Image

തലവേദന ( കഥ : ശാന്തിനി )

Published on 07 March, 2021
 തലവേദന ( കഥ : ശാന്തിനി )
ഇന്നലെ രാത്രി തുടങ്ങിയ തലവേദനയാണു, സിതാര ഓർത്തു. തല പൊട്ടിപ്പോവുന്നെന്ന് ഉറങ്ങാൻ കിടക്കുമ്പോൾ ഭർത്താവിനോട് പറഞ്ഞതുമാണ്. "കണ്ണടയില്ലാതെ കമ്പ്യൂട്ടറിൽ നോക്കിക്കാണും. ഒരു ഡിസ്‌പിരിൻ എടുത്തു കഴിച്ചിട്ട് കിടക്കൂ.....". ഉടനെ മറുപടി വന്നു. ആൾ ഉറക്കം തുടങ്ങിക്കഴിഞ്ഞിരുന്നു, പിന്നെ വയ്യായ്കയെയും ആകുലതയെയും പറ്റി ആരോടെന്തുപറയാൻ!

പഴയ കാര്യങ്ങൾ ഒരു തിരശ്ശീലയിലെന്നവണ്ണം മനസ്സിൽ തികട്ടി തികട്ടി വന്നു. പത്തുപതിനഞ്ചു വർഷമായി കല്യാണം കഴിഞ്ഞിട്ട്. പണ്ടൊക്കെ ഒരു തലവേദന വന്നാൽ അദ്ദേഹത്തിനെന്തുത്കണ്ഠയായിരുന്നു? നെറ്റിയിൽ വിക്സ് പുരട്ടി തടവി ഉറക്കുമായിരുന്നു. ഗുളികയും വെള്ളവും എടുത്തു കൊണ്ടുവന്നും തരുമായിരുന്നു. അവൾ നിരാശയോടെ ഓർത്തു. 

കണ്ണിലെന്തോ പതിവില്ലാത്ത ഒരു ഇറിറ്റേഷൻ. ചുവന്നിട്ടുണ്ടോ ആവോ? അവൾ കണ്ണാടിയുടെ മുന്നിലേക്ക് നടന്നു. 
ഇത്‌ താൻ തന്നെയാണോ? കണ്ണാടിയിൽ കണ്ട പ്രതിരൂപത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ളത് പോലെ. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ കണ്ണാടിയിൽ ശരിക്കും നോക്കാൻ പോലും സമയം കിട്ടാറില്ല. ആഹാരം തയ്യാറാക്കി, കുട്ടികളെ സ്കൂളിലയച്ച്‌, അത്യാവശ്യം പാത്രം കഴുകലും അടിച്ചുവാരലും കഴിഞ്ഞാൽ അഞ്ചു മിനിട്ടിനുള്ളിലൊരു കുളിയും ഒരുക്കവും പാസാക്കി ഓഫിലിസിലേക്കോടുകയാണ് പതിവ്. ഇന്നിപ്പോൾ സിക്ക് ലീവെടുത്തു വീട്ടിലിരുന്നത് കൊണ്ടാണൽപം സാവകാശം.

അവൾ തന്റെ പ്രതിബിംബത്തെ സൂക്ഷ്മമായി നീരീക്ഷിച്ചു. കണ്ണുകളിലെ തിളക്കം നഷ്ടമായിരിക്കുന്നു. കണ്ണിനു താഴെ കാർമേഘം മൂടിയ പോലെ ഇരുളിമയും പരന്നിരിക്കുന്നു. കവിളുകളുടെ സ്നിഗ്ധതയും ചുണ്ടുകളുടെ ചുവപ്പും മങ്ങിയിരിക്കുന്നു. കവിളിൽ തെളിയാറുണ്ടായിരുന്ന നുണക്കുഴികൾ അപ്രത്യക്ഷമായിരിക്കുന്നു, പകരം ചുളിവുകൾ തെളിഞ്ഞുകാണാം. 
അവൾ സങ്കടത്തോടെ വീണ്ടും വീണ്ടും നോക്കി. 

കാന്തികശക്തിയുള്ള നോട്ടം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുള്ള തന്റെ കണ്ണുകളുടെ തിളക്കം എവിടെ പോയ് മറഞ്ഞു?  "ശ്രീയുള്ള മുഖം"- അതായിരുന്നു എല്ലാവരും അവളെ പറ്റി പറയുമായിരുന്നത്. ആദ്യമായി കാണുന്നവർക്കു പോലും പരിചയം തോന്നുമായിരുന്ന മുഖഭാവങ്ങൾ  ആയിരുന്നു അവളുടേത്.

"സിത്തുവിന്റെ അംഗാദിത്യൻ അവളുടെ മുഖത്താ..... അതാ മുഖം  കണ്ടാൽ  ഇത്ര ഐശ്വര്യം" മുത്തശ്ശി എപ്പോഴും പറയുമായിരുന്നു.  

ആ മുഖമാണിപ്പോൾ കാറ് മൂടിയ ആകാശം പോലെ കാണുന്നത്. അവൾക്ക് സങ്കടം വന്നു. നീയെന്തുകൊണ്ടാണ് ഞങ്ങളെ ശ്രദ്ധിക്കാതിരുന്നത്? കണ്ണുകളും ചുണ്ടും കവിളുമെല്ലാം അവളുടെ സങ്കടം കണ്ട്‌ അവളോട് ചോദിച്ചു.

"കണ്ണുകൾ എഴുതണ്ടടോ... തൻറെ ചാരക്കണ്ണുകൾക്ക് അല്ലെങ്കിലേ വശ്യത കൂടുതലാ....." വിവാഹം കഴിഞ്ഞ നാളുകളിലൊന്നിൽ കണ്ണുകൾ വലിച്ചുനീട്ടി പിടിച്ചു കണ്മഷിയെഴുതാൻ ശ്രമിക്കുമ്പോൾ ഭർത്താവ് പറഞ്ഞു. 

"പിന്നെ ഈ ചുവന്ന സിന്ദൂരപ്പൊട്ട്.... നിന്റെ വിടർന്ന നെറ്റിയിൽ അതിനും ജ്വലിക്കുന്ന ഭംഗിയാ... ഇനി മുതൽ കറുപ്പ് പൊട്ട് മതി, അല്പം ചെറുത്."  അമിതസ്നേഹത്തിന്റെ മൂർത്തീഭാവമായ സ്വാർത്ഥതയാണ് ആ നിർദ്ദേശങ്ങളുടെ ഉറവിടമെന്നു വ്യക്തമായി അറിയാമായിരുന്നത് കൊണ്ട് അദ്ദേഹം പറഞ്ഞതെല്ലാം സന്തോഷത്തോടെ അനുസരിച്ചു. രാവിലെ  മുടിയൊന്നുകോതി അറ്റത്തൊരു കെട്ടിട്ട്‌, ഒരു സ്റ്റിക്കർ പൊട്ടെടുത്ത് നെറ്റിയിലും  ഒട്ടിച്ചോരോട്ടമാണ് ഓഫിസിലേക്ക്. കണ്ണാടിയിലൊന്നു നോക്കേണ്ടതിന്റെ ആവശ്യം  പോലും തോന്നിയിട്ടില്ല.  
അവൾ കുറ്റബോധത്തോടെ ഓർത്തു.  

രാവിലെ ഓഫീസിലേക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയതും വാതിൽ തുറന്ന് അവളുടെ പിന്നിൽ വന്നു നിന്നതും ഓർമകളിൽ മുഴുകിയിരുന്ന സിതാര അറിഞ്ഞില്ല. തനിക്കഭിമുഖമായി കണ്ണാടിയിൽ കാണുന്ന സിതാരയുടെ പ്രതിബിംബത്തോടു അയാൾ സംസാരിച്ചു. 

"കണ്ണിനു തിളക്കം കുറഞ്ഞെങ്കിലെന്ത്, തിരിച്ചറിവ് കൂടിയില്ലേ, പെണ്ണേ? വശ്യത കുറഞ്ഞെങ്കിലും ആർദ്രത കൂടിയില്ലേ? വിശാലമായ ഈ ലോകത്തെ വേണ്ടവിധം നോക്കിക്കാണാനുള്ള അറിവും പ്രായോഗികതയും കൂടിയില്ലേ? ഞാനില്ലാതായാലും തലവേദന വന്നാൽ  തനിയെ മരുന്ന് കഴിക്കാനുള്ള തന്റേടം കിട്ടിയില്ലേ?"

അയാളുടെ കൈകൾ അവളുടെ തോളിലമർന്നപ്പോളാണ് അവൾ ഓർമയിൽ നിന്നുണർന്നത്. തന്റെ തൊട്ടുപിന്നിൽ കണ്ണാടിയിൽ ഉറ്റുനോക്കി നിൽക്കുന്ന ഭർത്താവിന്റെ കണ്ണുകളിൽ ദാമ്പത്യത്തിന്റെ ആദ്യകാലങ്ങളിലെ പ്രണയം നിറഞ്ഞ നോട്ടമാണവൾ അപ്പോൾ കണ്ടത്. അവളെ എന്നും നാണിപ്പിക്കുകയും കുളിർപ്പിക്കുകയും ചെയ്ത നോട്ടം. അയാളുടെ തോളിലേക്ക്‌ സ്നേഹപൂർവം ചാഞ്ഞമർന്നപ്പോൾ, സിതാരയുടെ തലവേദന അലിഞ്ഞലിഞ്ഞില്ലാതായിരുന്നു.  അവളുടെ മനസപ്പോൾ നീഹാരമണിഞ്ഞ പനിനീർപ്പൂവ്‌ പോലെ ആഹ്ലാദിച്ചു. ചിലപ്പോളൊക്കെ തലവേദന നല്ലത്‌ തന്നെ... 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക