Image

ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങവെ നിര്‍ത്താതെ കരഞ്ഞ നവവധു കുഴഞ്ഞ് വീണ് മരിച്ചു

Published on 06 March, 2021
ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങവെ നിര്‍ത്താതെ കരഞ്ഞ നവവധു കുഴഞ്ഞ് വീണ് മരിച്ചു
ഭുവനേശ്വര്‍: വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് പോകാനിറങ്ങിയ നവവധു കുഴഞ്ഞു വീണ് മരിച്ചു. വിവാഹശേഷം ഭര്‍തൃവീട്ടിലേക്ക് യാത്രയാകുന്ന 'ബിദായ്'ചടങ്ങിനിടെ നിര്‍ത്താതെ കരഞ്ഞതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അമിത സങ്കടം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്. ഒഡീഷയിലെ സോനേപുര്‍ സ്വദേശിനി ഗുപ്തേശ്വരി സഹു എന്ന റോസിയാണ് പുതിയ ജീവിതത്തിലേക്കുള്ള യാത്ര ആരംഭിച്ച അതേ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസമായിരുന്നു തെതെലഗാവ് സ്വദേശിയായ യുവാവുമായി റോസിയുടെ വിവാഹം നടന്നത്. കല്ല്യാണത്തിന് ശേഷം ഭര്‍തൃവീട്ടിലേക്ക് പോകുന്ന ചടങ്ങില്‍ എല്ലാവരോടും യാത്ര ചോദിക്കവെ യുവതി നിര്‍ത്താതെ കരയുകയായിരുന്നു. കരഞ്ഞു തളര്‍ന്ന് ഒടുവില്‍ കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖത്ത് വെള്ളം തളിച്ചും കയ്യും കാലും തിരുമ്മിയും ബന്ധുക്കള്‍ യുവതിയെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. -

എല്ലാശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബന്ധുക്കള്‍ റോസിയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് റോസിയുടെ പിതാവ് മരണപ്പെട്ടത്. അതിനു ശേഷം യുവതി ആകെ തകര്‍ന്ന അവസ്ഥിലായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍. അമ്മാവന്റെ കുടുംബവും ചില സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു റോസിയുടെ കല്യാണം സംഘടിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക