Image

ഷോ ദ്‌ സ്‌പിരിറ്റ്‌

Published on 17 June, 2012
ഷോ ദ്‌ സ്‌പിരിറ്റ്‌
ഷോ ദ്‌ `സ്‌പിരിറ്റ്‌'. മലയാള സിനിമക്ക്‌ ഈ ഫിലിം ഷോ ഒരു പുത്തന്‍ ഉണര്‍വ്വ്‌ തന്നെയായിരിക്കും. അല്ലെങ്കില്‍ ദിക്കറിയാതെ നില്‍ക്കുന്ന മലയാള സിനിമക്ക്‌ ഒരു പുത്തന്‍ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌. മോഹന്‍ലാലും രഞ്‌ജിത്തും ഒന്നിച്ച സ്‌പിരിറ്റ്‌ എന്ന ചിത്രം എന്തുകൊണ്ടും മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ വേറിട്ടു നില്‍ക്കുമെന്നുറപ്പ്‌. കൊമേഴ്‌സ്യല്‍ സിനിമയുടെ കെട്ടുപാടുകളിലേക്ക്‌ ഇനി താന്‍ തിരിച്ചില്ല എന്നു പറഞ്ഞ രഞ്‌ജിത്ത്‌ പൂര്‍ണ്ണമായും വേറിട്ട ചലച്ചിത്രകാരനായി നിന്നുകൊണ്ട്‌ ഒരുക്കിയിരിക്കുന്ന സ്‌പിരിറ്റ്‌ എന്ന ചിത്രം തീര്‍ച്ചയായും പ്രേക്ഷകരില്‍ ഒരു പുത്തന്‍ അനുഭവം തന്നെ നല്‍കിയിട്ടുണ്ടാവണം.

കൊമേഴ്‌സ്യല്‍ സിനിമയുടെ എന്റര്‍ടെയിന്റ്‌മെന്റ്‌ വാല്യു മാത്രം അളക്കുന്നവര്‍ക്ക്‌ ഷോ ദ്‌ സ്‌പിരിറ്റ്‌ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷെ സ്‌പിരിറ്റ്‌ എന്ന ചിത്രം രണ്ടു തരത്തില്‍ വഴികാട്ടിയായി നമ്മുടെ സിനിമാ ലോകത്തിന്‌ മുമ്പില്‍ നില്‍ക്കുന്നു.

മലയാള സിനിമയില്‍ ഒരു ന്യൂജനറേഷന്‍ സിനിമ വന്നുവെന്ന്‌ വിളിച്ചു പറയുന്നവര്‍ക്ക്‌ മുമ്പിലേക്കാണ്‌ രഞ്‌ജിത്ത്‌ ഈ സിനിമ നല്‍കിയിരിക്കുന്നത്‌. എന്നാല്‍ വിദേശ സിനിമകള്‍ കോപ്പിയടിച്ചും പകര്‍ത്തിയും തിരുത്തിയെടുത്തും ന്യൂജനറേഷന്‍ സിനിമ ഉല്‍പാദിപ്പിക്കുന്നവരില്‍ നിന്നും രഞ്‌ജിത്ത്‌ വ്യത്യസ്‌തനാണ്‌. കാരണം രഞ്‌ജിത്തിന്റെ സിനിമകള്‍ ഒറിജിനാലിറ്റിയുണ്ട്‌. തികച്ചും കേരളത്തിന്റെ നവ സിനിമാ സങ്കല്‌പം എങ്ങനെ വേണം എന്ന കാര്യത്തിലാണ്‌ സ്‌പിരിറ്റ്‌ ആദ്യം മലയാള സിനിമക്ക്‌ വഴികാട്ടുന്നത്‌. നമ്മുടെ സമുഹത്തിലെ സമകാലീകമായ ഏറ്റവും പ്രധാന വിഷയത്തെ കൈകാര്യം ചെയ്‌തുകൊണ്ടാണ്‌ രഞ്‌ജിത്ത്‌ ഇവിടെ കഥ പറഞ്ഞിരിക്കുന്നത്‌. സിനിമയൊരുക്കുമ്പോള്‍ അതിലെങ്ങനെയാണ്‌ വ്യക്തതയുള്ള സന്ദേശം ഒളിപ്പിച്ചുവെക്കുന്നതെന്ന്‌ രഞ്‌ജിത്തിന്‌ സിനിമ കാട്ടിത്തരുന്നു. ഈ രീതിയിലും മലയാളത്തിന്റെ പുത്തന്‍ സിനിമാ സങ്കല്‌പത്തിന്‌ രഞ്‌ജിത്ത്‌ വഴികാട്ടിയാവുന്നു.

കേരളത്തില്‍ ഏറി വരുന്ന മദ്യപാന ആസക്തിയെ കണക്കിന്‌ വിമര്‍ശിക്കുകയും തിരുത്തുകയും ചെയ്യുകയാണ്‌ രഞ്‌ജിത്ത്‌ സ്‌പിരിറ്റ്‌ എന്ന സിനിമയിലൂടെ. തിരക്കഥ, പ്രാഞ്ചിയേട്ടന്‍, പാലേരി മാണിക്യം, ഇന്ത്യന്‍റുപ്പി തുടങ്ങിയ സിനിമകളില്‍ ഒരു സറ്റയര്‍ സ്വഭാവത്തോടെ കേരളത്തിലെ പല സാമൂഹിക വിഷയങ്ങളോടും പ്രതികരിച്ച രഞ്‌ജിത്തിന്റെ തുടര്‍ച്ച തന്നെയാണ്‌ സ്‌പിരിറ്റ്‌ എന്ന ചിത്രത്തിലും സംഭവിച്ചിരിക്കുന്നത്‌. ഒപ്പം നടനവിസ്‌മയവുമായി മോഹന്‍ലാലും കൂടി ചേരുമ്പോള്‍ ഒരു മികച്ച സിനിമ തന്നെ മലയാളത്തിന്‌ ലഭിച്ചിരിക്കുന്നു.

ഒരു ചാനലില്‍ ഷോ ദ്‌ സ്‌പിരിറ്റ്‌ എന്ന ഷോ അവതരിപ്പിക്കുകയാണ്‌ രഘുനന്ദനന്‍. കേരളത്തിലെ പല ബഹുമാന്യ വ്യക്തികളുടെയും മുഖംമൂടി തകര്‍ത്തിട്ടുള്ള ഷോയാണ്‌ രഘുനന്ദന്റേത്‌. അതുകൊണ്ടു തന്നെ രഘുവിന്റെ ഷോയിക്ക്‌ ആരാധകരേറെയാണ്‌. ഇത്‌ അഞ്ച്‌ വിദേശ ഭാഷകള്‍ അനായാസം സംസാരിക്കുന്ന രഘുനന്ദനന്‍ എന്ന ജീനിയസിന്റെ പ്രൊഫഷണല്‍ ജീവിതം.

വ്യക്തിജീവിതത്തിലും ഒരുപാട്‌ സുഹൃത്തുക്കളുണ്ട്‌ രഘുവിന്‌. ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അയാള്‍ വിവാഹമോചനം നേടി. എങ്കിലും മുന്‍ഭാര്യ മീരയും അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്‌ അലക്‌സിയും അയാളുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്‌. യുവ കവിയായ സിദ്ദാര്‍ഥ്‌, ക്യാപ്‌റ്റന്‍ നമ്പ്യാര്‍ തുടങ്ങിയ സുഹൃത്തുക്കളും മീരയും അലക്‌സിയുമൊത്തുള്ള സാഹ്‌യാനങ്ങളുമാണ്‌ രഘുനന്ദന്റെ വ്യക്തി ജീവിതത്തെ മുമ്പോട്ടു കൊണ്ടു പോകുന്നത്‌.

മറ്റുള്ളവര്‍ ജീനിയസ്‌ എന്ന്‌ വിളിക്കുമ്പോഴും, അതില്‍ അല്‌പം അഹങ്കരിക്കുമ്പോഴും രഘുനന്ദനന്‍ സ്വയം മനസിലാക്കാതെ പോയിരുന്ന ഒന്നുണ്ട്‌, താന്‍ ഒരു ആല്‍ക്കഹോളിക്‌ ആണെന്ന സത്യം. രാവിലെ മുതല്‍ തന്നെ മദ്യത്തില്‍ ആരംഭിക്കുന്ന രഘുവിന്റെ രാത്രി അവസാനിക്കുന്നതും മദ്യത്തില്‍ തന്നെ. മദ്യലഹരിയില്‍ മാത്രം മുമ്പോട്ടു പോകുന്ന ഒരു ജീവിതം. ഇതിനിടയില്‍ എപ്പോഴോ രഘു സ്വയം തിരിച്ചറിയുന്നു താന്‍ മദ്യത്തിന്‌ അടിമപ്പെട്ട ഒരു ജീവിതമായി മാറിയിരിക്കുന്നു എന്ന്‌. അതോടെ മദ്യത്തില്‍ നിന്നും മനപ്പൂര്‍വ്വമായി അയാള്‍ പിന്തിരിയുന്നു.

മദ്യത്തെ ഉപേക്ഷിക്കുമ്പോഴാണ്‌ ലഹരിയില്‍ തനിക്ക്‌ കൈമോശം വന്ന നിമഷങ്ങളും ജീവിതവും അയാള്‍ തിരിച്ചറിയുന്നത്‌. നല്ലൊരു പ്രഭാതം തന്നെ കണ്ടിട്ട്‌ വര്‍ഷങ്ങളായിരുന്നു എന്ന രഘുനന്ദന്റെ തിരിച്ചറിവ്‌ മദ്യത്തിനെതിരെ സംസാരിക്കാനാണ്‌ അയാളെ പ്രേരിപ്പിക്കുന്നത്‌. അങ്ങനെ ഒരു മുഴുക്കുടിയനായ പ്ലംബര്‍ മണിയന്റെ കുടുംബ ജീവിതം അയാള്‍ ഷോ ദ്‌ സ്‌പിറ്റ്‌ എന്ന പോഗ്രാമിലൂടെ ജനങ്ങള്‍ക്ക്‌ മുമ്പിലേക്ക്‌ വെയ്‌ക്കുന്നു. അങ്ങനെ തന്റെ ഷോ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകരോട്‌ മദ്യം തകര്‍ത്ത തന്റെയും മണിയന്റെയും കഥ പറഞ്ഞ്‌ ഒരു പുതിയ ജീവിതത്തിലേക്ക്‌ കടക്കുകയാണ്‌ രഘുനന്ദനന്‍. അതിനിടയില്‍ രഘുനന്ദനന്റെ വാക്കുകളിലൂടെ തീര്‍ച്ചയായും ഉപേക്ഷിക്കേണ്ട മാറ്റിനിര്‍ത്തേണ്ട ഒന്നാണ്‌ ലഹരി എന്ന ബോധ്യം പ്രേക്ഷകര്‍ക്ക്‌ നല്‍കാന്‍ രഞ്‌ജിത്ത്‌ ശ്രമിക്കുന്നു.

കേരളത്തില്‍ ഏറെ വരുന്ന മദ്യപാനാസക്തി തന്നെയാണ്‌ ഇത്തരമൊരു ചിത്രത്തിലേക്ക്‌ തന്നെ നയിച്ചതെന്ന്‌ രഞ്‌ജിത്ത്‌ പറയുന്നു. ഓരോ വാര്‍ഷിക കണക്കെടുപ്പിലും കോടികളുടെ വിദേശ മദ്യമാണ്‌ കേരളത്തില്‍ വിറ്റഴിയുന്നത്‌. ഇതിന്‌ പുറമെയാണ്‌ വ്യജമദ്യവും മറ്റു ലഹരികളും. ഇവിടെ മദ്യപിച്ച്‌ നശിക്കുന്നത്‌ ഭൂരിപക്ഷവും സാധാരണ ജീവിതങ്ങളാണ്‌. പ്ലംബര്‍ മണിയനെ പോലെയുള്ളവരുടെ ജീവിതങ്ങള്‍. അന്നത്തെ ആഹാരവും ജീവിതവും നിറയ്‌ക്കാന്‍ കിട്ടുന്ന വരുമാനം മദ്യഷാപ്പുകളില്‍ നല്‍കുകയാണ്‌ മണിയനെ പോലുള്ളവര്‍. പിന്നെ ചിലര്‍ മദ്യപിച്ച്‌ ചെറുപ്പത്തിലെ മരണത്തിലേക്ക്‌ പോയ യുവകവിയെ പോലെയുള്ളവര്‍. എല്ലാ ജീവിതങ്ങളും തകര്‍ക്കുന്നത്‌ അവരുടെ ജീവിതങ്ങളെ മാത്രമല്ല ഒരുപാട്‌ ജീവിതങ്ങളെയാണ്‌, അവരുള്‍പ്പെടുന്ന കുടുംബങ്ങളെയാണ്‌. ഈ തിരിച്ചറിവ്‌ നല്‍കുകയാണ്‌ സ്‌പിരിറ്റ്‌ എന്ന ചിത്രത്തിലൂടെ രഞ്‌ജിത്ത്‌.

മികച്ച തിരക്കഥയും സംവിധാന മികവും രഞ്‌ജിത്തിന്റെ കൈയ്യില്‍ ഒരു തവണ കൂടി ഭദ്രമായിരിക്കുന്നു. അതിനൊപ്പം തന്നെ വേണുവിന്റെ ഛായാഗ്രഹണവും ഷഹബാദ്‌ അമന്റെ സംഗീതവും വേറിട്ടു തന്നെ നില്‍ക്കുന്നു. ചെറിയ റോളുകളില്‍ വന്നു പോയ തിലകനും കല്‌പനയും മുതല്‍ കനിഹയും, സിദ്ദാര്‍ഥ്‌ ഭരതനും ആദ്യമായി അഭിനയത്തിലേക്ക്‌ കടക്കുന്ന ശങ്കര്‍രാമകൃഷ്‌ണനും എല്ലാം മികച്ച പ്രകടനങ്ങള്‍ സിനിമയില്‍ നല്‍കിയിരിക്കുന്നു. എല്ലാത്തിനും മുകളില്‍ വേറിട്ടു നില്‍ക്കുന്നത്‌ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭ ഒരുക്കുന്ന കാഴ്‌ചകളാണ്‌. സ്ഥിരം കഥാപാത്രങ്ങളില്‍ പെട്ടുപോയിരുന്ന ലാല്‍ അമ്പരപ്പിക്കുന്ന ഒരു തിരിച്ചു വരവ്‌ സ്‌പിരിറ്റിലൂടെ നല്‍കിയിരിക്കുന്നു. ഒരു പക്ഷെ മോഹന്‍ലാലിന്‌ മാത്രം അവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രമാണ്‌ സ്‌പിരിറ്റിലെ രഘുനന്ദനന്‍. ഒരു ആല്‍ക്കഹോളിക്കിന്റെ ജീവിതം സിനിമയുടെ ആദ്യ പകുതിയില്‍ ലാല്‍ പകര്‍ത്തുമ്പോള്‍ സിനിമയുടെ രണ്ടാം പകുതിയില്‍ മദ്യത്തോട്‌ വിരക്തി നേടിയ രഘുവിനെയാണ്‌. ശരീരഭാഷ കൊണ്ട്‌ രണ്ട്‌ വ്യക്തിത്വങ്ങളായി രഘുവിനെ അവതരിപ്പിക്കാന്‍ ഇവിടെ ലാലിന്‌ കഴിഞ്ഞിരിക്കുന്നു. ലാലില്‍ നിന്നും എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മറ്റൊരു പെര്‍ഫോമന്‍സായി അങ്ങനെ രഘുനന്ദനന്‍ മാറുന്നു.

എന്തുകൊണ്ടും മലയാളി കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്‌ സ്‌പിരിറ്റ്‌. നമ്മുടെ സമൂഹത്തിലെ യാഥാര്‍ഥ്യബോധമുള്ള ചില കാഴ്‌ചകള്‍ ഈ സിനിമയിലുണ്ട്‌ എന്നതാണ്‌ കാരണം. ആ കാഴ്‌ചകള്‍ മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടെങ്കില്‍ അത്‌ സ്‌പിരിറ്റ്‌ എന്ന സിനിമയുടെ വിജയമാകും. അത്തരമൊരു വിജയം ഈ രഞ്‌ജിത്ത്‌ സിനിമ നേടട്ടെ എന്ന്‌ തന്നെ ആശംസിക്കാം.
ഷോ ദ്‌ സ്‌പിരിറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക