Image

കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 

Published on 01 March, 2021
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 

തമ്പി ആന്റണിയുടെ മൂന്ന് പുസ്തകങ്ങൾ  സർഗ്ഗവേദിയിലെ സൂം മീറ്ററിംഗിൽ പ്രകാശനം ചെയ്ത സക്കറിയ, കെ.പി. രാമനുണ്ണി, റോസ് മേരി എന്നിവരാനെത്തിയ പ്രഭാഷണം 

സക്കറിയ - ചെറുകഥാകൃത്തും നോവലിസ്റ്റും 
പ്രകാശനം ചെയ്ത പുസ്തകം : കൂനമ്പാറ കവല 

തമ്പി എഴുത്തിന്റെ വഴിയേ നടന്നു തുടങ്ങിയ കാലം മുതൽ നേരിട്ടും ഇ -മെയിലൂടെയുമെല്ലാം പരസ്പരം ചർച്ചകൾ നടത്തുന്ന തരത്തിലൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്.
സാൻ ഫ്രാന്സിസ്കോയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്. 
അടുത്തടുത്ത നാട്ടുകാരായതുകൊണ്ടാകാം  എനിക്ക് കൃത്യമായി മനസിലാകുന്ന ഭൂമികയിലാണ് ഈ കഥ നടക്കുന്നത്. റോസ് മേരിക്കും ഇത് പരിചതമായിരിക്കും. 

കുട്ടിക്കാനം വഴി കുമിളിക്കു പോകുന്നതിനെ എന്റെയൊക്കെ കുട്ടിക്കാലത്ത് കിഴക്കോട്ടുപോവുക എന്നാണ് പറഞ്ഞിരുന്നത്. 50 കളിൽ അഞ്ചാം വയസ്സിൽ സ്വന്തം നാടുവിട്ടു ഞാൻ നടത്തുന്ന ആദ്യ യാത്ര തമ്പിയുടെ കഥ നടക്കുന്ന കുമിളിയിലേക്കായിരുന്നു. എന്റെ അപ്പനും കൂട്ടുകാരും അവിടെ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. ശങ്കുണ്ണിപ്പിള്ള (ദേശബന്ധു പത്രത്തിന്റെ സ്ഥാപകൻ,പത്രാധിപർ) എന്ന പ്രസിദ്ധനായ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്വരാജ് എന്നു പേരുള്ള ബസ് മാത്രമേ ആ റൂട്ടിൽ ഓടിയിരുന്നുള്ളു. ഡ്രൈവറുടെ 'മൂക്കുള്ള സീറ്റിൽ' രണ്ടുപേർക്ക് കൂടി ഇരിക്കാം. സാധാരണഗതിയിൽ യാത്ര ചെയ്യുന്ന പോലീസുകാർക്കാണ് ആ സീറ്റ് കൊടുക്കുക. അപ്പൻ, അറിയപ്പെടുന്നൊരു കൃഷിക്കാരനായിരുന്നതുകൊണ്ട് പോലീസുകാരില്ലെങ്കിൽ ആ സീറ്റ് എനിക്കും അപ്പനും കിട്ടും. ടാറിട്ട റോഡല്ല,വളഞ്ഞും പുളഞ്ഞുമാണ് യാത്ര. ഇടയ്ക്ക് മൂന്ന് നാല് ഇടങ്ങളിൽ വണ്ടി നിർത്തി, റേഡിയേറ്ററിൽ വെള്ളമൊഴിച്ച് തണുപ്പിക്കാൻ കാത്തിരുന്നിട്ടൊക്കെയാണ് കുമിളിയിൽ എത്തുന്നത്. അവിടെയുള്ള കൂനമ്പാറ കവലയിലെ നാട്ടുപുരാണമാണ് തമ്പി വർണ്ണിച്ചിരിക്കുന്നത്. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങൾ ഇപ്പോഴും ഏറെക്കുറെ ഇങ്ങനാണെന്നാണ് എന്റെ വിശ്വാസം.

ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്നതുകൊണ്ട് പള്ളിയും അച്ചനും എല്ലാം പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. അവിടെ, ജനമർദ്ദനനെന്നു വിളിക്കുന്ന ജനാർദ്ദനൻ എന്ന പോലീസ് ഇൻസ്‌പെക്ടർ, നീലിമ ഉണ്ണിത്താൻ എന്ന രാഷ്ട്രീയ പ്രവർത്തകയും. ചീട്ടുകളിക്കാരും, കള്ളുകുടിയന്മാരും, കള്ളവാറ്റും, ചാരായവും എല്ലാം ഇവിടുണ്ട്. ബഷീറിന്റെ ' സ്ഥലത്തെ പ്രധാന ദിവ്യനിലെ' സാഹചര്യങ്ങളാണ് വായനയ്ക്കിടയിൽ എനിക്ക് ഓർമവന്നത്. സാധാരണക്കാരായ മനുഷ്യർ അവരവരുടെ കാര്യങ്ങൾ നോക്കി ജീവിക്കുകയും ഇടയ്ക്ക് തല്ലുകൂടുകയും ഒക്കെ ചെയ്യുന്നു. എസ്‌ കെ പൊറ്റെക്കാടും തകഴിയുമെല്ലാം മുൻപും ഇത്തരം നാട്ടുപുരാണങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ഉൾനാടുകളിൽ എല്ലാം ഇത്തരത്തിൽ ജാതിക്കും മതത്തിനും അതീതമായ സൗഹൃദം നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയമാണ് അവിടെ സംഘട്ടനങ്ങൾക്ക് വഴിവയ്‌ക്കുന്നത്‌. 

വർഗീയതയും മതാന്ധതയും കുത്തിവയ്ക്കാനുള്ള ശ്രമം കേരളത്തിൽ ഇപ്പോഴും നടന്നുവരുന്നുണ്ട്. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌താൽ മലയാളികൾ ഇതിനെ ചെറുക്കുന്നതിന് തോന്നിയിട്ടുള്ള ഒരു കാരണം പറയാം. മനുഷ്യനെ മനുഷ്യനായി കാണാൻ മലയാളിക്കറിയാം. രാഷ്ട്രീയപരമായ മത്സരങ്ങൾ നടക്കുമ്പോൾ മാത്രമാണ് വേർതിരിച്ച്‌ ചിന്തിക്കുന്നത്. തൽക്കാലത്തേക്കെങ്കിലും  ഈ സത്ബുദ്ധിയും പക്വതയും പ്രത്യാശ പകരുന്നുണ്ട്.

കൂനമ്പാറ കവലയിലെ കുരിശു കൃഷി രസകരമായി വർണ്ണിച്ചിട്ടുണ്ട്. ഏത് കുന്നു കണ്ടാലും ഉടനെ കുരിശു നാട്ടുന്ന പഴയൊരു രീതി. അതുകണ്ട് മറ്റൊരു കൂട്ടർ ശൂലക്കൃഷി നടത്തുന്നു. ലോഹവും സിമന്റും കൊണ്ടുള്ള കൃഷിയാണ് നിർഭാഗ്യവശാൽ നടക്കുന്നതെന്ന് തമ്പി ഇതിനെ ഭംഗിയായി പരിഹസിച്ചിട്ടുണ്ട്. ഏതു മതവും ഇത്തരത്തിൽ പിടിച്ചെടുക്കലുകൾ നടത്തുമ്പോഴാണ് സംഘർഷം ഉണ്ടാകുന്നത് . 
തൊഴിലാളി രാഷ്ട്രീയം മാഫിയ ആയി മാറുന്നതും കഥയിൽ കാണാം. പല നല്ല പ്രവർത്തനങ്ങളെയും എതിർക്കുന്ന ചാവേറുകളായി സംഘടനകൾ ഇവരെ മാറ്റുന്നു. കേരളത്തിൽ കാണുന്ന ഇത്തരം അടിസ്ഥാന സത്യങ്ങൾ തമ്പി വിളിച്ചുപറയുന്നു.

നാടകങ്ങൾക്ക് കേരളക്കരയിലുള്ള സ്വാധീനവും ഭ്രാന്തും വ്യക്തമായി വർണ്ണിച്ചിട്ടുണ്ട്. 1957 ൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നെങ്കിൽ അതിൽ കെ പി എ സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി ഉൾപ്പെടെയുള്ള നാടകങ്ങൾക്ക് വളരെ വലിയൊരു പങ്കുണ്ട്. വിപ്ലവമെന്താണെന്നറിയാത്ത കൊച്ചുകുട്ടികൾ പോലും പള്ളിയിലെ ക്രിസ്തീയ ഗീതങ്ങളല്ലാതെ ആദ്യം ഏറ്റു പാടിയതും നെഞ്ചോടു ചേർത്തതും 'ബലികുടീരങ്ങളെ' പോലെയുള്ള നാടകഗാനങ്ങളാണ്.
അത്യാകർഷകമായ കവർ ഡിസൈനിംഗ് ആണ് ഈ പുസ്തകത്തിന്. ആർട്ടിസ്റ്റിന് എന്റെ അഭിനന്ദനം. വളച്ചുകെട്ടലുകളില്ലാതെ 'സ്ട്രെയ്റ്റ് നറേറ്റീവ്'  തമ്പി ഉപയോഗിച്ചത് ഹൃദ്യമായി തോന്നി. ശീര്‍ഷകവും ഒരുപാടിഷ്ടമായി. 

ഏഴു പുസ്തകങ്ങൾ എഴുതിയ തമ്പി ഇനിയും കൂടുതൽ എഴുതട്ടെ എല്ലാവിധ ആശംസകളും 

കെ .പി. രാമനുണ്ണി  -  ചെറുകഥാകൃത്തും നോവലിസ്റ്റും 
പ്രകാശനം ചെയ്ത പുസ്തകം :  ജസീല ബാനുവിന്റെ കുറിപ്പുകൾ(നോവൽ)

 സിനിമാക്കാരനായ തമ്പി ആന്റണിയെയാണ് ഞാൻ പരിചയപ്പെടുന്നത്. സാഹിത്യത്തോടും സാഹിത്യകാരന്മാരോടും അദ്ദേഹം പുലർത്തുന്ന താല്പര്യമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്. 'സൂഫി പറഞ്ഞ കഥ' പോലൊരു നോവൽ സിനിമയാക്കിയതുപോലും സാഹിത്യ തല്പരനായതുകൊണ്ടാകാം.
നമുക്ക് അടങ്ങാത്ത ആസക്തിയുള്ള കല വഴങ്ങാതിരിക്കുകയാണ് പതിവ്. ഉദാഹരണം പറയുക ആണെങ്കിൽ, എന്നെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഒന്നാണ് സംഗീതമെങ്കിലും അതിനെ വരുതിയിലാക്കാൻ എനിക്ക്  കഴിഞ്ഞിട്ടില്ല. ഗിറ്റാർ വായന അഭ്യസിക്കാൻ  ശ്രമം നടത്തി പരാജയപ്പെട്ട  അനുഭമാണുള്ളത്. അങ്ങനെ ഞാൻ കരുതി, പ്രാഗത്ഭ്യം ഇല്ലാത്ത കലയോടായിരിക്കും നമുക്ക് ആരാധനയെന്ന്. 
സാഹിത്യത്തോടുള്ള തമ്പി ആന്റണിയുടെ അഭിനിവേശംകൊണ്ട് അദ്ദേഹം തുരുതുരെ കവിതകളും കഥകളും നോവലുകളും എഴുതി പ്രാഗത്ഭ്യം തെളിയിച്ചതോടെ എന്റെ ധാരണ തെറ്റായിരുന്നെന്ന് മനസ്സിലായി. അതുകൊണ്ടു തന്നെ, ഇപ്പോൾ പ്രകാശിതമാകുന്ന ജസീല ബാനുവിന്റെ കുറിപ്പുകൾ വളരെയധികം കൗതുകത്തോടും ജിജ്ഞാസയോടും കൂടിയാണ് ഞാൻ വായിച്ചത്. മുൻപും അദ്ദേഹത്തിന്റെ കഥകൾ വായിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണെങ്കിലും, നോവൽ ആദ്യമാണ്. മുഖവുരയിൽ വ്യക്തമാക്കുന്നതുപോലെ കഥയേക്കാൾ ഉദ്വെഗജനകമായ അനുഭവങ്ങളാണ് തമ്പിയെ എഴുത്തുകാരനാക്കിയതെന്ന് വായനക്കാർക്കും മനസിലാകും. എന്നാൽ, നോവലാകുമ്പോൾ അതിനൊരു അടിസ്ഥാന ഘടന ഉണ്ടായിരിക്കണം.

മിലൻ കുന്ദേര പറയുന്നത്  പോലെ ' നോവലിൽ കുറെ സ്ഥലങ്ങളും കാലവും ഉണ്ടായതുകൊണ്ട് കാര്യമില്ല.' എല്ലാം കുത്തിനിറയ്ക്കാനുള്ള കീറച്ചാക്കാണെന്നുപോലും നോവലിനെക്കുറിച്ച് ചിലർ അഭിപ്രായപ്പെടാറുണ്ട്. എഴുത്തുകാരന്റെ ജീവിതവീക്ഷണം കൂടി വരുമ്പോഴാണ് സത്യത്തിൽ ഒരു നോവൽ പൂർണമാകുന്നത്. അത്തരമൊന്ന് തമ്പിയുടെ രചനയിൽ പ്രക്ഷേപിക്കുന്നു എന്നതാണ് എന്നെ ഏറെ സന്തോഷിപ്പിച്ച ഘടകം. ജസീലയെ പരിചയപ്പെടുത്തുന്നതുപോലും രസകരമാണ്. എനിക്കും നിങ്ങൾക്കും പരിചയമുള്ള പല അനുഭവങ്ങളുടെ സംഘാതമാണ് ഈ കഥാപാത്രം എന്നാണ് എഴുത്തുകാരൻ പറഞ്ഞുവയ്ക്കുന്നത്. ഒരു വ്യക്തി എന്നുപറയുമ്പോൾ പോലും അയാൾക്കുള്ളിൽ ഒരുപാട് വ്യക്തികളുടെ അനുഭവങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. 'കെ. പി. രാമനുണ്ണി' എന്ന എന്റെ പേരുപോലും എന്റേതാകുന്നത് നാലാൾ എന്നെയത് വിളിക്കുമ്പോഴാണ്. 

ഓരോ വ്യക്തിയുടെയും ഉള്ളിൽ ഒരു അപരൻ ഒളിച്ചിരിപ്പുണ്ട്. നമ്മളെ നമ്മളാക്കുന്നത്  അപരനാണ്. ഹിന്ദുവിനെ ഹിന്ദു ആക്കുന്നത് മുസ്ലീമാണ്, മുസ്ലീമിനെ മുസ്ലീമാക്കുന്നത് ക്രിസ്ത്യാനിയാണ്, അഥവാ അപരൻ എന്ത് വിളിക്കുന്നു നമ്മൾ അതായി മാറുന്നു. നമ്മുടെ അകത്തൊരു സമൂഹമുണ്ട്. മലയാളിയിൽ ഉണ്ടായിരിക്കേണ്ട മതേതരസങ്കല്പം തമ്പിയിൽ അന്തർലീനമായിരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു. എഴുത്തുകാരനൊരു വീക്ഷണകോണുണ്ടെന്ന് വായനക്കാരൻ  മനസ്സിലാക്കുമ്പോൾ തന്നെ നോവൽ വിജയിച്ചു എന്നാണർത്ഥം.

ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ വെല്ലുവിളികൾ കേന്ദ്രകഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെ വ്യക്തമായി ഈ നോവൽ വരച്ചുകാട്ടുന്നു. തോൽക്കാൻ മനസ്സില്ലാത്ത അവൾ, തന്റെ ദുഃഖങ്ങളും സന്തോഷങ്ങളും ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന എഴുത്തുകാരനോട് പങ്കുവയ്ക്കുന്ന രീതിയിലാണ് എഴുത്ത് വികസിപ്പിച്ചിട്ടുള്ളതെന്നതും വ്യത്യസ്തമായി അനുഭവപ്പെട്ടു . സ്ത്രീയെ പിച്ചിച്ചീന്തുന്ന മനുഷ്യനെ കണ്ടാമൃഗമെന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം യോജ്യമായി തോന്നി. പാത്തും പതുങ്ങിയും നടക്കുന്ന പൂച്ചയ്ക്ക് പാത്തു എന്ന് പേരിട്ടതു സർഗാത്മകതയുടെ മിന്നലാട്ടമാണ് . ഓരോ വാക്കുകൾക്കും പേരുകൾക്കും അർഥം ഉണ്ടാവുക ചെറിയ കാര്യമല്ല. ഒരുഘട്ടത്തിൽ സഹായഹസ്തവുമായി എത്തുന്ന മാനസിയെന്ന സ്ത്രീയുടെ സ്നേഹത്തിനു പിന്നിലും സ്വാർത്ഥ  താല്പര്യം ഉണ്ടെന്ന് തിരിച്ചറിയുന്നിടത്താണ് ജസീല , മനുഷ്യരെ ഒന്നടങ്കം വെറുക്കുന്നത്. അവൾക്ക് ആശ്വാസമാകുന്നത് സ്വപ്നത്തിൽ കാണുന്ന തലപ്പാവുവച്ച സുൽത്താൻ മാത്രമാണ്. 

ഭിന്നശേഷിക്കാരി ആയതിനെ ജസീല  ഒരു ഭാഗ്യമായി കണക്കാക്കുകയാണ്. മതം സ്ത്രീകൾക്കുമേൽ ഏർപ്പെടുത്തുന്ന ബന്ധനങ്ങളേക്കാൾ സ്വാതന്ത്ര്യം, കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട താൻ അനുഭവിക്കുന്നു എന്ന ജസീലയുടെ വാക്കുകൾ സ്ത്രീപക്ഷത്തുനിന്നുള്ളൊരു ദാർശനിക ചിന്തയായി കരുതാം. അതിജീവനത്തിന്റെയും പടപൊരുതലിന്റെയും  അന്തിമവിജയത്തിന്റെയും ദർശനം ഇതിൽ കാണാം. വ്യാവഹാരികമായ തലത്തിൽ നിന്ന് കാല്പനികതയിലേക്കുള്ള കൃതിയുടെ പ്രയാണം ആസ്വാദ്യകരമാണ്. ദൈവങ്ങളോടുള്ള പരിഭവവും മതങ്ങളോടുള്ള എതിർപ്പും പല ഇടങ്ങളിലും പ്രകടമാണ്. നാം നട്ട മരങ്ങളാണ് നമ്മുടെ അക്ഷരങ്ങൾ എന്നതുപോലെയുള്ള കാവ്യാത്മക ബിംബങ്ങളും വായനയ്ക്ക് സുഖം പകരുന്നു.

കാപട്യങ്ങളില്ലാതെ ആളുകളോട് പെരുമാറാൻ കഴിയുന്ന തമ്പിയുടെ മനസ്സ്, അദ്ദേഹത്തിന് എല്ലാവിധ ഉയർച്ചകളും സമ്മാനിക്കട്ടെ.

റോസ് മേരി : കവയിത്രി 
പ്രകാശനം ചെയ്ത പുസ്തകം: മരക്കിഴവൻ (ചെറുകഥാ സമാഹാരം)

ന്യൂയോർക്കിലെ   മലയാളം  പത്രത്തിൽ ഏഴുകൊല്ലം കോളം ചെയ്തിരുന്നതുകൊണ്ട്, അമേരിക്കൻ മലയാളികൾക്ക് ഞാൻ അപരിചിത അല്ലെന്ന് കരുതട്ടെ.

കവി എന്ന നിലയിലാണ് തമ്പിയെ ഞാൻ പരിചയപ്പെടുന്നത്. പക്ഷിയെക്കുറിച്ചുള്ള കവിത വായിച്ച്, വരികളിൽ പ്രസന്നത അനുഭവപ്പെട്ടതായി ഞാൻ നേരിൽ കണ്ടപ്പോൾ പറഞ്ഞു. പിന്നീട് ചെറുകഥകളിലൂടെയും അഭിനയത്തിലൂടെയും ബഹുമുഖ പ്രതിഭയായി തമ്പി അത്ഭുതപ്പെടുത്തി.
മരക്കിഴവൻ  എന്ന 14 ചെറുകഥയുടെ സമാഹാരമാണ് ഞാൻ പ്രകാശനം ചെയ്യുന്നത്. വൈവിധ്യമാണ് ഈ കഥകളുടെ സവിശേഷത. ഒരു കഥ മറ്റൊന്നിൽ നിന്നും തീർത്തും വ്യത്യസ്തം.വായനയ്ക്കിടെ എനിക്ക് മനസിലായത് തമ്പിയുടെ വേരുകൾ ഇപ്പോഴും കേരളത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നാണ്. വൃക്ഷത്തിന്റെ ചില്ലകൾ തൊടുന്നത് അമേരിക്കയുടെ ആകാശമാണെന്ന് മാത്രം. മനമിങ്ങും തനമങ്ങും എന്ന് പറയുന്ന അവസ്ഥ.

ഒരു കഥയിലെ കൂനൻ പാറ, കേരളത്തിലെ മറ്റേതൊരു ഉൾനാടൻ ഗ്രാമത്തിലും കാണുന്ന ചായക്കടയും, ഏഷണിക്കാരും, തെമ്മാടികളും, വേശ്യകളും  എല്ലാമായി സജീവമാകുന്നുണ്ട്. തമ്പിയുടെ പൊൻ കുന്നത്തു നിന്നു വളരെ അടുത്താണ് ഞാൻ താമസിക്കുന്ന പാറത്തോട്. പക്ഷേ അവിടൊന്നും വച്ച് ഒരിക്കൽപോലും ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. ഈ അക്ഷരങ്ങളിൽ കൂടിയാണ് ഞങ്ങൾ കണ്ടുമുട്ടിയത്.

എഴുതിയെഴുതി അനായാസമായ ഒരു രചനാശൈലി അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. നീർപ്പക്ഷി ജലോപരിതലത്തിലൂടെ തെന്നി നീങ്ങുന്നതുപോലെ എളുപ്പത്തിൽ അദ്ദേഹം കഥ പറയുന്നുണ്ട്. വായനക്കാരനും അതേ അനായാസതയോടെ വായിച്ചപോകാൻ സാധിക്കുന്നുണ്ട്. അടുത്തിടെയായി സ്ത്രീകളെ അനാവശ്യമായി മഹത്വവത്കരിക്കുന്ന ഒരു പ്രവണതയുണ്ട്. സ്ത്രീയുടെ ത്യാഗം, സഹനം, വേദന എന്നൊക്കെ പറഞ്ഞ്... എന്നാൽ, അതിനൊരു മറുവശമുണ്ട്. പലതും സഹിക്കുന്ന ഒരുപാട് പുരുഷന്മാരും ഈ ലോകത്തുണ്ട്. തമ്പി അവരെ കണ്ടെത്തുകയാണ്. 

നിസഹായരായ നാലഞ്ച് പുരുഷ കഥാപാത്രങ്ങളെ ഞാൻ ഇതിൽ കണ്ടു. തമ്പി പതിവ് പാത വിട്ടു സഞ്ചരിക്കുന്നതിൽ എനിക്ക് സന്തോഷം തോന്നി. 'ക്വൊട്ടേഷൻ' എന്ന കഥയിലെ എലിസബത്ത് എന്ന ഭർത്താവിനെ വകവയ്ക്കാത്ത  കഥാപാത്രം; ഭർത്താവ് അവർക്കെതിരെ  ക്വൊട്ടേഷൻ കൊടുക്കുന്നത് ഒക്കെ വ്യത്യസ്തത പുലർത്തി. സക്കറിയാ പോത്തന്റെ പാത്രസൃഷ്ടി മികച്ചു നിന്നു. അനാഥനായ നായ്ക്കുട്ടിയെ എടുത്തു വളർത്തുന്നതിന്റെ പേരിൽ വിവാഹമോചനം നേടുന്ന ഭാര്യ അനയെ  ശക്തയായും, ഭർത്താവിനെ  ദുർബലനായുമാണ്  അവതരിപ്പിച്ചിരിക്കുന്നത്. ജോർജ് കുട്ടി പേരുമാറ്റി ജോർജ് ബുഷ് ആയി നടക്കുന്നതിനിടയിലും ഭാര്യയെ ഭയക്കുന്ന കഥാപാത്രമായാണ് കാണുന്നത്. അങ്ങനെ പുരുഷന്റെ ദൈന്യത പലയിടങ്ങളിലും എഴുത്തുകാരൻ വരച്ചിടുന്നു.

തമ്പി നല്ലൊരു നിരീക്ഷകനാണ്.  നന്മതിന്മകളെക്കുറിച്ചോ പാപപുണ്യങ്ങളെക്കുറിച്ചോ പറഞ്ഞ് ആരെയും കുറ്റക്കാരെന്ന് വിധിക്കാതെ എല്ലാവരെയും ഒരുപോലെ സ്വീകരിക്കുന്ന നിർമ്മമനായൊരു നിരീക്ഷകൻ. ചുറ്റും കാണുന്നതൊക്കെ അവധാനതയോടെ പകർത്തുന്നുണ്ട്. കാല്പനികമായൊരു ലോകമല്ല, യഥാർത്ഥ ജീവിതങ്ങളും പച്ചയായ മനുഷ്യരുമാണ് കഥകളിൽ ഉള്ളത്. ചില  കഥകളിലൂടെ ആക്ഷേപഹാസ്യം തനിക്ക് വഴങ്ങുമെന്നും തമ്പി തെളിയിക്കുന്നു.

പ്രിയസുഹൃത്തിന്റെ സർഗജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. 

സിന്ധു നായര്‍ (ബോസ്റ്റണ്‍) മോഡറേറ്ററായിരുന്നു. സര്‍ഗവേദിയുടെ ജോണ്‍ കുര്യന്‍ ആമുഖ പ്രസംഗം നടത്തി. എം.എന്‍. നമ്പൂതിരി, സുകുമാര്‍ (കാനഡ), അനിലാല്‍ ശ്രീനിവാസന്‍, ബിനോയ് സെബാസ്റ്റ്യന്‍, ജോസന്‍ ജോര്‍ജ്, ജെ. മാത്യുസ്, മീനു എലിസബത്ത്, ജയന്‍ കെ.സി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക