Image

ക്ഷേത്രഗണിതം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 02 March, 2021
ക്ഷേത്രഗണിതം (കവിത:   വേണുനമ്പ്യാര്‍)

1

വളവും ചരിവുമുള്ള  ഈ ഭൂമിയില്‍  
ഒരു   ബിന്ദുവില്‍നിന്നും മറ്റൊരു   ബിന്ദുവിലേക്ക്
മുറിയാതെ      സഞ്ചരിക്കുന്ന നേര്‍രേഖയാകാതിരിക്കട്ടെ  
നമ്മുടെ  പ്രണയം!

2

അംശത്തെക്കാള്‍ വലുതല്ല  പൂര്‍ണം
എങ്കിലും ഭൂമിയില്‍നിന്നു വേറിട്ടൊരു നടത്തമില്ല നിനക്ക്
സൂര്യനില്‍നിന്നു വേറിട്ടൊരു നോട്ടമില്ല എനിക്ക്
പൊന്നമ്പിളിയില്‍ നിന്ന് വേറിട്ടൊരു  മനവുമില്ല നമുക്ക്.

3

അപൂര്‍ണ്ണമാം  കവിതയിലെ
അവസാന വാക്കുപോല്‍  -
എന്നില്‍  നിന്നെന്നെ    
കിഴിച്ചു  നോക്കി, യപ്പോഴും  
ബാക്കിയാകുന്നു  -   ഞാനൊരു
തീരാദുഃഖമായ് !

4

ചേര്‍ത്തെന്നെ
നിന്നോട്
കൂട്ടിനോക്കിയപ്പോഴും
ശിഷ്ടമുത്തരം
മടുപ്പിക്കു,മേകാകിത.    

5
 
കൂട്ടലില്‍ ഏറാതെ
കിഴിക്കലില്‍ ഇറങ്ങാതെ
പെരുക്കലില്‍ പെരുകാതെ
ഹരിക്കുവാനറിയാതെ
അക്ഷരബ്രഹ്മമായ്
നീലനഭസ്സിലുയരുന്നു  
കാണാത്തൊരെന്‍
കണ്ണന്റെ പൊന്‍താഴികക്കുടം!  

6

 
പിറകില്‍ നിന്നായാലും ശരി, മുന്നില്‍ നിന്നായാലും  ശരി
നീ അരുളുന്ന  ദൃശ്യപ്രസാദം തന്നെ  പൊരുളിന്റെ  പ്രത്യക്ഷപ്രമാണം.
അതെ, ഒരേ വസ്തുവിന്റെ പാതികള്‍ ഒന്നിനോടൊന്നു സമമായിരിക്കും.
താന്‍ പാതി ദൈവം പാതി!    

7

ഉണ്ടെന്നൊരുത്തന്‍
ഇല്ലെന്നൊരുത്തന്‍
തെല്ലും പിടി കൊടുക്കാതെ
ഉള്ളതാം ഉള്ളിന്റെയുള്ളില്‍
പൊട്ടിച്ചിരിക്കുന്നു ഇഷ്ടന്‍!

ക്ഷേത്രഗണിതം (കവിത:   വേണുനമ്പ്യാര്‍)
Join WhatsApp News
Sethumadhavan 2021-03-10 02:01:36
Dear venuji Very nice really worth reading..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക