മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ കലാസംവിധാന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബറോസില്‍ അഭിനയിക്കുന്ന മുതിര്‍ന്ന താരം പ്രതാപ് പോത്തന് പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ കണ്‍സെപ്റ്റ് ഡിസൈനാണ് ചര്‍ച്ചയാകുന്നത്.
ചിത്രത്തില്‍ പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കണ്‍സെപ്റ്റ് രൂപം മോഹന്‍ലാലിന്റെ കൈയ്യിലാണ് ഇരിക്കുന്നത്. ആളുകളെ പേടിപ്പിക്കുന്ന രൂപമാണ് കഥാപാത്രത്തിന്റേത്. സിനിമയിലെ പ്രധാന കഥാപാത്രം ഈ രൂപത്തിലായിരിക്കും എത്തുക എന്നാണ് സൂചന. മോഹന്‍ലാല്‍ തന്നെയാണോ ഈ കഥാപാത്രമായി എത്തുന്നത് എന്നതും ആരാധകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസും പ്രതാപ് പോത്തനും അടക്കമുള്ളവര്‍ മോഹന്‍ലാലിനൊപ്പം ചെന്നൈയിലുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകള്‍.
പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
സ്പാനിഷ് അഭിനേത്രി പാസ് വേദ, നടന് റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.