Image

റോഡുപണിയ്ക്ക് ശേഷം ബാക്കിയായ ടാര്‍ സൂക്ഷിച്ച വീപ്പയില്‍ വീണ പെണ്‍കുട്ടിയ്ക്കായി അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം

Published on 07 March, 2021
റോഡുപണിയ്ക്ക് ശേഷം ബാക്കിയായ ടാര്‍ സൂക്ഷിച്ച വീപ്പയില്‍ വീണ പെണ്‍കുട്ടിയ്ക്കായി അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തനം


പെരിയ: കളിക്കുന്നതിനിടെ ടാര്‍വീപ്പയില്‍ വീണ 12 വയസ്സുകാരിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. പുക്കളത്തെ ബന്ധുവീട്ടിലെത്തിയ തൃക്കരിപ്പൂര്‍ മാണിയാട്ടെ കുട്ടിയാണ് വീപ്പയ്ക്കകത്തെ ടാറില്‍ വീണത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ടാറിങ്ങിനുശേഷം ബാക്കിയായ ടാര്‍ വീപ്പയില്‍ പുക്കളത്തെ മൈതാനത്ത് സൂക്ഷിച്ചിരുന്നു. കളിക്കുന്നതിനിടെ ടാര്‍വീപ്പയില്‍ കയറിയപ്പോള്‍ കുട്ടി അതിലകപ്പെടുകയായിരുന്നു. കാല്‍മുട്ടുവരെ ടാറില്‍ പൂണ്ടതിനാല്‍ കുട്ടിക്ക് അനങ്ങാനായില്ല. നാട്ടുകാര്‍ കുട്ടിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അംഗം ആര്‍.സുധീഷ് കാഞ്ഞങ്ങാട്ടുള്ള അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന എത്തുംവരെ നാട്ടുകാര്‍ കുട്ടിയെ താങ്ങിപ്പിടിച്ചുനിന്നു.

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കട്ടിങ് യന്ത്രം ഉപയോഗിച്ച് ടാര്‍വീപ്പ ചെറിയ കഷണങ്ങളായി മുറിച്ച് നീക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ച് നേര്‍പ്പിച്ച ശേഷമാണ് അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയുടെ കാല്‍ ടാറില്‍നിന്ന് ഇളക്കിയെടുത്തത്. കാലില്‍ പുരണ്ട ടാര്‍ പൂര്‍ണമായും മണ്ണെണ്ണയില്‍ വൃത്തിയാക്കിയ ശേഷമാണ് അഗ്‌നിരക്ഷാസേന മടങ്ങിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.എന്‍.വേണുഗോപാലന്‍, വി.വി.ദിലീപ്, ജി.എ.ഷിബിന്‍, മുഹമ്മദ് അജ്മല്‍ ഷാ, ഡ്രൈവര്‍ കെ.പി.നസീര്‍, ഹോം ഗാര്‍ഡുമാരായ പി.കൃഷ്ണന്‍, വി.സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക