Image

ആബ്സന്‍റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ

Published on 07 March, 2021
ആബ്സന്‍റീ വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ
ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവരെ ആബ്സന്‍റീ വോട്ടര്‍മാരായി പരിഗണിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്‍റയിന്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ടു ചെയ്യാന്‍ കഴിയുക.

ആദ്യത്തെ നാലു വിഭാഗങ്ങളിലുള്ളവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാം. അവശ്യ സേവന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക വോട്ടിംഗ് കേന്ദ്രം സജ്ജമാക്കും.
അവശ്യ സേവന വിഭാഗങ്ങളിലെ ആബ്സന്‍റി വോട്ടര്‍മാര്‍ക്കുള്ള ക്രമീകരണങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാരെ ആബ്സെന്‍റീ വോട്ടര്‍മാരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ആരോഗ്യം, പോലീസ്, അഗ്നിരക്ഷാ സേന, ജയില്‍, എക്സൈസ്, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ട്രഷറി, വനം, വ്യോമഗതാഗതം, ഷിപ്പിംഗ് എന്നീ വകുപ്പുകളിലെയും ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, കെ.എസ്.ആര്‍.ടി.സി എന്നീ സ്ഥാപനങ്ങളിലെയും മില്‍മ, ആംബുലന്‍സ് സര്‍വീസ് എന്നിവിടങ്ങളിലെയും ജീവനക്കാര്‍, തിരഞ്ഞെടുപ്പ് കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരത്തോടെ നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഈ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് ജോലി ചെയ്യേണ്ടിവരുന്നതുമൂലം പോളിംഗ് ബൂത്തില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

ആദ്യ പടിയായി ഇത്തരം ഓഫീസുകളില്‍ ഒരു നോഡല്‍ ഓഫീസറെ നിശ്ചയിക്കണം. തപാല്‍ ബാലറ്റ് മുഖാന്തിരം വോട്ടു ചെയ്യാന്‍ താത്പര്യമുള്ള ജീവനക്കാരുടെ 12 ഡി ഫോറം നോഡല്‍ ഓഫീസര്‍ പരിശോധിച്ച്‌ ഉറപ്പാക്കിയശേഷം അതത് ജീവനക്കാര്‍തന്നെ അതത് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍നിന്നും 12 ഡി ഫോറം ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഫോറം ലഭ്യമാക്കും. ഈ ഫോറം കൃത്യമായി പൂരിപ്പിച്ച്‌ മാര്‍ച്ച്‌ 17ന് മുന്‍പ് സമര്‍പ്പിക്കണം.

മാര്‍ച്ച്‌ 17ന് ശേഷം ഇത്തരം അപേക്ഷകള്‍ പരിശോധിക്കുന്ന വരണാധികാരി സ്വീകാര്യമായ ഫോറങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പട്ടിക തയ്യാറാക്കും. തപാല്‍ ബാലറ്റ് വിതരണം ചെയ്യുന്ന മുറയ്ക്ക് വോട്ടര്‍ പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ ഇവരുടെ പേരിനു നേര്‍ക്ക് പി.ബി. എന്ന് മാര്‍ക്ക് ചെയ്യും.

ഇങ്ങനെ രേഖപ്പെടുത്തിയശേഷം ഈ വിഭാഗത്തില്‍ പെടുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനാവില്ല.

ഓരോ മണ്ഡലത്തിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ണയിക്കുന്ന ഒരു കേന്ദ്രത്തില്‍ തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിന് മൂന്നു ദിവസം മുന്‍പ് വോട്ടിംഗ് പൂര്‍ത്തിയാകുന്ന രീതിയില്‍ തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഇതേ കേന്ദ്രത്തില്‍ വോട്ടിംഗ് സൗകര്യമുണ്ടാകും.

12 ഡി ഫോറത്തില്‍ ഫോണ്‍ നമ്ബര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് വോട്ടിംഗ് കേന്ദ്രം സംബന്ധിച്ച വിവരം ഫോണില്‍ മെസേജായി ലഭിക്കും. ഫോണ്‍ നമ്ബര്‍ കുറിക്കാത്തവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ മുഖേന അറിയിപ്പ് നല്‍കും. ഇതിനു പുറമെ അതത് സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ വഴിയും മാധ്യമങ്ങളിലൂടെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് മുഖേനയും വോട്ടിംഗ് കേന്ദ്രം, വോട്ടിംഗ് ദിവസം സമയം എന്നിവ സംബന്ധിച്ച അറിയിപ്പു നല്‍കും.

ഇതോടൊപ്പംതന്നെ സ്ഥാനാര്‍ഥികള്‍ക്കും വോട്ടിംഗ് സംബന്ധിച്ച വിവരം നല്‍കും. എല്ലാ തപാല്‍ വോട്ടിംഗ് കേന്ദ്രത്തിലും നിയോഗിക്കുന്ന ഗസറ്റഡ് ഓഫീസര്‍ക്കായിരിക്കും 13 എയിലുള്ള വോട്ടറുടെ സത്യ പ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിന്‍റെ ചുമതല.

സ്വകാര്യത ഉറപ്പാക്കി സജ്ജമാക്കുന്ന ബൂത്തില്‍ തപാല്‍ വോട്ടു രേഖപ്പെടുത്തിയശേഷം 13 ബി എന്ന കവറിലിട്ട് ഒട്ടിച്ചശേഷം കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കുക. തുടര്‍ന്ന് ഈ കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച്‌ ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ സജ്ജമാക്കിയിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക