Image

സര്‍ക്കാര്‍ ജീവനക്കാരി ജീവനൊടുക്കിയ സംഭവം; വാക്സീന്‍ എടുത്തതിന് ചിലര്‍ കളിയാക്കിയതായി കുറിപ്പ്

Published on 01 March, 2021
സര്‍ക്കാര്‍ ജീവനക്കാരി ജീവനൊടുക്കിയ സംഭവം; വാക്സീന്‍ എടുത്തതിന് ചിലര്‍ കളിയാക്കിയതായി കുറിപ്പ്
തിരുവനന്തപുരം: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു.  മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്.

തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫിസില്‍ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍   പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്.  ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും  ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് വിവരം.   കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍  അപ്പുറമാണെന്നും കുടുംബാംഗങ്ങളെ  അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.  ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു.  മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക