Image

ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ

Published on 05 March, 2021
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
രണ്ട് ദിവസം മുൻപാണ് കോട്ടയം നാഗമ്പടത്ത് ടോറസിനടിയിൽപ്പെട്ട് ഭർത്താവുമൊത്ത് സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന നിഷാ പ്രകാശ് മരിച്ചത്. നിഷയുടെ അപകടമരണ വാർത്തയോടൊപ്പം മറ്റ് മൂന്നുപേരെങ്കിലും സമാനമായ അപകടങ്ങളിൽ മരണപ്പെട്ടതായി പത്രത്തിന്റെ മറ്റു പേജുകളിലും ഫോട്ടോയും വിവരങ്ങളും കണ്ടു. ദിവസേന എത്രയോ ജീവിതങ്ങളാണ് ഇങ്ങനെ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
അമിത വേഗത്തിൽ മൽസരിച്ച് ടിപ്പറും ടോറസുമൊക്കെ നിരോധിത സമയങ്ങളിൽ പോലും ചീറിപ്പായുന്ന കാഴ്ച പതിവാണ്. രാവിലെ 8.30 മുതൽ 9.30 വരെയും വൈകിട്ട് 3.30 മുതൽ 4.30 വരെയും ടിപ്പർ ടോറസ് ലോറികൾ ഓടുന്നതിന് കോട്ടയം ജില്ലയിൽ നിരോധനമുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തിക്കൊണ്ടുള്ള ഓട്ടമാണ് ഇവയുടേത്. പോലീസ് പരിശോധനയിൽ പിഴയൊടുക്കിയ ശേഷം വീണ്ടും അവയുടെ ജൈത്രയാത്ര തുടരുന്നു. കേരളമൊട്ടാകെ ഇത്തരം സാഹചര്യം നിലവിലുണ്ടാവാം.
ഓരോ അപകടമുണ്ടാവുമ്പോഴും പത്രങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ എഴുതും. ജനം പിന്നെയതൊന്നും ഓർക്കുന്നുമില്ല.
ഇരുചക്ര വാഹനങ്ങളിൽ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ. ഇരുവശങ്ങളിലേക്കും കാലിട്ടിരിക്കുന്നതാണ് ഏറ്റം സുരക്ഷിതം.എന്നാൽ  സീറ്റിൽ  ഒരു വശം ചരിഞ്ഞിരുന്ന് പോകുന്നവരാണ് സ്ത്രീകളിൽ ഏറെപ്പേരും ; പ്രത്യേകിച്ച് മുതിർന്ന സ്ത്രീകൾ.
ആ ഇരിപ്പ് അത്ര സുരക്ഷിതമല്ല. വണ്ടിയുടെ ബാലൻസ് തെറ്റി ഓടിക്കുന്നവർക്ക് നിയന്ത്രണം നഷ്ടപ്പെടാൻ ഒരു പാട് സാധ്യതയുണ്ട്. വാഹനം മറിഞ്ഞ് ഒരു വശത്തേക്ക് തലയടിച്ച് വീണ് കൂടുതൽ അപകടമുണ്ടാകാം. നീട്ടിയിട്ടിരിക്കുന്ന സാരിത്തുമ്പും ചുരിദാറിന്റെ ഷാളുമൊക്കെ അത്യാഹിതത്തിന്റെ സാധ്യതയേറ്റുന്നു. 
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സീറ്റിന് ഇരുവശങ്ങളിലേക്കും കാൽ നീട്ടിയിടാൻ സൗകര്യപ്രദമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. കല്യാണത്തിന് ഉടുത്തൊരുങ്ങി പട്ടുസാരിയും മുല്ലപ്പൂവുമൊക്കെ അണിഞ്ഞു പോകുന്നതിനേക്കാൾ വിലപ്പെട്ട ജീവിതത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. അതുപോലെ , പ്രായമായ സ്ത്രീകൾ മക്കളുടെയോ പേരക്കുട്ടികളുടെയോ വണ്ടിയുടെ പുറകിലിരുന്ന് പോകുന്നത് കണ്ട് ചങ്കിടിച്ചിരുന്നുപോയ എത്രയോ സന്ദർഭങ്ങൾ...!
തമിഴ് നാട്ടിലൊക്കെ പോകുമ്പോൾ കാണാം കുടുംബമടക്കം പുൽക്കെട്ടോ പാത്രക്കെട്ടോ ഗ്യാസ്കുറ്റിയോ അങ്ങനെ ഓടിക്കുന്നവന് കണ്ണു കാണാൻ പറ്റാത്ത പോലെ സാധനങ്ങൾ നിറച്ചുള്ള ടൂവീലർ യാത്ര . കേരളത്തിൽ അങ്ങനെയൊന്നുമില്ലെങ്കിലും ബാലൻസ് തെറ്റും പോലെ പറ്റുന്നതിലധികം ഭാരം കയറ്റിക്കൊണ്ടുപോകുന്ന ഇരുചക്ര വാഹന യാത്രക്കാരുമുണ്ട്. വിലപ്പെട്ട ജീവൻ നഷ്ടപ്പെടാതെസൂക്ഷിക്കാം നമുക്ക് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക