Image

സ്ത്രീകള്‍ ഇന്നും പോരാട്ട ഭൂമിയില്‍ (വനിതാദിന സ്‌പെഷല്‍: ദീപ ബിബീഷ് നായര്‍)

Published on 07 March, 2021
സ്ത്രീകള്‍ ഇന്നും പോരാട്ട ഭൂമിയില്‍ (വനിതാദിന സ്‌പെഷല്‍: ദീപ ബിബീഷ് നായര്‍)
കോവിഡെന്ന മഹാമാരി പിൻ വാങ്ങാതെ നിൽക്കുകയാണിന്നും. ഇത് രണ്ടാമത്തെ വർഷം, എങ്കിലും അതിനോടൊപ്പം ജീവിക്കാൻ നാം ശീലിച്ചു കഴിഞ്ഞു. മാസ്കും,  സാനിട്ടൈസറും നിത്യജീവിതത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. സാമൂഹിക അകലം പാലിച്ചുകൊണ്ട് നമുക്കും വനിതാദിനം ആചരിക്കാം. 
ചുറ്റുമുള്ള അന്തരീക്ഷം ഭയാനകമാണെങ്കിലും ഇത്തവണയും പതിവു തെറ്റിക്കാതെ വനിതാ ദിനത്തിലേക്ക് കടക്കാം.

അതെ,വനിതകൾക്കു വേണ്ടിയൊരു ദിനം.  തുടക്കത്തിൽ മുതലാളിത്തത്തിനെതിരേ, വോട്ട് ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയും ജോലി സമയം കുറയ്ക്കാനും, വേതനക്കുറവിനെതിരെയുമായിരുന്നു സ്ത്രീകൾ സംഘടിച്ചതെങ്കിൽ ഇന്നവർ പൊരുതുന്നത് സ്വന്തം നിലനില്പിനു വേണ്ടിയാണെന്നുള്ളതാണ് വേദനിപ്പിക്കുന്ന സത്യം.. ഏകദേശം 150 വർഷങ്ങൾക്കു ശേഷവും 
" ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ" എന്നു പറയുന്നതു പോലെ ഇന്നും പോരാട്ട ഭൂമിയിൽ തന്നെയാണ് സ്ത്രീകൾ.  വർഷം തോറും നമ്മൾ വനിതാദിനം ആചരിക്കുമ്പോഴും വനിതകൾക്ക് വേണുന്ന സ്വാതന്ത്ര്യം ഇവിടെ കിട്ടുന്നുണ്ടോ? സ്ത്രീകൾക്കെതിരെ, ഗാർഹിക പീഢനങ്ങൾ ഇന്നും നടക്കുന്നില്ലേ? സ്ത്രീകൾക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളും അവരുടെ അദ്ധ്വാനത്തിൻ്റെ നിരന്തരമായ ചൂഷണവും ഇവിടെ വളരുന്നതല്ലാതെ, തളരുന്നതായി തോന്നുന്നുണ്ടോ?

സ്ത്രീ- അത് അമ്മയാകട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ ആർക്കിവിടെ എന്തു സംഭവിച്ചാലും പതിവു പ്രഹസനങ്ങൾ അല്ലാതെ പുതിയതായി എന്തെങ്കിലും കേൾക്കുന്നുണ്ടോ?  പല കേസുകളിലും പോലീസിൻ്റെ ഒത്താശയോടെ, കോടതിയുടെ മെല്ലെപ്പോക്കിലൂടെ, അവഗണനയിലൂടെ തേഞ്ഞുമാഞ്ഞു പോകുന്നു പല വിചാരണകളും. 

വനിതാ ദിനം ഒരു ഭാഗത്ത് വനിതകളെ പുകഴ്ത്തി അവാർഡ് നിശകൾ സംഘടിപ്പിക്കുമ്പോൾ അതിൻ്റെ നാലിരട്ടി പീഢനങ്ങളിൽ പെട്ട് നമ്മുടെ ഇന്ത്യയിൽ തന്നെ ജീവിക്കുന്നുണ്ട്. വനിതകൾ നേട്ടങ്ങൾ കൊയ്യുന്നില്ല എന്നല്ല, അതു മാത്രം ഉയർത്തിപ്പിടിച്ചു കൊണ്ട് ചുറ്റിലും നടക്കുന്നത് പലതും കാണാതെ പോകുന്നതാണ് വിരോധാഭാസം എന്നു പറയുന്നത്.

സ്ത്രീയുടെ സുരക്ഷക്ക് എന്താണിവിടെയുള്ളത്, കുറേ നിയമങ്ങളല്ലാതെ? പെൺകുട്ടികൾക്കെതിരേ അരങ്ങേറുന്ന കുറ്റകൃത്യങ്ങളിൽ നടുങ്ങി നിൽക്കുന്ന ജനതക്ക് മുന്നിൽ വനിതാദിനത്തിന് എന്തു പ്രസക്തി അല്ലേ? വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തിലും, സാമ്പത്തിക കാര്യങ്ങളിലും സ്ത്രീകൾ ഒരുപാട് മുന്നോട്ട് വരുന്നുണ്ടെങ്കിലും ഇവർ സ്വന്തം വീട്ടിൽപ്പോലും സുരക്ഷിതരല്ല എന്നത് ലജ്ജാവഹമല്ലേ? ശാരീരികവും മാനസികവുമായ ചൂഷണങ്ങൾക്ക്, ലൈംഗിക വൈകൃതങ്ങൾക്ക് വയോധികർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ പോലും ഇരകളായി മാറുന്നു.

" പോത്ത് ഓടിയാലും എവിടെ വരെ ഓടും " 
എന്ന പൊതു സമൂഹത്തിൻ്റെ ചിന്താഗതിയും മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ലൈംഗിക സമത്വത്തെക്കുറിച്ചുള്ള ബോധവത്കരണം സമൂഹത്തിനുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീകളെ ആദരിക്കാനും, അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും, അവളെ സംരക്ഷിക്കാനുമുള്ള ചുമതല ഏറ്റെടുക്കാൻ നമ്മുടെ സമൂഹം തയ്യാറായാൽ തീർച്ചയായും നമുക്ക് സന്തോഷപൂർവ്വം വനിതാദിനം ആഘോഷിക്കാൻ കഴിയും. വരും നാളെകൾ അതിനുള്ളതാകട്ടെ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക