Image

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഈവര്‍ഷം 111 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Published on 04 March, 2021
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഈവര്‍ഷം 111 പേര്‍  മരിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ വന്യ ജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 111 പേര്‍ക്ക്. ഇതേ കാലയളവില്‍ 1239 ആളുകള്‍ക്ക് വന്യ ജീവികളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ആന, കാട്ടുപന്നി, പുലി, കുരങ്ങ് എന്നിവയാണ് മനുഷ്യര്‍ക്ക് ഏറ്റവും കുടുതല്‍ ഭീഷണിയായത്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശവും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. 2020ല്‍ വന്യ ജീവികളുടെ ആക്രമണത്തില്‍ കൃഷി നാശം ഉണ്ടായ 6795 പേരാണ് വനംവകുപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. വളര്‍ത്തു മൃഗങ്ങളുടെ നാശത്തിന് നഷ്ടപരിഹാരം തേടി 488 പേരും സമീപിച്ചു.

2020 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31വരെ സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് 1.24 കോടി രൂപയും പരുക്കേറ്റവര്‍ക്ക് 31.07 ലക്ഷം രൂപയും വനംവകുപ്പ് നഷ്ടപരിഹാരമായി അനുവദിച്ചു. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. സ്ഥിരമായി അംഗഭംഗം സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ വിതരണം ചെയ്യും.

പരുക്ക് ഏല്‍ക്കുന്നവര്‍ക്ക് ആശുപത്രി ചെലവിനു ഒരു ലക്ഷം രൂപ വരെ നല്‍കും. ആദിവാസികള്‍ക്ക് ഇത് പൂര്‍ണമായും ലഭിക്കും. കൃഷി , വളര്‍ത്തു മൃഗങ്ങള്‍ , വീട് എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്കു 100 ശതമാനം നഷ്ടപരിഹാരം നല്‍കും. പരമാവധി ഒരു ലക്ഷം രൂപവരെ കിട്ടും. വന്യജീവി ആക്രമണത്തില്‍ ഉണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം 1.18 കോടിയും വളര്‍ത്തുമൃഗ നാശത്തിന് 48.28 ലക്ഷം രൂപയും വനംവകുപ്പ് അനുവദിച്ചു.

വന്യജീവികളുടെ ആക്രമണം മൂലമുള്ള നാശത്തിന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി നല്‍കണം. അപേക്ഷകന്റെ പരിധിയിലെ റേഞ്ച് ഓഫിസര്‍ക്ക് ആണ് സമര്‍പ്പിക്കേണ്ടത്. വനത്തിനുള്ളിലോ വനാതിര്‍ത്തിയിലോ വച്ചുണ്ടായ അപകടത്തിനാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഒരാള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം 4 പ്രാവശ്യം വരെ നഷ്ടപരിഹാരം ലഭിക്കും. അപകടം സംഭവിച്ച് 6 മാസത്തിനുള്ളില്‍ അപേക്ഷ നല്‍കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക