Image

സിലബസ് വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ

Published on 03 March, 2021
സിലബസ് വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ
അബുദാബി: സിബിഎസ്ഇ സിലബസ് വീണ്ടും കുറച്ചെന്ന പ്രചാരണം തെറ്റാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അധികൃതര്‍. പത്താം ക്ലാസിന്റെ സോഷ്യല്‍ സയന്‍സിലെ ഏതാനും അധ്യായങ്ങള്‍ വീണ്ടും കുറച്ചെന്നായിരുന്നു വ്യാജ പ്രചാരണം.

ഇതു വിദ്യാര്‍ഥികളില്‍ ആശങ്കയുണ്ടാക്കിയ പശ്ചാത്തലത്തില്‍ സിബിഎസ്ഇ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനര്‍ ഡോ. സന്യാം ഭരധ്വാജ് ഗള്‍ഫിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചാണ് അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നു വിശദീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ വൈകിയതിനാല്‍ സിലബസില്‍ 2020 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 30% ഇളവനുസരിച്ചാണ് വാര്‍ഷിക പരീക്ഷയ്ക്കു ചോദ്യപേപ്പര്‍ തയാറാക്കിയത്.

ഇനി വീണ്ടുമൊരു മാറ്റം ഉണ്ടായാല്‍ അതു കുട്ടികളെ മാത്രമല്ല പരീക്ഷാ നടത്തിപ്പിനെയും ബാധിക്കുമെന്നും അതുകൊണ്ടുതന്നെ നിലവിലെ രീതി തുടരുമെന്നും പറഞ്ഞു. ഇതേസമയം ഗള്‍ഫില്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങിയതിനാല്‍ കുറച്ച സിലബസിന്റെ ഭൂരിഭാഗവും ആദ്യ ടേമില്‍ തന്നെ പഠിപ്പിച്ചിരുന്നു.  സയന്‍സ് വിഷയങ്ങളില്‍ ഒഴിവാക്കിയ ചില ഭാഗങ്ങള്‍ പഠിക്കാതെ മറ്റു അധ്യായങ്ങള്‍ മനസ്സിലാകില്ലെന്നിരിക്കെ അതുകൂടി പഠിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും വിദ്യാര്‍ഥികളും അധ്യാപകരും പങ്കുവച്ചു. പരീക്ഷ മേയിലേക്കു നീട്ടിയതിനാല്‍ പഠിക്കാന്‍ സമയം കിട്ടുമെന്നതാണ് ഏക ആശ്വാസം.

പത്താം ക്ലാസ് ഫലം വന്ന ശേഷം ജൂണിലേ ഇത്തവണ 11ാം ക്ലാസ് പഠനം തുടങ്ങാനാകൂ. സാധാരണ ഗള്‍ഫിലെ സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം കാത്തുനില്‍ക്കാതെ മോഡല്‍ പരീക്ഷയുടെ മാര്‍ക്ക് അടിസ്ഥാനമാക്കി 11ാം ക്ലാസിലേക്കു പ്രവേശനം നല്‍കി ക്ലാസ് ഏപ്രിലില്‍ തുടങ്ങുമായിരുന്നു. പരീക്ഷ വൈകുന്നതിനാല്‍ ഇത്തവണ 2 മാസം വൈകിയായിരിക്കും പ്ലസ് വണ്‍ ക്ലാസ് തുടങ്ങുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക