Image

കുഞ്ഞ് കറുത്തതാകുമോയെന്ന് രാജകുടുംബം ഭയന്നിരുന്നു: ഒപ്രാ വിന്‍ഫ്രിയോട് മേഗൻ

Published on 08 March, 2021
കുഞ്ഞ് കറുത്തതാകുമോയെന്ന് രാജകുടുംബം ഭയന്നിരുന്നു:  ഒപ്രാ വിന്‍ഫ്രിയോട്  മേഗൻ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നും തനിക്കുണ്ടായ അവഗണനയും  ദുരനുഭവങ്ങളും  തുറന്നു പറഞ്ഞ് ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിട്ട  അവഗണനയും  വിവേചനവും  മേഗൻ തുറന്നുപറഞ്ഞത്. 

മകൻ ആർച്ചിക്ക് ഇപ്പോൾ ഒരു വയസുണ്ട്. അവന്റെ ജനനത്തിനു മുൻപുതന്നെ അവന്റെ നിറം എന്തായിരിക്കുമെന്ന ചർച്ചകൾ രാജകുടുംബത്തിലുണ്ടായി. കുഞ്ഞ് കറുത്തതാകുമോയെന്ന ഭയം രാജകുടുംബത്തിനുണ്ടായിരുന്നു. കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന വിവരം ഹാരിയാണ് തന്നോടു പങ്കുവച്ചതെന്നും മേഗൻ അഭിമുഖത്തിൽ പറഞ്ഞു. 

മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമാണ്. 

വിവാഹത്തിനു മുൻപുതന്നെ കാര്യങ്ങൾ ശരിയായ രീതിയിൽ പോകില്ലെന്നുള്ളതിന്റെ സൂചനകൾ ലഭിച്ചിരുന്നു. മകനു യാതൊരു പദവിയും ലഭിക്കില്ലെന്ന് ഹാരി തന്നെ അറിയിച്ചു. എന്നാൽ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥ. ഇനി ജീവിക്കേണ്ട എന്ന ചിന്ത പോലും പലപ്പോഴായി മനസ്സിൽ കടന്നു വന്നു.  ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. മാനസിക സംഘർഷങ്ങൾ മറികടക്കാൻ കൊട്ടാരത്തിൽനിന്ന് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കപ്പെട്ടുവെന്നും അതെന്നെ വളരയധികം വേദനിപ്പിച്ചുവെന്നും മേഗൻ വ്യക്തമാക്കി. 

മേഗനിൽ ആത്മഹത്യ ചിന്തകൾ ഉണ്ടായിരുന്നതായി ഹാരിയും അഭിമുഖത്തിൽ പറഞ്ഞു. 

ആ സമയത്ത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു സഹായത്തിനുപോലും ആരുമുണ്ടായിരുന്നില്ല. മേഗനെക്കുറിച്ചു വംശീയാധിക്ഷേപം ഉന്നയിക്കുന്ന വാർത്തകളും ലേഖനങ്ങളും വന്നപ്പോൾ രാജകുടുംബത്തിലെ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാതിരുന്നത് തന്നെ വളരെയധികം വേദനിപ്പിച്ചു. പ്രശ്‌നങ്ങള്‍ മേഗനെ മാത്രം ബന്ധപ്പെട്ടായിരുന്നില്ല. അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തെകൂടി സംബന്ധിക്കുന്നതായിരുന്നു,” ഹാരി പറഞ്ഞു.

കൊട്ടാരം​ ഉപേക്ഷിച്ചശേഷം  പിതാവ്  പ്രിൻസ് രാജകുമാരൻ തന്റെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാറില്ലന്നും ഹാരി അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നോട് അവർ സംസാരിക്കുന്നത് അവസാനിപ്പിക്കുന്നതിനു മുൻപ് മൂന്നു പ്രാവശ്യം മുത്തശിയുമായും രണ്ടു തവണ പിതാവുമായും സംസാരിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ രാജകുടുംബം സാമ്പത്തികമായി നൽകിയിരുന്നതെല്ലാം അവസാനിപ്പിച്ചുവെന്നും അമ്മ ഡയാന രാജകുമാരി തനിക്കായി സൂക്ഷിച്ച പണത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹാരി പറഞ്ഞു.

വിവാഹത്തിനു മുൻപ് താൻ കെയ്റ്റിനെ കരയിപ്പിച്ചുവെന്ന വാർത്തകൾ  നിഷേധിച്ച മേഗൻ മറിച്ചാണ് സംഭവിച്ചതെന്നും  പറഞ്ഞു. ”വിവാഹത്തിന് ഏതാനും ദിവസം മുൻപ് എന്തോ വിഷയത്തിൽ കെയ്റ്റ് ആകുലയായിരുന്നു. അവർക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു. അതിനാലാണ് മാപ്പു ചോദിച്ചുളള കുറിപ്പിനൊപ്പം എനിക്കവർ പൂക്കൾ അയച്ചുതന്നതും,” മേഗൻ പറഞ്ഞു.

 ഹാരിയുടെ വിവാഹ സമയത്ത് കെയ്റ്റിന്റെ മൂന്നു വയസുളള മകൾ ഷാർലെറ്റിന്റെ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. വിവാഹത്തിന് ഷാർലെറ്റിനായി തയ്യാറാക്കിയ വസ്ത്രം കെയ്റ്റിന് ഇഷ്ടപ്പെട്ടില്ലെന്നും അതിന്റെ പേരിൽ കെയ്റ്റ് കരഞ്ഞുവെന്നുമാണ് പാശ്ചാത്യ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്.

രാജകീയ  വിവാഹത്തിനു മൂന്നു ദിവസം മുൻപുതന്നെ തങ്ങൾ ഔദ്യോഗികമായി വി വാഹിതരായിരുന്നെന്നും ഇക്കാര്യം മറ്റാർക്കും അറിയുമായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു.  വീണ്ടും ഗർഭിണിയാണെന്നും  തങ്ങൾക്ക് പിറക്കാനിരിക്കുന്നത് മകളാണെന്നും ഹാരിയും മേഗനും വെളിപ്പെടുത്തി. 

ചാള്‍സ് രാജകുമാരന്‍റെയും ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. യുഎസിൽ ജനിച്ചു വളർന്ന, നടിയെന്ന നിലയിൽ പ്രശസ്തയായ മേഗൻ വിവാഹമോചിതയാണ്.. ഹാരിയുടെയും മേഗന്റെയും പ്രണയ വിവാഹമായിരുന്നു . 

2020 ജനുവരിയിലാണ് രാജകീയ പദവികൾ ഉപേക്ഷിച്ച് ഇരുവരും കൊട്ടാരം വിട്ടത്.
Join WhatsApp News
Good Luck 2021-03-08 16:03:05
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ലെന്നാ, പിന്നെയാ രാജകുമാരൻ!! ഭാര്യയുടെ വാക്കുകൾ കേൾക്കുന്നതിൽ തെറ്റൊന്നുമില്ല, കേൾക്കുകയും വേണം. പക്ഷേ ഭാര്യ പറയുന്നത് മാത്രമേ കേൾക്കൂ എന്നാകുമ്പോളാണ് പല പുരുഷന്മാർക്കും സ്വന്തം വീട്ടിൽ നിന്നിറങ്ങേണ്ടി വരുന്നത്. "ഏതായാലും നനഞ്ഞു, ഇനി കുളിച്ചു കയറൂ", ലോകത്തിന് കാണിച്ചുകൊടുക്ക് നല്ല മാന്യമായി, സുഖമായി ജീവിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക