Image

കാറിന് ഇഷ്ട നമ്പര്‍ നേടാന്‍ 66 കോടി നല്‍കി ഇന്ത്യന്‍ വ്യവസായി

Published on 01 March, 2021
കാറിന് ഇഷ്ട നമ്പര്‍ നേടാന്‍ 66 കോടി നല്‍കി ഇന്ത്യന്‍ വ്യവസായി
ദുബായ്: ഉഗ്രന്‍ നമ്പര്‍ കിട്ടിയപ്പോള്‍ അതു വയ്ക്കാന്‍ കിടിലന്‍ ഒരു കാറുവാങ്ങിയ ചൈനീസ് വ്യാപാരിയാണ് ഇപ്പോള്‍ താരം. ഇന്ത്യക്കാരനും മോശമായില്ല. ബല്‍വീന്ദര്‍ സാഹ്നി എന്ന വ്യവസായി ഡി5 എന്ന നമ്പര്‍ പ്ലേറ്റിനു നല്‍കിയത് 33 ദശലക്ഷം ദിര്‍ഹമാണ്(66 കോടി രൂപയിലധികം). പബ്ലിക് റിസോഴ്‌സ് അതോറിറ്റി റാസല്‍ഖൈമയില്‍ നടത്തിയ കൗതുക കാര്‍ നമ്പര്‍ ലേലത്തിലാണ് കോടികളെറിഞ്ഞ് ഇഷ്ട നമ്പര്‍ വ്യവസായികള്‍ വാങ്ങിയത്.

ദുബായ് അല്‍ അവീറില്‍ കാര്‍ ഷോറൂം നടത്തുന്ന ചൈനീസ് വ്യവസായി സിയാന്‍ ജുന്‍ ആണ് എക്‌സ്-1 എന്ന അപൂര്‍വ നമ്പര്‍ കിട്ടിയപ്പോള്‍ അതു വയ്ക്കാന്‍ റോള്‍സ് റോയ്‌സ് തന്നെ വാങ്ങിയത്. നല്ല നീല നിറത്തിലുള്ള റോള്‍സ് റോയ്‌സിനു എട്ടു കോടി രൂപ ചെലവായെന്നു വെളിപ്പെടുത്തിയ സിയാന്‍ ജുന്‍ (Xiyan Jun) പക്ഷേ,  നമ്പര്‍ കിട്ടാന്‍ എത്ര ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല. എക്‌സ് എന്ന നമ്പര്‍ കോഡ് തന്റെ പേരിന്റെ കൂടി ആദ്യ അക്ഷരമായതിനാലാണ് ഏറെ ഇഷ്ടം തോന്നിയതെന്ന് സിയാന്‍ പറയുന്നു.

ചൈനയില്‍ വച്ചും ഇതുപോലെ കൗതുകമുള്ള നമ്പരുകള്‍ വാങ്ങുമായിരുന്നെന്നും കുടുംബത്തിലേക്ക് ഇനിയും രണ്ടു മൂന്ന് എക്‌സ് സീരീസ് നമ്പര്‍ പ്ലേറ്റുകളും വാങ്ങാന്‍ താല്‍പര്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സിയാന് നാലു കുട്ടികളാണുള്ളത്. അപൂര്‍വമായ നമ്പര്‍ ദാനം പ്രത്യേക ചടങ്ങായിത്തന്നെ ഇനോക് വാഹനപരിശോധന വില്ലേജില്‍ റാസല്‍ഖൈമ പൊലീസ് സംഘടിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക