Image

സ്റ്റിമുലസ് പേയ്മെന്റ് ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published on 08 March, 2021
സ്റ്റിമുലസ് പേയ്മെന്റ് ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വാഷിംഗ്ടൺ, ഡി.സി: 1.9 ട്രില്യന്റെ സ്റ്റിമുലസ് പാക്കേജ് നാളെ (ചൊവ്വ) ആണ് ഹൌസ് വീണ്ടും പാസാക്കുക. സെനറ്റിൽ പല മാറ്റങ്ങളും വരുത്തിയത് കൊണ്ടാണ് അത് വീണ്ടും ഹൌസിൽ എത്തുന്നത്.   പാസാക്കാൻ പ്രയാസം  ഒന്നും കാണുന്നില്ല. പാസായാൽ വൈകാതെ അത് പ്രസിഡന്റ് ബൈഡന്റെ മുന്പിലെത്തും. ബൈഡൻ ഒപ്പിടുന്നതോടെ ബിൽ  നിയമമാകും.

ഈ ആഴ്ച തന്നെ ഇതുണ്ടാകും. പ്രസിഡന്റ് ഒപ്പിട്ടു കഴഞ്ഞാൽ ദിവസങ്ങൾക്കകം തുക ബാങ്ക് അക്കൗണ്ടിൽ എത്തും.

വ്യക്തിഗതമായി 1,400 ഡോളർ വരെയും, ദമ്പതികൾക്ക്  2,800 ഡോളർ വരെയും, ആശ്രിതർക്ക് അധികമായി 1,400 ഡോളർ വീതവും ലഭിക്കാം

പണം എങ്ങനെ  ലഭിക്കും?

ഐആർഎസ് മുമ്പ് മൂന്ന് രീതിയിൽ നിങ്ങളുടെ പേയ്മെന്റ് എത്തിച്ചിരിക്കാൻ സാധ്യതയുണ്ട്. നേരിട്ടുള്ള നിക്ഷേപം വഴിയോ (direct deposit) , ചെക്ക് (mailed check) അല്ലെങ്കിൽ പ്രീപെയ്ഡ് ഡെബിറ്റ് കാർഡ് വഴിയോ ആയിരിക്കാം നിങ്ങൾക്ക് മുൻപ് തുക ലഭിച്ചത്. മുമ്പ് നേരിട്ടുള്ള നിക്ഷേപം വഴി പേയ്മെന്റ് ലഭിച്ചെന്നു കരുതി ഇത്തവണയും അതേ രീതിയിൽ തന്നെ വിതരണം ചെയ്യപ്പെടുമെന്ന് നിർബന്ധമില്ല. ചിലപ്പോൾ ചെക്ക് ആയെന്നിരിക്കാം. പ്രീപെയ്ഡ് ഡെബിറ്റ് കാർഡിൽ ഐആർ‌എസ് പേയ്‌മെന്റുകൾ അയയ്‌ക്കാനും സാധ്യതയുണ്ട്.

പേയ്‌മെന്റിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് എത്ര വരുമാനം ഉണ്ടായിരിക്കണം?

സ്റ്റിമുലസ് പേയ്‌മെന്റിന് യോഗ്യത നേടാൻ  നിങ്ങൾക്ക് വരുമാനം ഉണ്ടായിരിക്കേണ്ടതില്ല. എന്നാൽ വരുമാന പരിധി ഉണ്ട്.

മൂന്നാം ഘട്ട പെയ്‌മെന്റുകൾക്കായി, ക്രമീകരിച്ച മൊത്ത വരുമാനം (എജിഐ) 75,000 ഡോളറോ അതിൽ കുറവോആയ ആർക്കും അർഹത നേടാം.  വ്യക്തികൾക്ക് 1,400 ഡോളർ വരെ ലഭിക്കും.  ദമ്പതികൾക്ക് 150,000 ഡോളറുമാണ് വരുമാനപരിധി. യോഗ്യതയുള്ള നികുതിദായകരുടെ  ഓരോ ആശ്രിതർക്കും 1,400 ഡോളർ അധികമായി ലഭിക്കും

ആശ്രിതർക്കുള്ള സ്റ്റിമുലസ് പേയ്‌മെന്റുകൾക്ക് പ്രായപരിധി ഉണ്ടോ?

മുമ്പത്തെ സ്റ്റിമുലസ് ദുരിതാശ്വാസത്തിൽ, ആശ്രിതർക്ക് 17 വയസ്സിന് താഴെയാണ് പ്രായമെങ്കിൽ മാത്രമേ മാതാപിതാക്കൾക്കു പേയ്‌മെന്റ് നല്കിയിരുന്നുള്ളു.

 പ്രായപരിധി സംബന്ധിച്ച് പരാതിപ്പെട്ട പല മാതാപിതാക്കൾക്കും ഇപ്പോൾ ഒരു സന്തോഷ വാർത്തയുണ്ട്.
 കോളജ് വിദ്യാർത്ഥികൾ, വികലാംഗരായ മുതിർന്ന കുട്ടികൾ, പ്രായമായ അച്ഛനോ അമ്മയോ ആണ് ആശ്രിതരെങ്കിൽ പ്രായപരിധി ഇല്ലാതെ 1,400 ഡോളർ വീതം ആശ്രിത പേയ്‌മെന്റിന് യോഗ്യത ഉണ്ടായിരിക്കും. പണം ആശ്രിതർക്കല്ല, നികുതിദായകന് നേരിട്ടാകും നൽകുക.

സ്വന്തമായി താമസിക്കുന്ന ചെറുപ്പക്കാർക്കും, മറ്റാരുടെയും പിന്തുണയില്ലാതെ സ്വയം പഠിക്കുന്ന കോളജ്  വിദ്യാർത്ഥികൾക്കും, ആശ്രിതരെന്ന് അവകാശപ്പെടാൻ കഴിയാത്തവർക്കും  1,400 ഡോളറിന്റെ സ്റ്റിമുലസ് പേയ്‌മെന്റിന്  സ്വയം അർഹത ഉണ്ടായിരിക്കും.

എത്ര വരുമാനം ഉണ്ടെങ്കിലാണ് ഒരാൾ സ്റ്റിമുലസ് പേയ്‌മെന്റിന്  യോഗ്യനല്ലാതാകുന്നത്?

 മൊത്ത വരുമാനത്തിൽ നിന്ന് ചില തുകകൾ   കുറച്ചുകൊണ്ടാണ് യോഗ്യത നിർണ്ണയിക്കുന്നത്.
 ഒന്നും രണ്ടും റൗണ്ടിൽ പണം ലഭിച്ചതു കൊണ്ട് മാത്രം  ഇത്തവണ അർഹത ഉണ്ടാകണമെന്നില്ല.

മൊത്ത വരുമാനം ക്രമീകരിച്ച് ഒരാൾ സമർപ്പിക്കുന്ന ടാക്സ് ഫയലിൽ വരുമാനം  80,000 ഡോളറിൽ കൂടുതലാണെങ്കിൽ, സ്റ്റിമുലസ് പേയ്‌മെന്റിന് അർഹതയില്ല. ഗൃഹനാഥൻ എന്ന നിലയിൽ  ഫയൽ ചെയ്യുന്നവരുടെ  കട്ട്ഓഫ് 120,000 ഡോളറാണ്. ഫയൽ ചെയ്യുന്ന ദമ്പതികളുടെ സംയുക്തമായ വരുമാനം 160,000 ഡോളറിൽ കൂടുതലാണെങ്കിൽ പേയ്‌മെന്റിന് അർഹത ഉണ്ടായിരിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക