ്  ഇക്കുറി  യു‌ഡി‌എഫിന് വിട്ടു കൊടുത്തിരിക്കുകയാണെന്ന് തോന്നാൻ മതിയായ കാരണങ്ങളുണ്ട്. പത്തനംതിട്ട പാർലമെന്ററി സീറ്റിന്റെ ഭാഗമാണ് റാന്നി മണ്ഡലം. പമ്പ നദിയുടെ തീരത്ത്  സ്ഥിതിചെയ്യുന്ന റാന്നി , 'കിഴക്കൻ മലയോരങ്ങളുടെ റാണി ' എന്നാണ് അറിയപ്പെടുന്നത്.
 
റാന്നിയിലെ സിറ്റിംഗ് എം‌എൽ‌എ രാജു എബ്രഹാം, നാട്ടുകാരുടെ വിശ്വാസം നേടിയെടുത്ത നേതാവാണെന്നതിൽ തർക്കമില്ല. സി‌പി‌എം ടിക്കറ്റിൽ മത്സരിച്ചതുകൊണ്ട് മാത്രമല്ല   അദ്ദേഹം വിജയിച്ചത്. 
 
 
സി‌പി‌എമ്മിന്  നിയോജകമണ്ഡലത്തിൽ ധാരാളം അനുയായികളുണ്ടെങ്കിലും, വോട്ടർമാർക്ക്   പൊതുവെ മനസ്സുകൊണ്ടൊരു കോൺഗ്രസ് ചായ്‌വുണ്ട്.  റാന്നിയിലെ  ജനങ്ങളുടെ സ്പന്ദനം അറിയുന്നതിലും  വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിലും പുതിയവ കെട്ടിപ്പടുക്കുന്നതിലും, അസാധാരണ വൈഭവമാണ്  രാജു എബ്രഹാം കാഴ്ചവച്ചിട്ടുള്ളത്. 
 
തുടർച്ചയായി അഞ്ച് തവണ അവിടെ അദ്ദേഹം വിജയിച്ചതും നാടിന്റെ മർമ്മമറിഞ്ഞ് പ്രവർത്തിച്ചതു കൊണ്ടാണ്. അതുകൊണ്ടുതന്നെ, രാജു എബ്രഹാമിനെ ഒഴിവാക്കി  സിപിഎം ആ സീറ്റ് കേരള കോൺഗ്രസിനു (എം)  നൽകിയതിൽ പരോക്ഷമായൊരു അതൃപ്തി നിലനിൽക്കുന്നുണ്ട്.
 
ഈ രാഷ്ട്രീയ നാടകത്തിന്റെയെല്ലാം ഗുണഭോക്താവ്  യു ഡി എഫ് സ്ഥാനാർഥി റിങ്കു ചെറിയാനാണ്. റാന്നിയുമായും കോൺഗ്രസ് പാർട്ടിയുമായും പതിറ്റാണ്ടുകളായി അടുത്തബന്ധം പുലർത്തുന്ന കുടുംബത്തിലെ ഇളംമുറക്കാരനാണ് അദ്ദേഹം. 
 
കേരള നിയമസഭയിൽ റാന്നി മണ്ഡലത്തെ മൂന്ന് തവണ പ്രതിനിധീകരിച്ച എം.സി.ചെറിയാന്റെ  മകനാണ് റിങ്കു. 2016 ൽ രാജു എബ്രഹാമിനെതിരെ നടന്ന മത്സരത്തിൽ റിങ്കുവിന്റെ അമ്മ മറിയാമ്മ ചെറിയൻ പരാജയപ്പെട്ടിരുന്നു. അവരെ നേരത്തെ സ്ഥാനാർത്ഥിയാക്കാനുള്ള  വിവേകം കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ, ആ പരാജയം ഒഴിവാക്കാമായിരുന്നു. 
 
റാന്നിയുമായി ബന്ധമുള്ളതും നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുന്നതുമായ  ഒരു സ്ഥാനാർത്ഥിയെയാണ് റാന്നിക്കാർക്ക് വേണ്ടതെന്ന് നാട്ടുകാരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ, റിങ്കുവിനെ ഇവിടത്തുകാർ സ്വീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 
 മാവേലിക്കര സ്വദേശിയായ പ്രമോദ് നാരായണനാണ് ഇടതുപക്ഷത്തുനിന്നുള്ള എതിരാളി. റാന്നിയുമായി യാതൊരു ബന്ധവുമില്ലെന്നത് പ്രമോദിന് വെല്ലുവിളിയാകും. മുൻ എസ്‌എഫ്‌ഐ സംസ്ഥാന നേതാവായിരുന്ന അദ്ദേഹം, അടുത്തിടെയാണ്  കേരള കോൺഗ്രസിൽ (എം) ചേർന്നത്. പിണറായി വിജയന്റെ കണ്ണിലുണ്ണിയെന്ന് പറയപ്പെടുന്ന പ്രമോദ്, സോളാർ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്താണ്  ജോസ് കെ മണിയുമായി ആഴത്തിലൊരു  ബന്ധം സ്ഥാപിച്ചതെന്നും സംസാരമുണ്ട്. റാന്നിക്കാരൻ അല്ലാതിരുന്നിട്ടും 1987-ൽ  ഈപ്പൻ വർഗീസ് വിജയം കൊയ്തത് വിസ്മരിക്കുന്നില്ല.  എന്നാൽ, ആ തീരുമാനം അബദ്ധമായി പോയെന്നുള്ള തോന്നൽ ഇപ്പോഴും നാട്ടുകാർക്കിടയിൽ ഉണ്ട്.. .
 
കോൺഗ്രസ് പാർട്ടിയും യുഡിഎഫും റാന്നി തിരിച്ചുപിടിക്കാൻ റിങ്കുവിനെ കളത്തിലിറക്കിയതിന്റെ പേരിലും അടക്കിപ്പിടിച്ചുള്ള ചില സംസാരങ്ങളുണ്ട്. എതിർ ഗ്രൂപ്പുകാർ  സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർത്തുന്നത്. രാജവാഴ്‌ച പോലെ സ്ഥാനാർത്ഥിത്വം ഒരു കുടുംബത്തിന്റെ കുത്തകയാക്കുന്നു എന്നു മുഖ്യ  ആക്ഷേപം.  
 
റോഡ് ഷോയ്ക്കിടെ ചില നേതാക്കളുടെ ശരീരഭാഷയിൽപ്പോലും ഉള്ളിലെ അതൃപ്തി പ്രകടമായിരുന്നു. റിങ്കുവിന് വിജയസാധ്യത കൂടി എന്നതാണ് പലരെയും അസ്വസ്ഥരാക്കുന്നത്. രാജു  എബ്രഹാമിനു  സീറ്റ് നൽകാതെ മാറ്റിനിർത്തിയതിൽ ചൊരുക്കുണ്ടെന്നും  കേരള കോൺഗ്രസിന് (എം) സ്ഥാനാർത്ഥിക്ക് അദ്ദേഹം നിറഞ്ഞ മനസ്സോടെ പിന്തുണ നൽകാൻ സാധ്യത കുറവാണെന്നും കഥകൾ പ്രചരിക്കുന്നുണ്ട്.  
 
അതിനാൽ, ഇപ്പോഴത്തെ കണക്കനുസരിച്ച്- വയല ഇടിക്കുള , സണ്ണി പനവേലിൽ  എന്നിങ്ങനെ ഒരുകാലത്ത് സമുന്നതരായ കോൺഗ്രസ്സ് നേതാക്കൾ  പ്രതിനിധീകരിച്ച പത്തനംതിട്ടയിലെ റാന്നി നിയോജകമണ്ഡലത്തിൽ, യുഡിഎഫ്  വെന്നിക്കൊടി പാറിക്കുമെന്ന് കണക്കാക്കാം.
see also
 
റാന്നി: കോൺഗ്രസിന്  ഇടതു മുന്നണിയുടെ ഉപഹാരം! (പ്രവാസി കാഴ്ചപ്പാട്: ജോർജ് എബ്രഹാം)  റാന്നി: കോൺഗ്രസിന്  ഇടതു മുന്നണിയുടെ ഉപഹാരം! (പ്രവാസി കാഴ്ചപ്പാട്: ജോർജ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക