Image

അനന്തരം ; ഒരു വനിതാദിന കഥ : മീര കൃഷ്ണൻകുട്ടി, ചെന്നൈ

Published on 08 March, 2021
അനന്തരം ; ഒരു വനിതാദിന കഥ : മീര കൃഷ്ണൻകുട്ടി, ചെന്നൈ
വായിക്കാം, ഒരു വനിതാദിന കഥ . "അനന്തരം" എന്നാവും അതിനു ചേർന്ന പേര്. 

സമയം  പ്രഭാതം. റാണി ഞെട്ടി  എഴുന്നേറ്റു  നോക്കുമ്പോൾ മണി ആറ്! 

തലേന്ന് രാത്രി  രാജന്റെ  ചങ്ങാതിമാർ ആഹ്ളാദമടങ്ങി,അത്താഴം   കഴിച്ചിറങ്ങുമ്പോൾ അർദ്ധ രാത്രി കഴിഞ്ഞിരുന്നു.

 അത്താഴത്തിന്റെ   അധ്വാനം    ഉറക്കത്തിനുപോലും തടുക്കാനാവാത്ത  തലവേദനയായി മാറിയ കാരണം , റാണി മയങ്ങിയത്   പുലർച്ചക്കായിരുന്നു.
 
"അയ്യോ ! രാജന്റെ  ബെഡ്  കോഫിയും , രാജൂട്ടിയുടെ   പിക്ക് നിക്   സ്‌നാക്‌സും  പ്രാതലും!   രാജൂട്ടിക്കിന്ന്
പിക്നിക്കുണ്ടെന്നു പറഞ്ഞതായിരുന്നല്ലോ "!
 റാണിയുടെ തലയിൽ പല മിന്നൽ പിണരുകൾ  തലങ്ങും  വിലങ്ങും  ആഞ്ഞു വീശി. ഇടിവെട്ടും  ഘോരഘോരമായി.

അതോടെ റാണി  കട്ടിലിൽ നിന്ന് ചാടിയിറങ്ങി. 

അപ്പോഴതാ,  അത്ഭുതം.. ! രാജൻ  പുഞ്ചിരിയോടെ  മുൻപിൽ !     കൈയ്യിൽ ഒരു കപ്പു കാപ്പി!

“ഹാപ്പി  വിമൻസ്  ഡേ ഡിയർ!  എൻജോയ്
യുവർ  സ്പെഷ്യൽ ഡേ!" 

ഇതെന്തു  മറിമായം! 

റാണി വീണ്ടും  ഞെട്ടി.  

കാപ്പിക്ക്  കരിഞ്ഞപാലിന്റെ  സ്വാദായിരുന്നു.  കാഴ്ചയിൽ കഞ്ഞിവെള്ളം പോലെ യായിരുന്നു. ആറിതണുത്തിരിന്നു. എന്നിട്ടും  റാണിയുടെ  ഉള്ളം പെരിയാറായി,നിറഞ്ഞു  കവിഞ്ഞു.
 
പക്ഷെ,പതിവായി  രാവിലെ  ആവി  പറക്കുന്ന  കാപ്പിയുമായി   രാജനു   മുൻപിൽ  നിൽക്കുമ്പോൾ  കേൾക്കുമായിരുന്ന, ആൺ  മൊഴി അറിയാതെ അപ്പോഴും മനസ്സിലൊന്നാളി  യുയർന്നു. 
 
“എന്താ  റാണി ,ഒരു കാപ്പിയെങ്കിലും  മനുഷ്യന്  കുടിക്കാൻ പാകത്തിൽ  ഉണ്ടാക്കിക്കൂടെ?” ചെവിയിലാ  മൂളൽ  വിടാതെ  പറന്നു കൊണ്ടിരുന്നു...

  റാണിയത് പ്രയാസപ്പെട്ട് അടക്കി, അകത്തിട്ട് പൂട്ടി. 

റാണിയെ   അമ്പരപ്പിച്ചു  കൊണ്ട്  മേശപ്പുറത്തപ്പോൾ കാണാറായത്   ആനന്ദ ഭവനിൽനിന്നുള്ള  പ്രാതൽപൊതികൾ!

 രാജൂട്ടിയതാ  യൂണിഫോമിൽ.   സ്കൂളിൽ  പോകാൻ തയാറായി ക്കൊണ്ട്! കൈയിൽ  വാട്ടർബോട്ടിൽ,   ചുമലിൽ വീർത്തു  വീങ്ങിയ  സ്‌നാക്കിന്റെ  ബാഗ് ! റാണി   കണ്ണു  തിരുമ്മി  , കൈയിൽ  നുള്ളി നോക്കി.

എന്നിട്ടും,പതിവുശീലം  പാലിച്ചു  കൊണ്ടു   ബാത്റൂമിലേക്ക്‌    എക്സ്പ്രസ്സ്  ട്രെയിൻ എടുത്തു. പിന്നീട് അടുക്കളയിലേക്ക് ‌  സൂപ്പർഫാസ്റ്റും .

  “റിലാക്സ്...ബേബി"! രാജന്റെ ശബ്ദം.
വീണ്ടും  ഒരു   മഹാത്ഭുതം! ഒരു  പാത്രമില്ല,  ഒരു  ഗ്ലാസ്സില്ല  സിങ്കിൽ.. .!
ഒരു ടവൽ  പോലുമില്ല,അഴുക്കു തുണിക്കൂടയിൽ !!.
ഈശ്വരാ , വീട്  മാറിയോ ?റാണിയുടെ മനസ്സ്  കലങ്ങി മറഞ്ഞു. അവൾ വർക്ക്  ഏരിയയിലേക്ക്  ഓടാൻ  തുടങ്ങി. അപ്പോഴാണ് , രാജൻ തടുത്തത്‌. 
 
“ഇന്ന്  നിന്റെ  ദിനമല്ലേ മോളെ ?  അടുക്കള, ഇന്ന് എന്റെ ചുമതല.....!"

 രാജൻ  മൊഴിഞ്ഞു . ഏറ്റവും  മൃദുവായി,  ഒരു പൂച്ചക്കുട്ടിയോടെന്ന പോലെ. 

 
 
“നിനക്കിന്നു  പൂർണ  വിശ്രമം.ഇന്ന് ലഞ്ച് ‌  പുറത്ത്!” അതും പറഞ്ഞ്  പതുക്കെ മുതുകിൽ തട്ടി , കുട്ടിയെയും  കൊണ്ട് രാജൻ പെട്ടെന്നിറങ്ങി.


 റാണി ഒരു  സെക്കന്റ്  നേരത്തേക്ക്   ഒരു  പ്രതിമയായി.പിന്നെ  അയഞ്ഞുതുടങ്ങി.

  നോക്കണേ  ,  അയയുംതോറും, പല പല അടരുകൾ ഓരോന്നോരോന്നായി    ഉതിരാനും തുടങ്ങി. 

ബാക്കിയായത്  പഴയ  റാണി. 
ഉടനെ  അവൾ 
 തലയണക്കീഴിലിരുന്ന , മൊബൈൽ എടുത്തു. 

പൂട്ടിവെച്ചിരുന്ന  ഒരു പാട്ടപ്പോൾ പെട്ടെന്നുപുറത്തു  ചാടി. “അപ്പങ്ങൾ  എമ്പാടും  പെട്ടെന്ന്  ചുട്ടമ്മായി....!.” .

ഒപ്പത്തിനൊപ്പം  റാണിയുടെ കൈകൾ താളമിട്ടു. കാലുകൾ  തുള്ളി രസിച്ചു . 

പിന്നീട്, മൊബൈലിലെ  എല്ലാ  ചൂളം വിളി ശബ്ദങ്ങൾക്കും  ഉചിതമായ  മറു  ശബ്ദങ്ങൾ  നൽകി . കിളികൂടുകൾ മൊത്തം സജീവം . കിളികൾ  ഉച്ചത്തിൽ കൂവി. പാടി.

നല്ലകണക്കിൽ   ഒരു നാല് നല്ല ചീത്തകൾ , സ്നേഹത്തോടെ  അടുത്ത  കൂട്ടുകാരിക്ക് ചുമർ  തുളയ്ക്കുന്ന ശബ്ദത്തിൽ  കൈമാറി. 

 നാട്ടുകാര്യവും, വീട്ടുകാര്യവും എല്ലാം  വാർത്താവിഭവങ്ങളാക്കി അമ്മയെ  വിളിച്ചു!   മുടങ്ങി പ്പോയിരുന്ന പതിവുകൾ...!

പത്രങ്ങൾ  പരത്തിയിട്ട്  വിസ്തരിച്ചു  വായിച്ചു .മടക്കു നിവർത്തി  വലിച്ചു വാരിയിട്ടുകൊണ്ടു  തന്നെ . പരിശോധനക്ക്ആരുമില്ലെന്ന ധൈര്യത്തിൽ.

 ഇടയ്ക്കിടയ്ക്ക്  പക്ഷെ , പഴയ  ഓർമയിൽ  ലഞ്ചിന്‌  എന്തുണ്ടാക്കണം  എന്ന്  പരിഭ്രമിച്ചു.

മോന്റെ പിക്‌നിക്കും , അച്ഛന്റെ  ലഞ്ച്  ഓഫറും  വീണ്ടും ഓർമയിൽ  തെളിഞ്ഞപ്പോൾ മനസ്സൊന്നു  ശാന്തമായി.

  ശേഷം  വെറുതെ ഒന്നു   കണ്ണാടി  നോക്കി . കവിളുകൾ  കരുവാളിച്ചി രിക്കുന്നു. തൈര് തേച്ചുപിടിപ്പിക്കാൻ വൈകി . മുടി ഒന്നു ട്രിമ്മാക്കണം.അവളോർത്തു.പിന്നെ നേരം കളയാതെ  കത്രിക തിരഞ്ഞെടുത്തു. 
മുടി ശരിയാക്കി. ലഞ്ചിന്‌  ഇടേണ്ട  വേഷം   തീരുമാനിച്ചു . പിന്നീട്
 ബെഡ്‌ഡിൽ ഒന്നു വിശാലമായി  കിടന്നുരുണ്ടു. ബാൽക്കണിയിൽ ചെന്നു  നിന്ന് ,തൊട്ട   ഫ്ലാറ്റുകാരിയുമായി  ചേർന്ന്‌ ഐശ്വര്യറായിയെ    വിശദമായി പോസ്റ്റ് മോർട്ടം ചെയ്തു .

രാജന്റെ വിളി വന്നത്
അപ്പോൾ. ക്ലബ്ബിലേക്കു ചെല്ലാനായിരുന്നു. മീറ്റിംഗ്  കഴിഞ്ഞ  ഉടനെ  എത്തുന്നുണ്ടെന്നും  പറഞ്ഞു.

 റാണി ഉടനെ തയ്യാറായി. രാജന്റെ  പല  പല തരം വാശികൾ  കോറിയിട്ടിരുന്ന  എല്ലാ   മുറിപ്പാടുകളും   സന്തോഷലേപനം  കൊണ്ട്  മായിച്ചെടുത്തു.പുഞ്ചിരിയുടെ പുറത്ത് ചുവന്ന ലിപ്സ്റ്റിക്കിട്ടു. ലഞ്ചിനു  ക്ലബ്ബിലേക്കിറങ്ങി.  .

രാജൻ,   എത്താൻ  കുറച്ചു  വൈകിയെങ്കിലും , റാണിക്ക്  മുഷിഞ്ഞില്ല.


  അവൾ ”പ്രിയമാനസാ”  എന്ന  പദം  മനസാ  മൂളി, പഠിച്ചു  മറന്നിരുന്ന  മോഹിനിയാട്ടത്തിന്റെ  അടവുകൾ   പൊടിതട്ടിയെടുത്ത്,
മനസ്സിലിട്ടു രസിച്ച്‌ , വിരസതയകറ്റി.

 മുന്നിൽ കുമിഞ്ഞ  ചെമ്മീൻ  ഫ്രൈയും , ബിരിയാണിയും, കണ്ടും കഴിച്ചും,മനസ്സു തൃപ്തമാക്കി. യാത്ര പറഞ്ഞ്,രാജൻ  വരുത്തിയ  ടാക്സിയിൽ  കയറി വീട്ടിലെത്തി. അപ്പോൾ മണി  മൂന്ന് .

കിടക്കയുടെ  പതുപതുപ്പ്‌  മുഴുവൻ  സ്വന്തമാക്കി ഡിന്നറിനു  എവിടേയ്ക്കാകും കൊണ്ടുപോകുക   എന്നോർത്ത് ,  അപ്പോൾ ചുവപ്പു സിൽക്കിന്റെ  ചുരിദാർ  ഇട്ടേക്കാം  എന്ന് നിശ്ചയിച്ച്‌, സ്വപ്നസ്വർഗ്ഗപൊയ്കയിൽ  നീന്തിത്തുടിച്ചു. 

ബോധം കെട്ടുള്ള ഉറക്കത്തിൽ നിന്നുണർന്നത് ഡോർ  ബെല്ലിന്റെ ശബ്ദം കാതിൽ  തുളച്ചു കയറിയപ്പോൾ. 
രാജൂട്ടനും  രാജനും!  മണി  ആറരയായിരുന്നു!
 
രാജൂട്ടന്റെ മുഖം കരഞു വീർത്തിരുന്നു. 
‘അമ്മേ , എന്റെ  സോക്സ്‌  രണ്ടും   രണ്ടു  കളർ  ആയിട്ടു  ടീച്ചർ  ചീത്ത പറഞ്ഞു”.ഏഴു വയസ്സുകാരന്റെ  എല്ലാ ദീനതയോടും കൂടി  അവൻ  കരഞ്ഞു.

അയ്യോ, ശരിയാണല്ലോ....  ഒരു  കാലിൽ  നീല .ഒന്നിൽ  വെള്ള. 
 റാണി അവനെ  സമാധാനിപ്പിക്കാൻ ഒരുങ്ങി.

“റാണി ... ഒരു  ചായ ...! പിന്നെ  രാത്രിക്കു  ചപ്പാത്തി  വേണ്ട ,ഇഡ്ഡ്ലി  മതി . സാമ്പാറും .ഉച്ചത്തെ ഫുഡ്   കുറച്ചു    ഹെവി  ആയി”.രാജന്റെ ശബ്ദം. പഴയ മുഴക്കത്തോടെ. 

റാണി   അമ്പരന്നു . അപ്പോൾ   വനിതാ  ദിനം ? ഡിന്നർ ?

“.ബേബി .....! ഡോണ്ട് യു   ബ്ലിങ്ക് ...! കമോൺ  യു  ഹാഡ് എ   ഗുഡ്  ടൈം  അല്ലെ ...? വെയ്‌ക്കപ്  റാണി! ഇറ്റ്  ഈസ്  ഓൾ  ഓവർ.          
  ഈവൻ  എ  ഹർത്താൽ വുഡ്ഗെറ്റ്  ഓവർ  ബൈ  6 ഇൻ ദി ഈവെനിംഗ്. യു നോ  വാട്ട്‌ ദി  ടൈം  ഈസ്‌?
6. 30pm.... "


 റാണി  ശരിക്കും ഉണർന്നതപ്പോൾ!.   
 
 എല്ലാ ആടകളും  അഴിച്ചുവെക്കേണ്ട സമയമായെന്ന്  ധ്വനി. റാണി   വീണ്ടും പഴയ ഹൌസ് കോട്ടിട്ടു. ഏപ്രൺ  കയ്യിലെടുത്തു. ഡിന്നറിനുള്ള പച്ചക്കറികൾ  പുറത്തു  വെച്ചു. സോക്സ്‌  തപ്പാൻ  വാഷ് ഏരിയയിലേക്ക് നടന്നു.വാതിൽ തുറന്നു പുറത്തേക്കു  കാൽ  വെച്ചതും  നാറി പുളിച്ചു കിടന്ന പാത്രകൂമ്പാരങ്ങളിൽ  കാലുടക്കി വീഴാൻ  പോയി.

 അഴുക്കു  തുണികളെ  കൊണ്ട് നിറഞ്ഞിരുന്ന വാഷിംഗ്  മെഷീൻ    കണ്ട് പകച്ചു  നിന്നു .

 അടുക്കള  സഹായി    വനിതാദിനം    കൊണ്ടാടാൻ  രണ്ടു ദിവസത്തെ   ലീവ്  ചോദിച്ചിരുന്ന  കാര്യവും അപ്പോഴോർത്തു . 

“ഹൌ വാസ്   യുവർ ‌ഡേ, റാണി ? ഗ്രാൻഡ് ആയില്ലേ?”

കൈയിലിരുന്ന മൊബൈൽ ശബ്ദിച്ചതപ്പോൾ. റീത്ത.  അടുത്ത ചങ്ങാതി.    .

"പരോൾ ഈസ്‌ ഓവർ....!!"

കൈയിലിരുന്ന ഏപ്രൺ അപ്പോൾ കലശലായി കലമ്പൽകൂട്ടിയതങ്ങിനെ!

 അങ്ങിനെ റാണിയുടെ വനിതാദിനവും   സമാപ്തം.
Join WhatsApp News
Priya sayuj 2021-03-08 16:02:09
കഷ്ടായി പോയി.. ആറ്റുനോറ്റു കിട്ടിയ ദിവസം 6.30 ക്ക് തീർന്നെന്ന് പറയുന്നത് വല്ലാത്ത ക്രൂരതയായിപോയി.. ഒരു ദിവസം പോലും മാനേജ് ചെയ്യാൻ പറ്റാത്ത ആൺപ്രജകളുടെ കാര്യം കഷ്ടം തന്നെ അല്ലേ മീരേച്ചി... ഒരു പകൽസ്വപ്നം പോലും പൂർത്തിയാക്കാൻ കഴിയാത്ത ഒത്തിരി പെണ്ണുങ്ങൾക്ക് ഇരിക്കട്ടെ ഇത്തവണത്തെ വനിതാ ദിനാശംസകൾ!
Sudhir Panikkaveetil 2021-03-09 00:04:59
വളരെ നല്ല narration. ഭർത്താക്കന്മാർ എപ്പോ MCP ആകുമെന്ന് അറിയുക പ്രയാസം. മീര മാഡത്തിന്റെ കഥകളിലെ നർമ്മരസം ഇതിലും കലർത്തിയിട്ടുണ്ട്. അഭിനന്ദനം.
Jyothylakshmy Nambiar 2021-03-09 05:57:43
കഥകളിലെ റിയലിസം മാഡം ശരിക്കും ഉപയോഗിച്ചിരിക്കുന്നു. റിയലിസ്റ്റിക് പോർട്രെയ്ൽ ! രാവിലെ മുതൽ വൈകീട്ട് വരെയെങ്കിലും ഭർത്താവിന്റെ ഔദാര്യം ഉണ്ടായത് തന്നെ വലിയ കാര്യം. മീര മാഡത്തിന്റെ പുതിയ രചനകൾക്കായി കാത്തിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക