Image

കേരള ഇലക്ഷനിലെ അന്തർധാര-1 : ജോർജ് എബ്രഹാം (വൈസ് ചെയര്‍മാന്‍ ഐഒസി)

Published on 25 March, 2021
കേരള ഇലക്ഷനിലെ അന്തർധാര-1 : ജോർജ് എബ്രഹാം (വൈസ് ചെയര്‍മാന്‍  ഐഒസി)
(ഇലക്ഷൻ  രംഗത്തെപറ്റി കേരളത്തിൽ നിന്ന് ജോർജ് എബ്രഹാം എഴുതുന്ന  പംക്‌തി)

തിരുവല്ല: കേരളക്കര തിരഞ്ഞെടുപ്പ് ചൂടിന്റെ മൂർദ്ധന്യതയിൽ എത്തിനിൽക്കുകയാണ്. സർവേ ഫലങ്ങൾ അധികവും എൽ ഡി എഫിന് അനുകൂലമാണെങ്കിലും, എതിർദിശയിലേക്ക് കാറ്റ് ആഞ്ഞുവീശുമെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ഇപ്പോഴുമുണ്ട്.

എൽ ഡി എഫിനെ അഴിമതിയിൽ കുളിച്ച പാർട്ടിയായി കോൺഗ്രസ് വരച്ചു കാണിച്ചിട്ടും ജനങ്ങളിൽ  അത് കാര്യമായി ഏശിയിട്ടില്ല. അടുത്തിടെ മനോരമ നടത്തിയ സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷവും ,  യു ഡി എഫിനേക്കാൾ അഴിമതിക്കെതിരെ പോരാടാൻ എൽ ഡി എഫിന് കഴിയുമെന്ന് വിശ്വസിക്കുന്നതായാണ് അഭിപ്രായപ്പെട്ടത്. തൃപ്പുണിത്തുറയിലെയും തിരുവന്തപുരത്തെയും ജേതാക്കൾ ആര് തന്നെ ആയാലും,  അഴിമതി രഹിത  ഭരണം ജനം  എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ അളവുകോലായി  കണക്കാക്കാം.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി കരാർ സാരമായ കോട്ടമാണ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഏൽപ്പിച്ചത്.  അതിനു  വെള്ളപൂശാൻ എൽ ഡി എഫ് നടത്തിയ പരിശ്രമങ്ങൾ ഫലിച്ചതായി തോന്നുന്നില്ല. സ്വർണ്ണക്കടത്ത് അഴിമതിയെക്കാൾ ഗുരുതരമായി അത്. തീരദേശ  വോട്ടർമാരിൽ നിന്നുള്ള എൽഡിഎഫ്  പിന്തുണ ഈ ഒറ്റ സംഭവത്തിന്റെ പേരിൽ ചോർന്നൊലിച്ചത്,  തിരഞ്ഞെടുപ്പ് ഫലത്തിൽ  പ്രതിഫലിക്കും.

ഇടതുപക്ഷത്തോട് കൂറ് പുലർത്തുന്നവർ, എൽഡിഎഫ് ഭരണത്തിന്റെ മാനുഷികതയാണ് എടുത്തു കാണിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭക്ഷ്യ-കിറ്റ് വിതരണം ചെയ്തത് വോട്ടർമാരുടെ മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. 

സിപിഎമ്മിലെ  പ്രമുഖർക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചത് എൽഡിഎഫിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ്. ജനസമ്മതനായിരുന്നിട്ടും പൊതുമരാമത്ത് മന്ത്രി  ജി.സുധാകരനെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് ഒഴിവാക്കി. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ പേര്  മത്സരാർത്ഥികളുടെ പട്ടികയിൽ ഉൾപ്പെടാത്തതും ഗൗരവത്തോടെ കാണേണ്ടതാണ്. ആലപ്പുഴയുടെ ജനവിധിയിൽ  ഈ സ്ഥാനാർത്ഥിത്വം കൊണ്ടുതന്നെ ഭീകര പ്രത്യാഘാതം ഉണ്ടാകും . 
 
മധ്യതിരുവിതാംകൂറിലേക്ക് വരുമ്പോൾ, പ്രത്യേകിച്ച് പത്തനംതിട്ടയിൽ, നിലവിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് എടുത്ത് കാണിക്കാൻ ഒരൊറ്റ പ്രതിനിധി പോലും ഇല്ല. എന്നിരുന്നാലും, എൽഡിഎഫിൽ നിന്ന് ചുരുങ്ങിയത് മൂന്ന് സീറ്റെങ്കിലും തിരിച്ചുപിടിക്കാനാകും എന്ന ആത്മവിശ്വാസമാണ്  ഡിസിസി പ്രസിഡന്റ്  ബാബു ജോർജിനുള്ളത്.

ക്രൈസ്തവ മതവിശ്വാസികളുടെ സജീവ സാന്നിധ്യമുള്ള മണ്ഡലങ്ങളിൽപ്പോലും കോൺഗ്രസിന് പിന്തുണ നഷ്ടമാകുന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്. പണ്ട്, ക്രിസ്ത്യാനികൾ  'അരിവാൾ ചുറ്റിക നക്ഷത്രത്തിന്' വോട്ട് കുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ, കാലം മാറി. പ്രൊട്ടസ്റ്റന്റുകളും ഇവാഞ്ചലിക്കൽസും  ഉൾപ്പെടെയുള്ള  ക്രൈസ്തവ വിശ്വാസികൾ, എല്ഡിഎഫിനോട് ഇപ്പോൾ ചായ്‌വ്   കാട്ടുകയാണ്. പ്രധാന കാരണം ആർഎസ്എസിനോടുള്ള ഭയം. ആരാധനാസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടതുപക്ഷം  നൽകുന്ന പിന്തുണ  തങ്ങൾക്ക് ധൈര്യം പകരുന്നതായി  അവർ കണക്കാക്കുന്നു. 

ഇന്ത്യൻ ഓവർസീസ്  കോൺഗ്രസ് വൈസ് ചെയർമാൻ എന്ന നിലയിൽ , ഞാൻ മുൻകൈ എടുത്ത്  സമുദായ നേതാക്കളുടെ ഒരു സമ്മേളനം തിരുവല്ലയിൽ നടത്തുകയുണ്ടായി 

താരിഖ് അൻവർ  (എഐസിസി ജനറൽ സെക്രട്ടറി ഇൻ ചാർജ്, കോൺഗ്രസ് പാർട്ടി ഇൻ കേരള)  ഐവൻ ഡിസൂസ   (എഐസിസി  സെക്രട്ടറി ഇൻ ചാർജ് ഓഫ് ഇലക്ഷൻ ) എന്നീ പ്രമുഖർ   യോഗത്തിൽ പങ്കെടുത്തു. ന്യൂനപക്ഷ സമുദായങ്ങളുടെ ഭയാശങ്കകൾ ഇല്ലാതാക്കുന്നതിനും, മതപരമായ ബഹുസ്വരതയ്ക്കും, ആരാധനാ സ്വാതന്ത്ര്യത്തിനും കോൺഗ്രസ്  ശക്തമായ പിന്തുണ ഉണ്ടാകുമെന്ന്   ഉറപ്പു നൽകുന്നതിന് ആ സമ്മേളനം വേദിയായി.
കേരള ഇലക്ഷനിലെ അന്തർധാര-1 : ജോർജ് എബ്രഹാം (വൈസ് ചെയര്‍മാന്‍  ഐഒസി)കേരള ഇലക്ഷനിലെ അന്തർധാര-1 : ജോർജ് എബ്രഹാം (വൈസ് ചെയര്‍മാന്‍  ഐഒസി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക