Image

ശ്രീ എം-ന് യോഗ സെന്ററിന് ഭൂമി നല്‍കിയ നടപടിയെ ന്യായീകരിച്ച്‌ ഗോവിന്ദന്‍ മാസ്റ്റര്‍

Published on 01 March, 2021
ശ്രീ എം-ന് യോഗ സെന്ററിന് ഭൂമി നല്‍കിയ നടപടിയെ ന്യായീകരിച്ച്‌  ഗോവിന്ദന്‍ മാസ്റ്റര്‍
  ആലപ്പുഴ: ആര്‍.എസ്.എസ് സഹയാത്രികന് യോഗ റിസര്‍ച്ച്‌ സെന്റര്‍ സ്ഥാപിക്കാന്‍ നാലേക്കര്‍ ഭൂമി നല്‍കിയ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച്‌ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം  എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ശ്രീ.എമ്മിന് മതനിരപേക്ഷ മുഖമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

 അദ്ദേഹവുമായി സി.പി.എമ്മിന് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ സി.പി.എം -ആര്‍.എസ്.എസ് ചര്‍ച്ച നടന്നിട്ടില്ല. സി.പി.എം യോഗയുമായി ബന്ധപ്പെട്ടാണ് എമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നത്. എം മതനിരപേക്ഷ വാദിയായത് കൊണ്ട് ജമാഅത്തെ ഇസ്‌ലാമി വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹത്തെ കുറിച്ച്‌ ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ശ്രീ എമ്മിന്റെ ഇടപെടലിലൂടെ പിണറായി വിജയന്‍ ആര്‍എസ്‌എസ്സിന്റെ കേരളത്തിലെ ഉന്നത നേതാക്കളുമായി അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന  വിവരം പുറത്തുവന്നതാണ് വിവാദമായത് . ആര്‍എസ്‌എസ് സംസ്ഥാന നേതാവ് ഗോപാലന്‍കുട്ടി, വിഭാഗ് പ്രചാര്‍ പ്രമുഖ് വല്‍സന്‍ തില്ലങ്കേരി, ജന്മഭൂമി എംഡി എ രാധാകൃഷ്ണന്‍, മുന്‍ പ്രാന്തപ്രചാരക് എസ് സേതുമാധവന്‍ എന്നിവരുമായാണ് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.


വര്‍ഷങ്ങളായി ശ്രീ എം ഇന്ത്യയിലും കേരളത്തിലും മതനിരപേക്ഷതയുടെ പ്രതീകമായി പ്രവര്‍ത്തിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് എന്തും പറയാം. തെളിവുകളൊന്നുമില്ല. സിപിഎം-ആര്‍എസ്‌എസ് ചര്‍ച്ചയ്ക്ക് ശ്രീ എം ഇടനില നിന്നുവെന്ന് പറയുന്നവര്‍ എവിടെവെച്ച്‌, ഏത് ഹോട്ടലില്‍വെച്ചെന്ന് പറയണമെന്നും   ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 ഇക്കണോമിക് ടൈംസ് ഡല്‍ഹി ലേഖകനായ ദിനേഷ് നാരായണന്‍ രചിച്ച 'The RSS And The Making of The Deep Nation' എന്ന പുസ്തകത്തിലൂടെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വിവരം പുറത്തായത്.

ആര്‍.എസ്.എസ് സഹയാത്രികന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ശ്രീ.എം എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടെ സത്സംഗ് ഫൗണ്ടേഷനാണ് നാലേക്കര്‍ ഭൂമി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്.

ആര്.എസ്.എസുമായും അവരുടെ പത്രവുമായുള്ള ബന്ധം നേരത്തെ തന്നെ അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരുന്നുവെന്നുംആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍.എസ്.എസുമായി ഏറെ അടുപ്പത്തിലാണ് സഞ്ചരിച്ചിരുന്നതെന്നും ഇവരുടെ തന്നെ അക്കാദമിക്-റിസര്‍ച്ച്‌ ജേണല്‍ ആയ 'മാന്തന്റെ' ജോയിന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഓര്‍ഗനൈസറിന്റെ ചെന്നൈ ലേഖകനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വിഷയത്തോടാണ് എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

ശ്രീഎമ്മിന് ഭൂമി നല്‍കിയതിനെക്കുറിച്ചുള്ള വിവാദത്തിന് അടിസ്ഥാനമില്ല. കശ്മീരില്‍ പിഡിപിയുമായി ചേര്‍ന്ന ബി.ജെ.പി ഇവിടെ മുസ്ലിം ലീഗുമായി കൂട്ടുകൂടിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദിവാസികള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും കൊടുക്കാന്‍ മൂന്ന് സെന്റ് സ്ഥലമില്ലാത്ത സര്‍ക്കാര്‍ ശ്രീ.എം എന്നു സ്വയം വിളിക്കുന്ന ആര്‍.എസ്.എസ് അനുകൂല വ്യക്തിക്ക്, തിരുവനന്തപുരത്ത് നാലേക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കിയ വാര്‍ത്തയോട് എത്ര ഇടതു ഹാന്റിലുകള്‍ പ്രതികരിക്കും എന്നു ഞാന്‍ നോക്കുകയായിരുന്നു. 10 വര്‍ഷത്തേക്ക് പാട്ടം പോയാല്‍ ഭൂമി വിറ്റതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് അഭിഭാഷകനായ ഹരിഷ് വാസുദേവന്‍ ഫേസ് ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു.

യോഗയില്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അറിവോ പാണ്ഡിത്യമോ പോലും അങ്ങേര്‍ക്കുള്ളതായി അറിയില്ല. യോഗ വളര്‍ത്താന്‍ ആണെങ്കില്‍ നയം തീരുമാനിച്ചു അതില്‍ വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി സഹായിക്കണം.
സുതാര്യമായ തെരഞ്ഞെടുപ്പ് വേണം. ശ്രീ.എം ഏത് വഴിയില്‍ വന്നു? ഹരിഷ് ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ഇത് നഗ്നമായ അഴിമതിയാണ്. യു.ഡി.എഫിന്റെ അവസാന കാലം സന്തോഷ് മാധവനു സഹായം ചെയ്തതുപോലെ, ഇപ്പോള്‍ ഇയാള്‍.
ഇനി യു.ഡി.എഫിനെ നോക്കൂ, ബി.ജെ.പി യെ നോക്കൂ, ആരെങ്കിലും കാര്യമായി പ്രതികരിച്ചോ? ഭൂരഹിതരുടെ രാഷ്ട്രീയം പറയുന്നുണ്ടോ?
ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പറഞ്ഞോ? യു.ഡി.എഫി ന്റെ കാലത്തെ വലിയ ഭൂമി തട്ടിപ്പ് പലതും ഒരു ഇടതു നേതാവും കോടതിയില്‍ പോയി റദ്ദാക്കിയിട്ടില്ല. സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഇരുന്നിട്ടും ചെയ്തില്ല.

ഇതൊരു പരസ്പര പുറംചൊറിയല്‍ തട്ടിപ്പാണ്. ശ്രീ.എമ്മി നു നാല് ഏക്കര്‍ ഭൂമി നല്‍കാനുള്ള ഉത്തരവ് ഇറങ്ങട്ടെ, ഞാനത് ചോദ്യം ചെയ്യും. കേരളത്തിലെ അവസാന ഭൂരഹിതനും ഭൂമി കൊടുത്തിട്ട് മതി, സര്‍ക്കാര്‍ ഭൂമിയില്‍ ഇരുന്ന് സ്വകാര്യ ട്രസ്റ്റിന്റെ യോഗപഠിക്കുന്നതെന്നും ഹരിഷ് കുറിപ്പില്‍ കുറിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക