Image

സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ: ഫ്രാൻസിസ് മാർപാപ്പ

ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര Published on 08 March, 2021
 സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ: ഫ്രാൻസിസ്  മാർപാപ്പ
''ഈ അനുഗ്രഹീത സ്ഥലം നമ്മുടെ ഉത്ഭവത്തിലേക്ക്, ദൈവത്തിന്‍റെ പദ്ധതിയുടെ ഉറവിടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഇവിടെയാണ് നമ്മുടെ പിതാവായ അബ്രഹാം താമസിച്ചിരുന്നത്, എങ്കിൽ നമ്മൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയതായി തോന്നുന്നു. ദൈവത്തിന്‍റെ വിളി അബ്രഹാം ശ്രവിക്കുകയും യാത്ര ആരംഭിക്കുകയും ചെയ്തത് ഇവിടെനിന്നാണ്. നമ്മളാണ് ആ വിളിയുടെയും യാത്രയുടെയും ഫലങ്ങൾ.'' ഇറാക്കിലെ ഊർ താഴ്വാരത്ത്  നടന്ന മതനേതാക്കളുടെ സംഗമത്തിൽ ഫ്രാൻസിസ് പാപ്പാ പ്രഭാഷണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. സമാധാനവും സഹോദര്യവുമാണ് ഭാവി നന്മക്കുള്ള വാക്‌സിൻ എന്ന് പാപ്പാ പ്രഭാഷണത്തിൽ അടിവരയിട്ടു പറഞ്ഞു .


ദൈവം അബ്രഹാമിനോട് സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്തുവാനും അതിലെ നക്ഷത്രങ്ങളെ എണ്ണുവാനും ആവശ്യപ്പെട്ടു. ആ നക്ഷത്രങ്ങളിൽ, തന്‍റെ സന്തതികളുടെ വാഗ്ദാനം അവൻ കണ്ടു, അത് നമ്മൾ തന്നെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം നാം ഇപ്പോൾ ഒരുമിച്ച് സ്വർഗ്ഗത്തിലേയ്ക്ക് നോക്കുകയാണെന്നും അതേ നക്ഷത്രങ്ങൾ അവിടെയുണ്ടെന്നും  പാപ്പാ പറഞ്ഞു . അവ ഒന്നിച്ച് ജ്വലിക്കുന്നതിനാൽ ഇരുട്ടിനെ അകറ്റുന്നുവെന്നും അങ്ങനെ സഹോദരങ്ങളിൽനിന്നും അയൽക്കാരിൽനിന്നും വേർപെട്ടുപോകാനാകാത്ത കൂട്ടായ്മയുടെ സന്ദേശം നമുക്ക് നൽകുന്നുവെന്നും ഓർമ്മിപ്പിച്ചു.

  ദൈവത്തെ ആരാധിച്ചും അയൽക്കാരനെ സഹായിച്ചും നമുക്കു സ്വർഗ്ഗത്തിന്‍റെ ദർശനം നഷ്ടപ്പെടുത്താതിരിക്കാം പാപ്പാ പറഞ്ഞു: അബ്രഹാമിന്‍റെ പരമ്പരയിൽനിന്ന് ഉത്ഭവിച്ച നമുക്ക് ദൈവത്തിലേക്ക് പ്രാർത്ഥനയിൽ കണ്ണുകളുയർത്താം. ദൈവത്തെ മാറ്റിനിറുത്തിയാൽ നമ്മുടെ മനസുകൾ ലോകത്തിന്‍റെ നേട്ടങ്ങളിൽ ഉടക്കുകയും വ്യക്തിപരമായ നേട്ടങ്ങളിലേയ്ക്ക് ചുരുങ്ങുകയും ചെയ്യും. യഥാർത്ഥ മതവിശ്വാസമെന്നാൽ ദൈവത്തെ ആരാധിക്കുകയും അയൽക്കാരനെ സഹായിക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

 മതമൗലികവാദം മതത്തോടുള്ള വഞ്ചനയാണെന്ന് പാപ്പാ പറഞ്ഞു .
ഊറിൽനിന്നാണ് നമ്മുടെ വിശ്വാസം രൂപംകൊണ്ടത്. ശത്രുത, തീവ്രവാദം, അക്രമം എന്നിവയൊന്നും  ഒരു വിശ്വാസ ഹൃദയത്തിൽനിന്നും ജനിക്കുന്നവയല്ല മറിച്ച്, അവ മതത്തിനെ വഞ്ചിക്കലാണ്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോൾ നമുക്ക് മിണ്ടാതിരിക്കുവാൻ കഴിയില്ലെ ന്നു പറഞ്ഞ പാപ്പാ, നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കുന്നതിനും നമ്മുടെ രാജ്യത്ത് ഉരുണ്ടു കൂടിയിരിക്കുന്ന ഭീകരതയുടെയും യുദ്ധത്തിന്‍റേയും അക്രമത്തിന്‍റേയും വിദ്വേഷത്തിന്‍റേയും മേഘങ്ങളെ തുടച്ചു നീക്കുന്നതിനാണെന്നും പ്രസ്താവിച്ചു. ഈ രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളെ മതതീവ്രവാദം പിടിമുറുക്കിയപ്പോൾ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ധാരാളം ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെട്ടതും, അനേകർ രക്തസാക്ഷികളായതും പാപ്പാ അനുസ്മരിച്ചു.

 അബ്രാഹം കാട്ടിത്തന്ന കൂട്ടായ്മയിലേയ്ക്ക് നാം വളരണം .
നമ്മൾ മാത്രം എന്ന മനോഭാവത്തിൽനിന്ന് “നമുക്ക് എല്ലാവരും വേണം,” എന്ന മനോഭാവത്തിലേയ്ക്കു വളരേണ്ട ആവശ്യകത ഈ മഹാമാരി പഠിപ്പിക്കുന്നു.  ഏകാന്തതയോ, ആയുധങ്ങളോ, പണമോ നമ്മെ രക്ഷിക്കില്ലെന്നും, സമാധാനത്തിന്‍റെ പാതയിലൂടെ മാതരമേ രക്ഷയും സംരക്ഷണവും സാധ്യമാവുകയുള്ളൂവെന്നും പാപ്പാ വിശദീകരിച്ചു.

പിതാവായ അബ്രഹാം നമ്മെ നിരന്തരം കൂട്ടായ്മയിലേക്കാണ് ക്ഷണിക്കുന്നതെന്നും ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിൽ കാണുന്ന "ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല" എന്ന പ്രവചനം ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും, അതേസമയം, വാളും കുന്തവും മിസൈലുകളായും ബോംബുകളായും മാറിയിരിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, വിദ്വേഷം എന്ന ശത്രുവിനെ ഇല്ലാതാക്കുമ്പോൾ സമാധാനം സാധ്യമാകുമെന്നും ഓർമ്മിപ്പിച്ചു.

 സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ എന്ന് മാർപാപ്പ പറഞ്ഞു .
വിദ്വേഷത്തിന്‍റെ ഉപകരണങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതിന് നേതൃത്വം നൽകേണ്ടത് നമ്മൾ ഒരുമിച്ചാണെന്നും, വർദ്ധിച്ചുവരുന്ന ആയുധവ്യാപനത്തെ, എല്ലാവർക്കുമുള്ള ഭക്ഷണവിതരണത്തിനായി വഴിമാറ്റിവിടുവാൻ രാഷ്ട്ര നേതാക്കളോട് നിരന്തരം അഭ്യർത്ഥിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും പാപ്പാ പറഞ്ഞു. പിതാവായ അബ്രഹാമിന്‍റെ യാത്ര സമാധാനത്തിനു വേണ്ടിയുള്ളതായിരുന്നു. നാമും ആ പാതതന്നെയാണ് പിന്തുടരേണ്ടതും. പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ട്, സാഹോദര്യത്തിന്‍റെ സന്ദേശം പകർന്നുകൊടുക്കണം, കാരണം 'സഹോദര്യമാണ്' ഭാവിയിലേക്കുള്ള ഉദാത്തമായ വാക്സിൻ.

ഉപസംഹാരം

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇവിടെ നാം നമ്മുടെ ഭവനത്തിൽ കണ്ടുമുട്ടിയിരിക്കുന്നു, മനുഷ്യകുടുംബത്തിന് ആതിഥ്യമരുളുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യണമെന്ന ദൈവത്തിന്‍റെ ആഗ്രഹം നിറവേറ്റുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. സ്വർഗ്ഗത്തിലേയ്ക്ക് മിഴികളുറപ്പിച്ച് സമാധാനത്തോടെ നമുക്ക് ഈ ഭൂമിയിലെ യാത്ര തുടരാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക