Image

അല്മായര്‍ സഭയുടെ സാക്ഷികളും വക്താക്കളുമാകണം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

Published on 19 June, 2012
അല്മായര്‍ സഭയുടെ സാക്ഷികളും വക്താക്കളുമാകണം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
സീറോ മലബാര്‍ സഭ ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍

അല്മായര്‍ സഭയുടെ സാക്ഷികളും വക്താക്കളുമാകണം:
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം


തിരുവനന്തപുരം: അല്മായ സമൂഹം തങ്ങള്‍ ആരാണ് എന്ന ആത്മഅവബോധത്തില്‍ നിന്ന് നവീകരണം വഴി സഭയുടെ സാക്ഷികളും വക്താക്കളുമാകണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സൂചിപ്പിച്ചു.

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലൂര്‍ദ്ദ് ഓഡിറ്റോറിയത്തില്‍ നടന്ന ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. അല്മായര്‍ സഭയോടു പ്രതിബദ്ധതയുള്ളവരായി ജീവിക്കുന്നതിനും അതില്‍ അഭിമാനിക്കുന്നതിനും ഇടയാകണം. ആദിമസഭയുടെ തനിമയും വ്യക്തിത്വവും ഉള്‍ക്കൊണ്ട പാരമ്പര്യമാണ് സുറിയാനി പാരമ്പര്യം. ആ പാരമ്പര്യത്തിന്റെ അവകാശികളാണ് സീറോ മലബാര്‍ സഭാസമൂഹം. മതപീഢനങ്ങളുടെ കാലഘട്ടം സഭയുടെ വളര്‍ച്ചയെ സഹായിച്ചു. പീഢിപ്പിക്കപ്പെട്ട ക്രൈസ്തവ മക്കളാണ് ആദിമഘട്ടത്തില്‍ സഭയുടെ ശില്പികള്‍. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്ര കൂട്ടായ്മയാണ്. വിശ്വാസത്തിലധിഷ്ടിതമായി ജീവിക്കുന്ന സഭാമക്കളുടെ കൂട്ടായ്മയെക്കുറിച്ച് സഭയ്ക്കഭിമാനമുണ്ടെന്ന് മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിശ്വാസത്തിലടിയുറച്ച് തലമുറകള്‍ക്ക് പൈതൃകവും പാരമ്പര്യവും പങ്കുവച്ച കുടുംബങ്ങളാണ് സഭയുടെ ചൈതന്യം. ഇത് അഭംഗുരം കാത്തുസൂക്ഷിക്കേണ്ടത് ഇന്നത്തെ വിശ്വാസി സമൂഹത്തിന്റെ ദൗത്യമാണെന്ന് മാര്‍ അറയ്ക്കല്‍ ഉദ്‌ബോധിപ്പിച്ചു.

ചങ്ങനാശ്ശേരി അതിരൂപതാ വികാരിജനറാള്‍ റവ.ഡോ.ജോണ്‍ തടത്തില്‍ ആമുഖപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ''സീറോ മലബാര്‍ സഭ അല്മായ പ്രവര്‍ത്തനങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍'' എന്ന വിഷയത്തില്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ലൂര്‍ദ്ദ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍, ജോസഫ് നിക്കോളാസ് തോട്ടാമഠം എന്നിവര്‍ സംസാരിച്ചു.


റവ.ഡോ.ജോണ്‍ തടത്തില്‍
വികാരിജനറാള്‍, തിരുവനന്തപുരം

റവ.ഫാ.സോണി മുണ്ടുനടയ്ക്കല്‍
ഡയറക്ടര്‍, ലൂര്‍ദ്ദ് കെയര്‍ സെന്റര്‍
അല്മായര്‍ സഭയുടെ സാക്ഷികളും വക്താക്കളുമാകണം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക