Image

ഫൊക്കാന: പ്രതിക്ഷകളോടെ ഹ്യൂസ്റ്റണിലേക്ക്

സുധാകര്‍ത്താ(ട്രസ്റ്റി ബോര്‍ഡ് മെംബര്‍) Published on 17 June, 2012
ഫൊക്കാന: പ്രതിക്ഷകളോടെ ഹ്യൂസ്റ്റണിലേക്ക്
മൂന്നു പതിറ്റാണ്ടുകാലത്തെ ചരിത്രസ്മരണകളുമായി ഫൊക്കാനയുടെ 15-#ാമത് മലയാളി സാംസ്‌ക്കാരിക സമ്മേളനത്തിന് അനന്തരപുരി എന്ന് വിശേഷിപ്പിക്കുന്ന, ഹ്യൂസ്റ്റണ്‍, ടെക്‌സാസില്‍ കൊടി ഉയരുകയാണ്. ജൂണ്‍ 30, ജൂലൈ 1, 2, 3 തീയതികളില്‍ അരങ്ങേറുന്ന മലയാളി സംഗമത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് തിരികൊളുത്തുന്നതോടെ ആരംഭിക്കുകയാണ്.

ടെക്‌സാസില്‍ നിന്നുള്ള ജി.കെ.പിള്ള(പ്രസിഡന്റ്), ബോബി ജേക്കബ്ബ്(ജന.സെക്രട്ടറി), ഷാജി ജോണ്‍ (ട്രഷറര്‍), എബ്രഹാം ഈപ്പന്‍(കണ്‍വന്‍ഷന്‍ ചെയര്‍) എന്നിവരുടെ നേതൃത്വത്തില്‍ നൂറിലേറെ പേര്‍ വരുന്ന ഒരു നേതൃനിര കണ്‍വന്‍ഷന്റെ വിജയത്തിനായി, കഴിഞ്ഞ രണ്ടുവര്‍ഷമായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ സഹായിക്കാനായി പോള്‍ കറുകപ്പിള്ളില്‍(ചെയര്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), ഡോ.എം. അനിരുദ്ധന്‍ (ചെയര്‍, ഫൊക്കാന ഫൗണ്ടേഷന്‍), ടി.എസ്. ചാക്കോ, തമ്പി ചാക്കോ, മാത്യൂ കൊക്കൂറ(ഉപദേശക സമിതി) സജീവമായി രംഗത്തുണ്ട്.

ഒന്നാംദിവസം തിരികൊളുത്തി, നാലാം ദിവസം തിരശ്ശീല വീഴുന്നതുവരെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഗൃഹാതുരത്വസ്മരണങ്ങള്‍ അയവിറക്കാനും സാംസ്‌ക്കാരിക-വിനോദ-മത്സര വേദികള്‍ പങ്കെടുക്കാനും അവസരമൊരുക്കിയാണ് ഈ മലയാളി സംഗമത്തെ സംഘാടകര്‍ ക്രമീകരിച്ചിരിക്കുന്നത്.
മിസ്റ്റര്‍ ഫൊക്കാന, മലയാളി മങ്ക, ഫിലിം ഫെസ്റ്റിവല്‍, ബൗദ്ധിക അഭിലക്ഷണീയ മത്സരങ്ങള്‍ തുടങ്ങി പുതുമയാര്‍ന്ന നിരവധി വേദികള്‍ക്കു പുറമെ, വരുംതലമുറക്കായി സ്‌പെല്ലിംങ്ങ് ബീ, ടാലന്റ് കോമ്പറ്റീഷന്‍, യൂത്ത് ബാങ്ക്വറ്റ്, ബാസ്‌ക്കറ്റ് ബോള്‍- വോളീബോള്‍ ടൂര്‍ണമെന്റ് തുടങ്ങി കണ്‍വന്‍ഷന്‍ നാളുകളില്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ്വുതരുന്ന വിഭവങ്ങളാണ് ഒരുക്കിയിരുന്നത്.

പ്രൊഫ.ഗോപിനാഥ് മുതുകാട് നയിക്കുന്ന മാജിക്ക്, താരപ്പൊലിമ നിറഞ്ഞു നില്‍ക്കുന്ന മണ്‍സൂണ്‍ ഡ്രീംസ്, ആരെയും പൊട്ടിച്ചിരിക്കുന്ന കെ.എസ്. പ്രസാദ് സംവിധാനം ചെയ്ത കോമഡി ടോക്കീസ്, അംഗ സംഘടനയിലെ കലാകാരന്‍മാരും കലാകാരികളും ഒരുക്കുന്ന നൃത്തനൃത്ത്യങ്ങള്‍, ചിരിയരങ്ങ്, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍, ഇങ്ങിനെ നീണ്ടു പോകുന്നു സമ്മേളനത്തിലെ വിനോദ പരിപാടികള്‍.
അനന്തപുരിക്ക് സാക്ഷ്യം വഹിക്കുവാന്‍ നാട്ടില്‍ നിന്നും മന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, ഇ.അഹമ്മദ്, കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തല തുടങ്ങി ഒരു നീണ്ട നിര തന്നെ പ്രതീക്ഷിക്കുന്നു.

കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഫാമിലി സ്‌പോണ്‍സര്‍ 1500 ഡോളര്‍, ഫാമിലി 1200 ഡോളര്‍, വ്യക്തി 350 ഡോളര്‍ ഇവയാണ് സാധാരണ നിരക്കുകള്‍. ബിസിനസ്സുകാര്‍ പ്രദര്‍ശന ബൂത്തുകള്‍ ലഭ്യമാണ്. ഈ നാലു ദിവസവും ഉച്ചയൂണും ഡിന്നറും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സമ്മേളന നഗരിയില്‍ തന്നെ സൗജന്യമായി നല്‍കുമെന്നത് വളരെ ആകര്‍ഷകമാണ്.

2008 ലെ ഫിലാഡല്‍ഫിയാ കണ്‍വന്‍ഷനും 2010 ലെ ആല്‍ബനി കണ്‍വന്‍ഷനും ഫൊക്കാനയുടെ പ്രസക്തിയും ജനസമ്മതിയും വിളിച്ചറിയിക്കുന്നതായിരുന്നു. നേതൃത്വത്തിലേക്ക് നിരവധി യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ ഫൊക്കാനക്ക് ഇതിലൂടെ സാധിച്ചു.

കഴിഞ്ഞ നാലഞ്ചുവര്‍ഷമായി അമേരിക്കന്‍ സാമ്പത്തിക രംഗം മലക്കം മിറഞ്ഞപ്പോള്‍ അമേരിക്കന്‍ പ്രവാസി സമൂഹം അന്ധാളിച്ചു പോയി. തൊഴില്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍, മോര്‍ട്ട്‌ഗേജ് അടയ്ക്കാന്‍ വലയുന്ന തൊഴില്‍രഹിതര്‍, ഫീസ് അടക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, പുതിയ തൊഴില്‍ മേഖലക്കായി സ്വയം പരിശീലിപ്പിക്കല്‍, റിട്ടയര്‍മെന്റ് ഫണ്ടിന്റെ മൂല്യത്തകര്‍ച്ച തുടങ്ങി നിരവധി സാമ്പത്തിക പരീക്ഷണങ്ങള്‍ പ്രവാസിക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇതെല്ലാം കണക്കിലെടുത്താല്‍ ഫൊക്കാന എന്തുചെയ്തു എന്നതിലേറെ, ഭാവിയില്‍ എന്തെല്ലാം ചെയ്യുവാന്‍ സാധിക്കുമെന്നതില്‍ ഓരോ പ്രവാസിയും ഉറ്റുനോക്കുകയാണ്.

വിവിധ ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയും അവലംബിക്കുന്ന നൂറോളം വരുന്ന അമേരിക്കന്‍ മലയാളി സംഘടനകളെ കോര്‍ത്തിണക്കുവാന്‍ ഫൊക്കാനക്കു കഴിയേണ്ടതായുണ്ട്. പ്രവാസിയുടെ പ്രതീക്ഷിക്കൊത്ത്, അവരുടെ സാംസ്‌ക്കാരിക-സാമ്പത്തിക വളര്‍ച്ചക്ക് നിമിത്തമാകുന്ന സംഘടനയായി ഫൊക്കാന വളരേണ്ടതുണ്ട്. അംഗസംഘടനകള്‍ക്ക് ആശയും ആവേശവുമായി ഫൊക്കാന ഉയരേണ്ടതുണ്ട്. പ്രവാസിയുടെ വിശ്വാസവും വിധേയത്വവും അരക്കിട്ടുറപ്പിക്കുവാന്‍ പ്രവര്‍ത്തന മാമൂലുകളും ലക്ഷ്യങ്ങളും കാലോലിചിതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. സത്യസന്ധത, പരസ്പര ബഹുമാനം, ജനാധിപത്യ രീതികള്‍, സുതാര്യത, തുടങ്ങി നിരവധിയാണ് കാത്തുസൂക്ഷിക്കേണ്ട സംഘടനാ മൂല്യങ്ങള്‍. ഫൊക്കാനയുടെ വളര്‍ച്ചയെ കാലാകാലങ്ങളില്‍ സഹായിച്ച മുന്‍കാല പ്രവര്‍ത്തകരെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.വ്യക്തിപ്രഭാവത്തിലും, താന്‍ പ്രധാനിത്വത്തിലും സ്വജന പക്ഷത്തിലും അധിഷ്ഠിതമല്ലാത്ത ഒരു നേതൃത്വശൈലി കരുപ്പിടിപ്പിക്കേണ്ടതുണ്ട്. വരും തലമുറയെ മലയാളി സംസ്‌ക്കാരത്തെ ബോധവല്‍ക്കരിക്കാനും സംഘടനയിലേക്ക് ആകര്‍ഷിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. മുഖ്യധാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുവാന്‍ പ്രവാസികളെ പ്രാപ്തരാക്കുവാനും പ്രോത്സാഹിപ്പിക്കുവാനും മുന്‍കൈയ്യെടുക്കണം-ഇങ്ങിനെ നിരവധിയാണ്, ലോകമലയാളിക്ക് മുഴുവനും മാതൃകയായ, കേരളക്കര എന്നും അസൂസയോടെ നോക്കിക്കണ്ട, ഫൊക്കാന നേരിടുന്ന വെല്ലുവിളികള്‍.

അനന്തനഗരിയില്‍ അരങ്ങേറുന്ന മലയാളിസംഗമം ഫൊക്കാനയുടെ ജൈത്രയാത്രയിലെ മറ്റൊരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവാസി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും, പ്രശ്‌നങ്ങള്‍ സംവാദിക്കുവാനും, പ്രതിവിധിയിലേക്കെത്തി നോക്കാനും ഈ സമ്മേളനം വേദിയാകട്ടെ. ലോകമലയാളിക്ക് മുഴുവനും മാതൃകയായി, പ്രതീക്ഷയായി ഫൊക്കാന ഉയരങ്ങളിലേക്ക് കുതിച്ചുയരുവാന്‍ അനന്തപുരി അനുഗ്രഹിക്കട്ടെ.
ഫൊക്കാന: പ്രതിക്ഷകളോടെ ഹ്യൂസ്റ്റണിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക