Image

തീവണ്ടി (കവിത: ആൻസി സാജൻ )

Published on 06 March, 2021
തീവണ്ടി (കവിത: ആൻസി സാജൻ )
ഫറോക്ക് കഴിഞ്ഞപ്പോൾ തന്നെ
മുകളിൽ വച്ചിരുന്ന
ബാഗിറക്കി തയാറായി ;
കോഴിക്കോട്ടിറങ്ങേണ്ടവർ
ചിട്ടയായി ഒരു നേർരേഖയായി...
തീവണ്ടിയുടെ മുരൾച്ചയ്ക്കിടയിലൂടെ
നീരസപ്പെട്ട
ഒരു കോപസ്വരം കേട്ട് നോക്കുമ്പോൾ
പുറകിലെ രണ്ട് സീറ്റിട്ട നിരയിൽ
ഒരുവൻ 
ഭർത്താവാണ് ...
തലമൂടി കുഞ്ഞുകിളി പോലെ
ചുവന്ന മുഖമൊരിത്തിരി കാട്ടി
ഭാര്യയായ പെണ്ണ്
അവർക്കിടയിൽ
മിണ്ടാതെ
അച്ഛനെ
ഇടയ്ക്ക് മാത്രം ചരിഞ്ഞു നോക്കി
അമ്മയെ ചാരിനിൽക്കുന്ന
ചെറിയ മകൻ;
പുരുഷന്റെ ശകാരം
കോഴിക്കോട്ടിറങ്ങേണ്ടവരെല്ലാം
കേൾക്കുന്നുണ്ട്...
അയാൾ അതൊന്നും
കാണുന്നേയില്ല...
വ്യസനം പൂണ്ട്
ആളുകൾ കാണാതെയെന്ന് ഭാവിച്ച്
ജനൽച്ചില്ലിലൂടെ
പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന
അവളുടെ
കിളിമുഖത്തെ
ചുവന്ന മൂക്ക്
വിറയ്ക്കുന്നത്
ഞാൻ
പാളി നോക്കിനിന്നു...
ആ കണ്ണുകൾ
നിറഞ്ഞിരിക്കണം...
ജനാലയതിരിലേക്ക്
ചേർത്തു വച്ച മുഖത്തിന്റെ
ഇടത്തേക്കണ്ണിലിറ്റു വീണ നിർത്തുള്ളികൾ
തല മൂടിയ മഞ്ഞത്തുണിയുടെ തുമ്പെടുത്ത് 
തുടച്ചിട്ട്
നേരെ നോക്കാതെയിരുന്നു
ജാലക വിരിയിലേക്കൂളിയിട്ട്
അതിലൂടെയമ്മയെ നോക്കി  ചകിതനായ മകൻ...
അതൊരു ചെറിയ കലഹ രംഗമാകാം.
അല്ലെങ്കിൽ വളരെ വലുത്
ഒരു പക്ഷേ
ഈ യാത്ര തീരുമ്പോഴേയ്ക്കും അവർ
ഇണങ്ങിയിരിക്കും...
അല്ലെങ്കിൽ
ഇത്
അവരുടെ ഒന്നിച്ചുള്ള
അവസാന യാത്രയായിരിക്കും...
എത്രയോ
നീരസങ്ങളെയൊഴിവാക്കി
തുഴഞ്ഞു പോയ
എന്റെ തോണിയുടെ
ഉലച്ചിലുകളോർത്ത്
നടക്കുമ്പോൾ
പ്ലാററ് ഫോമിലിറങ്ങി നിന്ന് 
എന്റെ നേർക്ക്
നീട്ടിയ
കൈപ്പടത്തിൽ
കൈ ചേർത്ത്
കോഴിക്കോട്ടിറങ്ങി ഞാൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക