Image

വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )

Published on 05 March, 2021
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ഇതിനു മുമ്പ് മലയാളിയെ മനനത്തിലും യോഗയിലും പ്രബുദ്ധനാക്കിയ  ഒരു ശ്രീ ശ്രീ രവിശങ്കറിനെ  ഒരു മാതിരി മലയാളിക്ക് നേരിയ പരിചയം ഉണ്ടാവാം. ഇപ്പോൾ  ഇതാ മലയാളനാട്ടിൽ അവതരിച്ചിരിക്കുന്നു മറ്റൊരു "ശ്രീ എം ".

ഇത് പുലിയല്ല, സാക്ഷാൽ സർക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ മലയാളക്കരയിൽ കാടും കരയും ഇളക്കി മറക്കാൻ കെല്പുള്ള ഒരു ശാന്ത സിംഹം തന്നെയാണെന്നതിൽ സംശയമില്ല. പറയുന്നതൊക്കെയും വൻ തത്വസംഹിതകളാണ്. "കമ്യൂണിസത്തെ പിന്തുടര്‍ന്നും ആധ്യാത്മിക പാതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. കമ്യൂണിസം ഒരിക്കലും അക്രമാസക്തമാകാന്‍ പാടില്ല. യുവാക്കളിലെ അത്തരം ചിന്തകള്‍ മാറ്റിയെടുക്കുന്നതിനായി യോഗയും ധ്യാനവും അഭ്യസിപ്പിക്കണം. ഇതൊന്നും ചെയ്യുന്നതിന് ദൈവവിശ്വാസം വേണമെന്നില്ല."

"സാംഖ്യാ ഫിലോസഫിയിൽ ഈശ്വരൻ ഇല്ല, ഈശ്വരൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം ചെയ്യാൻ സാധിക്കും, ഏതു വിശ്വാസം പിന്തുടരുന്നു എന്നല്ല, മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ ആ  പാത പിന്തുടരണം എന്ന് മാത്രമേയുള്ളൂ. വിശ്വാസം എല്ലാം ഒന്നാണ്, ശരിയുമാണ്. ലോകത്തിന്റെ ഒരുമ നഷ്ടപ്പെടുത്താതിരിക്കാനാണ് സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണ പരമഹംസനും ശ്രമിച്ചത് ".

"മനസ്സ് എവിടെയാണു സ്ഥിതിചെയ്യുന്നത് എന്നതാണടുത്തതായി വരുന്ന ചോദ്യം. മനസ്സെന്നു പറയുമ്പോള്‍ നാം പലപ്പോഴും പരാമര്‍ശിക്കുന്നത് മസ്തിഷ്‌കത്തെയാണ്. നമ്മുടെ സന്തോഷകരവും ദുഃഖകരവുമായ അനുഭവങ്ങളുടെ കേന്ദ്രമാണ്  നമ്മുടെ ചിന്തകളുടെയെല്ലാം അടിസ്ഥാനമായ മസ്തിഷ്കം."

"യുവാക്കളിൽ നല്ല ചിന്തകൾ ഉയർന്നാൽ ഭാവിതന്നെ ശോഭനം ആയിരിക്കും . നമ്മുടെ ഭാരതത്തിൽ ഒരു പാട് മൂല്യങ്ങൾ ഉണ്ട്, അവയിൽ കൈചേർത്തു മുന്നോട്ട് പോവുകയാണ് വേണ്ടത് "

ഇങ്ങനെ മനോഹരമായ മുത്തുമണികൾ ഉതിരുന്ന തേജസ്വരൂപിയെ സ്വല്പം അറിഞ്ഞിരിക്കേണ്ടതു തന്നെ.

കേരളത്തിൽ സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ സീ പീ എം - ആർ എസ്  എസ് നേതാക്കന്മാരെ കൂട്ടിയിരുത്തി മധ്യസ്ഥത നടത്തിയ " ശ്രീ എം" നിസ്സാരക്കാരൻ അല്ല. അതിന്റെ പ്രത്യുപകാരമായാണ് കേരളാ ഗവൺമെന്റ്  'സത്സംഗ് ഫൗണ്ടേഷൻ അധിപതിയായ  ശ്രീ എമ്മിന് നാല് ഏക്കർ ഭൂമി തിരുവന്തപുരത്തിനടുത്തുള്ള ചെറുവയ്ക്കൽ എന്ന സ്ഥലത്തു പത്തു വർഷത്തേക്ക് പാട്ടത്തിനു നൽകിയിരിക്കുന്നത് . തെറ്റിദ്ധരിക്കേണ്ട, വെറുതെയൊന്നുമല്ല വർഷത്തിൽ 34 ലക്ഷം രൂപ പാട്ടത്തിനാണ് കൊടുത്തിരിക്കുന്നത്. ഇങ്ങനെയാണ് സുപ്രഭാതത്തിൽ ശ്രീ എം മലയാളിക്കിടയിൽ പൊട്ടിവിടർന്നത് . ഇദ്ദേഹം എവിടെയായിരുന്നു ഇത്രയും കാലം ?
മുംതാസ് അലി എന്നാൽ സ്ത്രീയല്ല, വർഷങ്ങൾക്കു മുമ്പ് ആ 19 വയസ്സുള്ള റ്റീനേയ്ജർ  ജീവിതത്തിന്റെ സാരാംശം തേടി തിരുവനന്തപുരത്തുനിന്നും വടക്കോട്ടു ഒരു പുറപ്പാട്, എല്ലാ സത്യാന്വേഷികളും ചെന്നെത്തുന്ന ഹിമാലയത്തിൽ അലിയും ചെന്നെത്തിയെന്നു പറയപ്പെടുന്നു.

അവിടെനിന്നും പ്രാപിച്ച ജീവിതാനുഭവങ്ങളും ജ്ഞാനവും മുംതാസ് അലിയെ "ശ്രീ എം" എന്ന മഹാനാക്കിയപ്പോൾ സത്സംഗ് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനവും പടർന്ന് പന്തലിക്കാൻ തൂടങ്ങി.

'ദ വോക് ഓഫ്‌ ഹോപ് ' എന്ന പേരിൽ 2015 ഇൽ  ഇദ്ദേഹം കന്യാകുമാരി തൊട്ട് കാശ്മീർ വരെ ഒരു കാൽനടയാത്ര നടത്തിയിരുന്നത് , അത്ര ജനശ്രദ്ധ നേടിയോ എന്നറിയില്ല. എന്നാൽ അദ്ദേഹം ഇംഗ്ലീഷിൽ എഴുതിയ "ശൂന്യ" എന്നൊരു നോവൽ തന്റെ ആധ്യാത്മികജീവിതത്തിന്റെ നിഴലിൽ കോർത്തിണക്കിയ ആത്മകഥാവിഷ്കരമായി മാറിക്കൊണ്ടിരിക്കുന്നു.

എവിടെനിന്നോ നാറാണത്തു ഭ്രാന്തനെപ്പോലെ ഒരു കുഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ഒരുവൻ, സ്വയം 'ശൂന്യ' എന്ന് വിശേഷിപ്പിച്ചു ഒരു മനോരോഗിയോ, ദുര്മന്ത്രവാദിയോ കുശാഗ്രബുദ്ധിയുള്ള തട്ടിപ്പുകാരനോ കള്ളസന്യാസിയോ എന്നപോലെ സ്ഥലത്തെ പ്രമുഖ കള്ളുഷാപ്പിന്റെ പുറകിലത്തെ കോട്ടേജിൽ താമസം തുടങ്ങുന്നു. അവിടെയിരുന്നു കട്ടൻകാപ്പിയും മോന്തി നാട്ടുകാരെ ഉപദേശിക്കയും പ്രാകുകയും ചെയ്യുന്നു.

പുല്ലാംകുഴലിലെ ശ്രുതിമധുരമായ സ്വരരാഗങ്ങൾകൊണ്ട് നാട്ടുകാരെ വിസ്മയിച്ചു ആ അവധൂതൻ മറ്റൊരു ദിനത്തിൽ നിഗൂഢമായി അപ്രത്യക്ഷനാകുമ്പോൾ സൃഷ്ടിച്ച ശൂന്യത്തിന്റെ ശാന്തതയാണ്, ശ്രീ എമ്മിന്റെ ഈ ആദ്യ നോവൽ. ഹിമാലയൻ മാസ്റ്റർ ഏ  യോഗീസ് ഓട്ടോബയോഗ്രഫി, ദി ജേർണി കണ്ടിന്യൂസ് , കൂടാതെ യോഗ ,ഫിലോസഫി വിഷയങ്ങളിൽ മറ്റു പുസ്തകങ്ങൾ എന്നിവയെല്ലാം ശ്രീ എമ്മിന്റെ പ്രതിഭാവിലാസത്തിന്റെ മുതൽക്കൂട്ടുകളാണ്

കാര്യമൊക്കെ ശരി തന്നെ. പക്ഷെ എന്തിനും വിവാദം സൃഷ്ടിക്കുന്ന മലയാളിക്ക് മൂക്കത്ത് വിരൽ വെച്ചുകൊണ്ട് തന്നെ, ഈ അവധൂതന്റെ പ്രത്യക്ഷപ്പെടലിൽ കടുത്ത സംശയങ്ങൾ ഉടലെടുത്തുകഴിഞ്ഞു. എന്നാൽ അതിനപ്പുറം  ഒരു ആർ എസ് എസ് - സി പി എം അവിശുദ്ധകൂട്ടുകെട്ടിന്റെ ഗൂഡാലോചന ചുരുളറിയാൻ ഇനിയും അധികം കാത്തിരിക്കേണ്ടിവരില്ല!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക