Image

ബാല്യകാലസഖി (കഥ : അംബിക മേനോൻ)

Published on 07 March, 2021
ബാല്യകാലസഖി  (കഥ : അംബിക മേനോൻ)
" രൺബീർ സാബ്‌
 പാലക്കാട്ടേക്ക് ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചതായിരുന്നോ?"

"ഇല്ല രത്തൻ, കേരളത്തിലേക്കുതന്നെ വീണ്ടുമൊരു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല."

"സർ, വഹ് ദേഖ്നേ മെ കൈസെ ഥീ? ഔർ അബ് കൈസേ ഹോഗീ?" (അവർ കാണാൻ എങ്ങനെയായിരുന്നു, ഇപ്പോൾ എങ്ങനെയുണ്ടാകും?)

"അറിയില്ല,  വർഷങ്ങൾ എത്ര പിന്നിട്ടിരിക്കുന്നു!"


"ആപ്കോ കഭീ ഭീ ഉസ് സേ മിൽനേ കാ മൻ നഹീം കർതാ ഥാ?"( താങ്കൾക്ക് എപ്പോഴെങ്കിലും അവരെ ഒന്ന് കാണണമെന്ന് തോന്നിയിട്ടില്ലേ?)

"ഉവ്വ്, പലപ്പോഴും.  പക്ഷെ വരലക്ഷ്മി എന്നെ എങ്ങിനെ കാണുമെന്ന ചിന്ത എന്നെ അതിൽനിന്നു  പിൻതിരിപ്പിച്ചു."

"സാബ്, വിരോധമില്ലെങ്കിൽ ആ എട്ടു വയസ്സുകാരി വരലക്ഷ്മിയുടെയും പത്തു വയസ്സുകാരൻ രൺബീറിന്റെയും കഥ പറയാമോ?"

"ഹ..ഹ.... അതൊരു കഥ തന്നെയാണ് രത്തൻ ! യാദൃച്ഛികമായി പരിചയപ്പെട്ട രണ്ടു കുടുംബങ്ങൾ. വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത സംസ്ക്കാരങ്ങൾ ! എന്നിട്ടും രണ്ടു കുടുംബവും എന്തുമാത്രം സ്നേഹത്തിലാണ് കഴിഞ്ഞതെന്നോ!"

എന്റെ പിതാജിക്ക് അമൃതസറിൽനിന്നും പാലക്കാട്ടേയ്ക്ക് ട്രാൻസ്ഫർ കിട്ടിയ സമയം. അദ്ദേഹം ഗവർമെന്റ് സർവ്വീസിലായിരുന്നു. പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്നതിനാൽ ഞങ്ങളേയുംകൊണ്ട് പാലക്കാട്ടേയ്ക്ക്  എത്തുകയായിരുന്നു. താമസ സൗകര്യമൊന്നും ശരിയായിരുന്നില്ല. ഓഫീസ് ഗസ്റ്റ്ഹൗസിലാണ് ആദ്യം താമസിച്ചത്. അധികം താമസിയാതെ പിതാജിയുടെ ഓഫീസിലെ പ്യൂൺവഴി വാടകയ്ക്ക് ഒരു വീടു ശരിയായി. അവിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എന്റെ അഡ്മിഷനും. 

ആ വീട് രണ്ടുനിലയുള്ള ഓടുമേഞ്ഞ വലിയൊരു വീടായിരുന്നു. ഒരു കേരള ബ്രാഹ്മണ കുടുംബം. ആ വീട്ടിലെ കുട്ടിയാണ് വരലക്ഷ്മി. എല്ലാവരും അവളെ സ്നേഹത്തോടെ ലച്ചു എന്നാണ് വിളിച്ചിരുന്നത്. മുട്ടുവരെയെത്തുന്ന പട്ടുപാവാടയും പൂങ്കുല പോലുള്ള മുടിയും മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി കയ്യിലണിഞ്ഞിരിക്കുന്ന കുപ്പിവളകളും കാലിലെ വെള്ളിക്കൊലുസും കിലുക്കിക്കൊണ്ട് തുള്ളിച്ചാടി നടക്കുന്ന ഒരു സുന്ദരിക്കുട്ടി.

ഞങ്ങൾക്കു താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നത് മുകളിലെ നിലയിലായിരുന്നു. അമൃതസറിലെ വീടുകളിൽനിന്ന് വ്യത്യസ്തമായ ഓടുമേഞ്ഞ വീട്. മര അഴികളെക്കൊണ്ടുണ്ടാക്കിയ ചെറിയ ജനലുകൾ. ആ ജനലിലൂടെ പുറത്തേക്കു നോക്കിയാൽ മുറ്റവും മുറ്റത്തുനിന്ന് അങ്ങ് റോഡുവരെയുള്ള വഴിയും കാണാം.

മുറ്റത്ത്  നിന്ന് ലച്ചുവും കൂട്ടുകാരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

"പഞ്ചാബ്യാന്നാ തോന്നണേ... നിറേല് മുടി പൂപോലെ കെട്ടിയിരിക്കുന്ന കണ്ടില്ലേ?എന്റെ അപ്പ പറയാറുണ്ട് പഞ്ചാബി ആൺകുട്ടികൾ ഇതുപോലെ നിറുകയിൽ മുടികെട്ടിവെയ്ക്കുമെന്ന്. ''

"നമ്മളെങ്ങന്യാ അവനോട് സംസാരിക്ക്യാ? അവന് മലയാളമൊന്നും അറിയില്ലല്ലോ?"

വീട്ടിൽനിന്നു തെരുവിലേക്കിറങ്ങിയാൽ നിരനിരയായ വീടുകൾ.  ഓരോ വീടിന്റെ ഉമ്മറത്തും രംഗോലി (കോലം) ഇട്ടിരിക്കുന്നത് കാണാം. പിതാജിയുടെ ഓഫീസിലെ പ്യൂൺ മുറിഇംഗ്ലീഷും ഹിന്ദിയും കലർത്തി പറഞ്ഞു ; അതൊരു അഗ്രഹാരമാണെന്ന്. തെരുവിന്റെ ആരംഭത്തിൽതന്നെ ഒരു ഗണപതി കോവിൽ ഉണ്ട്. കുറച്ചു കൂടി മുന്നോട്ടു നടന്നാൽ ഒരു ദേവീക്ഷേത്രം. പിന്നേയും ആ തെരുവ് നീണ്ട് അങ്ങാടിയിലെത്തും. അവിടെ ഒരു ഹൈസ്ക്കൂളും ചന്തയും  പലചരക്ക് കടയും ഉണ്ട്.

സമീപ പ്രദേശത്തുള്ള ആളുകൾ ഈ ചന്തയിൽ വന്ന് സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യും. 

അക്കാലത്ത് വീടുകൾക്കൊന്നും വേലിയോ  മുന്നിൽ  ഗേറ്റോ  ഇല്ലായിരുന്നു. ഏത് വീട്ടുമുറ്റത്തേക്കും സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാം. ഇല്ലായ്മ അറിഞ്ഞ്  എല്ലാവരും പരസ്പരം സഹായിക്കുമായിരുന്നു.

ആദ്യത്തെ കുറച്ചു ദിവസങ്ങൾ താഴെ       ഇറങ്ങിച്ചെല്ലാതെ ജനലിൽകൂടി പുറത്തേക്ക് നോക്കി നിന്നു. ലച്ചുവും കൂട്ടുകാരും വിളിച്ചാലും താഴെ ഇറങ്ങിച്ചെല്ലാൻ മടി കാണിച്ചു. അവരോട് ഏത് ഭാഷയിൽ സംസാരിക്കുമെന്ന ഭയമായിരുന്നു.

പുതിയ താമസസ്ഥലത്തെ കാറ്റും വെളിച്ചവും താഴെ ലച്ചുവിന്റേയും കൂട്ടുകാരുടെയും കളിയും ചിരിയും പോകപ്പോകെ ഞാനും ആസ്വദിക്കാൻ തുടങ്ങി.

മുകളിലെ മുറിയിൽനിന്ന്  ഞാൻ മെല്ലെ താഴെ വരാൻ തുടങ്ങി. അവിടെ കാണുന്ന കുട്ടികളോടെല്ലാം ഹിന്ദിയിലാണെങ്കിലും സംവദിക്കാൻ തുടങ്ങി.

ഓണക്കാലമായതിനാൽ തൊടിയിലിറങ്ങിയാൽ നിറയെ പൂക്കൾ നിൽക്കുന്നതു കാണാം. ലച്ചു പൂക്കളുടെ പേരൊക്കെ പറഞ്ഞു തന്നു . തുമ്പപ്പൂ .. മുക്കുറ്റിപ്പൂ ... കാശിത്തുമ്പ... കണ്ണാന്തളിപ്പൂ... എന്നിങ്ങനെ.

ഒരിക്കൽ ലച്ചു മുകളിലേക്കു കയറി വന്നു. കോണി കയറി വരുമ്പോൾ വെള്ളിക്കൊലുസിന്റെ ശബ്ദം കേൾക്കാനെന്തു രസമായിരുന്നെന്നൊ! കയറി വന്ന ഉടനെ എന്റെ കൈ പിടിച്ച് കോണിപ്പടികൾ ഇറങ്ങി മുറ്റത്തേക്കോടി.  എന്നിട്ട് എന്റെ കഴുത്തിലൊരു പൂക്കൂട തൂക്കിയിട്ടു തന്ന് അവൾ പറഞ്ഞു ,  ''കമോൺ.., ലറ്റ് അസ് ഗോ പൂ പറിയ്ക്കാൻ."

വളപ്പിനോട് ചേർന്നുള്ള സർപ്പക്കാവിനരികത്തുള്ള കാടുപിടിച്ചു കിടക്കുന്ന ഇടവഴിയിലൂടെ എന്റെ കയ്യും പിടിച്ച് സ്കൂളിനടുത്ത് ചെന്നെത്തി. അവിടെ നിറയെ കുട്ടികൾ പൂ പറിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ പൂക്കൂടയും നിറയാറായി. ലച്ചു കുറെ പൂ പറിച്ച് എന്റെ കുട്ടയിലും  ഇട്ടുതന്നു. ലച്ചുവിന്റെ കൂട്ടുകാരെല്ലാം എന്നെ നോക്കി ഹായ് പറഞ്ഞു.

 എല്ലാവരുടെ മുറ്റത്തും അത്തംതൊട്ട് പത്തുനാൾ രംഗോലിക്കു പകരം പൂക്കളമിടും. ഞാനും ലച്ചൂന്റെ കൂടെ പൂവിടാൻ കൂടി. താമസിയാതെ ഞാനും അവരുടെ കൂട്ടുത്തിലൊരാളായി.

ഓരോരുത്തരും എന്നെ മലയാളം പഠിപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു.  മുടക്കു ദിവസങ്ങളിലെല്ലാം ലച്ചു ഒന്നാം ക്ലാസ്സിലെ മലയാള പാഠപുസ്തകവുമായി മുകളിലേക്കു കയറി വരും. അവളുടെ വെള്ളിക്കൊലുസിന്റെ ശബ്ദം കേൾക്കാൻ ഞാൻ കാതോർത്തിരിക്കും.

അധികം താമസിയാതെ ഞാൻ മലയാളം തരക്കേടില്ലാതെ പറയാനാരംഭിച്ചു.  അവരെല്ലാം മുറി ഹിന്ദിയും.

കൂട്ടുകാരൊത്ത് കളിക്കാൻ പോകുമ്പോൾ ലച്ചു എന്റെ കൈപിടിച്ചുകൊണ്ടുതന്നെ നടക്കും.

നന്മ നിറഞ്ഞ ആ ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല. ലച്ചുവും കൂട്ടുകാരും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി.

മൂന്നു കൊല്ലങ്ങൾക്കിപ്പുറം ഒരു മാർച്ചിലാണ് അച്ഛന് വീണ്ടുമൊരു ട്രാൻസ്ഫർ ഓർഡർ കയ്യിൽ കിട്ടുന്നത്.  പാലക്കാട്ടുനിന്ന് പൂനയ്ക്ക്!

ലച്ചൂനും കൂട്ടുകാർക്കും  എനിക്കും സങ്കടമായി.

"രൺബീർ  ഇനി എന്നെങ്കിലും ഇങ്ങോട്ട് വരുമോ?"

"ജരൂർ ആവൂoഗാ . തും സബ് മുഝേ യാദ് കരോഗേ?" ( തീർച്ചയായും വരും .നിങ്ങളെല്ലാം എന്നെ ഓർക്കുമോ?)

എല്ലാവരും കരഞ്ഞുകൊണ്ട് വന്ന് എന്നെ കെട്ടിപ്പിടിച്ചു.

വീട്ടുസാമാനങ്ങളെല്ലാം ഒരു ലോറിയിൽ കയറ്റി,  വീടു പൂട്ടി താഴെ വന്ന് എല്ലാവരോടും യാത്ര ചോദിച്ചു.

ഉമ്മറത്തുള്ള തൂണിൽ ചാരിയിരുന്ന് ലച്ചു ഒന്നും ഉരിയാടാനാകാതെ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു.

"എന്നെ മറന്നു പോകോ? ഇനി എന്നാ ഇങ്ങോട്ടൊക്കെ വരാ?"


" മേം ആവൂംഗാ.  ഏക് ദിൻ പിതാജി കേ സാഥ് ജരൂർ ആവൂoഗാ ഔർ തുമ്ഹേ ശാദി കർകെ യഹാം സെ ലേ ജാവൂംഗാ."( ഞാൻ വരും .ഒരിക്കൽ പിതാജിയോടൊത്ത് തീർച്ചയായും ഞാനിവിടെ വന്നിട്ട്  നിന്നെ വിവാഹം കഴിച്ച് ഇവിടുന്ന് കൊണ്ടുപോകും).

എനിക്കുപോലും അറിയാത്തൊരിഷ്ടം അന്ന് വരലക്ഷ്മിയോട് തോന്നി. ഇപ്പോൾ വർഷങ്ങളെത്ര പിന്നിട്ടിരിക്കുന്നു .  ബാലിശമാണെങ്കിലും, അന്നു ഞാൻ പറഞ്ഞ വാക്കുകൾ അവൾ മറന്നില്ല.

നീണ്ട വർഷങ്ങളിത്രയും അവൾ എനിക്ക് വേണ്ടി കാത്തിരുന്നു. ആദ്യമൊക്കെ തമ്മിൽതമ്മിൽ കത്തെഴുതുമായിരുന്നു.പിന്നെ തിരക്കുപിടിച്ച ജീവിതത്തിൽ അതെല്ലാം മെല്ലെ നിന്നുപോയി. ഒരു കത്തിൽപോലും അവൾക്കെന്നോടിഷ്ടമാണെന്ന ഒരു വാക്കുപോലും അവളെഴുതിയില്ല. അവളുടെ മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങി ചെല്ലാൻ ഞാനും ശ്രമിച്ചില്ല.

നല്ല വിദ്യാഭ്യാസവും നല്ല ജോലിയുമുണ്ടായിട്ടുപോലും അവൾ വിവാഹിതയായില്ല. 

അവളെ മനസ്സിലാക്കാതെ പോയത് എന്റെ തെറ്റ്. വർഷങ്ങൾക്കു മുന്നേ ഞാനവിടുന്ന് യാത്രചോദിച്ചപ്പോൾ അവളോട് പറഞ്ഞ ആ വാക്കുകൾ അവളുടെ മനസ്സിൽ ഒരു കുളിർമഴയായ് പെയ്തിറങ്ങിയത് ഞാനറിയാതെ പോയി. 

ഇപ്പോൾ എങ്ങിനെയൊ അവളുടെ അനുജൻ എന്റെ ഫോൺനമ്പർ കണ്ടെടുത്ത് എന്നെ വിളിച്ചിരുന്നു. 

''അക്ക തീരെ കിടപ്പിലായി. ഇനിയെത്രനാൾ എന്നറിയില്ല.താങ്കളെ ഒരുവട്ടം കാണണമെന്ന മോഹം എന്നോടു പറഞ്ഞു ഇനി അധികം വൈകരുത്. ഒന്നിവിടംവരെ വരണം.''

"അതെ രത്തൻ,  ഞാനെന്റെ ലച്ചൂനെ കാണാൻ പോവുകയാണ്. അറിയാതെ പറഞ്ഞുപോയ തെറ്റിന് മാപ്പു ചോദിക്കണം."

"സർ ,നമ്മൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇനി വരലക്ഷ്മിയുടെ വീട്ടിലേയ്ക്ക്.... ''

" ഉം..., ലച്ചൂന്റെ അനുജൻ മേൽവിലാസം തന്നിട്ടുണ്ട്. കുട്ടിക്കാലത്ത് വന്നു പോയതല്ലേ. വഴിയൊന്നും ഓർമ്മയില്ല .എങ്കിലും കണ്ടുപിടിക്കാo."


ഏറെ വർഷങ്ങൾക്കു ശേഷം ആ വീട്ടുമുറ്റത്ത് കാലുകുത്തിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം !ചുറ്റിലും പഴയ കളിക്കൂട്ടുകാർ വന്നുനിന്ന്  രൺബീർ  രൺബീർ എന്ന് വിളിക്കുന്ന പോലെ!

ആ വീടിന് ഒരു മാറ്റവുo വന്നിട്ടില്ല . അറിയാതെ എന്റെ കണ്ണുകൾ മുകളിലെ ജനൽ പാളികളിലേയ്ക്കുയർന്നു.അവിടെ ഞാൻ കണ്ടു ... പത്തുവയസ്സുകാരനായ എന്നേയും വെള്ളിക്കൊലുസു കിലുക്കി ഓടിയെത്തുന്ന എന്റെ ബാല്യകാലസഖിയേയും!

ലച്ചുവിന്റെ അനുജൻ ഞങ്ങളെ അവളുടെ മുറിയിലേക്ക് കൊണ്ടുപോയി. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും സുഗന്ധം തങ്ങിനിൽക്കുന്ന ഒരു കൊച്ചുമുറി.

അവിടെ ക്ഷീണിച്ചുതളർന്ന് കണ്ണുമടച്ച് കിടക്കുന്ന ലച്ചുവിന്റെ രൂപം കണ്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. താനിത്ര വലിയ അപരാധം ചെയ്തുപോയല്ലോ എന്നോർത്ത് ചങ്ക് പിടച്ചു.

" അക്ക.., ഇതാരാ വന്നിരിക്കുന്നെയെന്ന് നോക്കു..'', അനുജൻ വരലക്ഷ്മിയെ  തൊട്ടുവിളിച്ചു. ആ ക്ഷീണിച്ച കണ്ണുകൾ എന്റെനേർക്ക് തിരിഞ്ഞു. വിറയ്ക്കുന്ന കൈകളോടെ നിശ്ശബ്ദമായ് ലച്ചു എന്റെ നേർക്ക് കൈകൂപ്പി.

അവളുടെ അരികത്തിരുന്ന് ആ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ വിളിച്ചു. 

"ലച്ചൂ..തും കൈസേ ഹോ?"(ലച്ചൂ, നിനക്ക് സുഖമാണോ?)

അതിനു മറുപടിയെന്നവണ്ണം അവൾ കണ്ണുകൾ ഇറുക്കിയടച്ചു.കൂട്ടിപ്പിടിച്ച കൈകൾ അവൾ നെഞ്ചോട് ചേർത്തുവെച്ചു. ഒന്നും പറയാനാകാതെ ആ കണ്ണുകളിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ അവളുടെ നിശ്ശബ്ദ പ്രേമത്തിന് സാക്ഷ്യo വഹിച്ചു.

ഒന്നും പറയാനാകാതെ ഞാൻ അവളുടെ നെറ്റിയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു.  എന്റെ ചുണ്ടുകൾ മന്ത്രിച്ചു... മുഝേ മാഫ് കർദോ ലച്ചു ... മുഝേ മാഫ് കർദോ....!"(എന്നോട് ക്ഷമിക്ക് ലച്ചു.. എന്നോട് ക്ഷമിക്കൂ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക