Image

റാബിയ (കവിത: ഷീന വര്‍ഗീസ്)

Published on 01 March, 2021
റാബിയ (കവിത: ഷീന വര്‍ഗീസ്)
ഈശ്വരനെ പ്രണയിച്ച്  ദിഖ്ർ ജപിക്കുന്ന റാബിയ .....
സ്വർഗനരകങ്ങൾക്കപ്പുറമവൻ്റെ പ്രീതി മാത്രം കാംക്ഷിച്ച്, ആ സത്തയിൽ ലയിച്ചു തീരാനാഗ്രഹിച്ചവൾ.
അവനോടുള്ള പ്രണയത്താൽ ശിലയിൽ നിന്നും ശില്പമായ് രൂപാന്തരപ്പെട്ടവൾ ! 
അവൾ പോലുമറിയാതെ അവനവളിൽ പ്രണയപ്രവാഹമായിത്തീർന്നു.
അവളുടെ ഹൃദയസ്പന്ദനങ്ങളോരോന്നുമവനുള്ള സ്തുതിഗീതങ്ങളായി. 
അവളുടെ ശ്വാസനിശ്വാസങ്ങൾ പ്രാർഥനകളായി .....
ദിവ്യപ്രണയത്തിൻ്റെയാകാശങ്ങളിളൊരു നക്ഷത്രമായവൾ പ്രകാശിച്ചു .
പ്രാണേശ്വരൻ്റെ മോദത്തിൽ സന്തുഷ്ടയാവുകയല്ലാതെ 
മറ്റൊന്നുമവളെയാനന്ദിപ്പിച്ചില്ല. 

അവൾ സൂഫിയാണ്.
ഈശ്വരപ്രീതിക്കായ് സ്വയമർപ്പിച്ചവൾ.
ഉലകം മുഴുവൻ കണ്ണുപൂട്ടുമ്പോൾ
തൻ്റെ പ്രാണപ്രിയനായ് ചിലങ്കയണിയുന്നവൾ....
ഭൗതികമായ ആസക്തികളെയെല്ലാം
സ്തുതിസൂക്തങ്ങളിൽ മെരുക്കിയിടുന്നവൾ ...
...........................................
നീയെൻ്റെ റൂഹായിരിക്കെ ഞാനെൻ്റെ ഹൃദയത്തിലേക്കല്ലാതെ മറ്റെവിടേക്കാണ് നോക്കുക ?
നിന്നിലേക്കുള്ള വാതിലുകൾ തുറന്നു കിടന്നിട്ടുമെന്തിനാണു ഞാൻ നിന്നെ തിരഞ്ഞു നടക്കുന്നത് ?
നീയെൻ്റെ സുവിശേഷമാകയാൽ
മറ്റേതു ഗ്രന്ഥത്തെ ഞാൻ വിശുദ്ധമായി സൂക്ഷിക്കേണ്ടു .....
ഞാനുമൊരു സൂഫിയായിരിക്കുന്നു .
നീയെന്നീശ്വരനിലേക്ക് സ്വർഗത്തിൻ്റെ മോഹമോ നരകത്തിൻ്റെയാധിയോയില്ലാതെ
നിൻ്റെ പ്രീതി മാത്രമർഥിക്കുന്നവൾ ......💕
 
(റാബിയ അൽ അദവിയ്യ എട്ടാം നൂറ്റാണ്ടിലെ (717-801) ഒരു സൂഫി വിശുദ്ധവനിതയായിരുന്നു. 
ഇറാഖിലെ ബസ്രയിൽ ജനിച്ച അവർ, റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെടുന്നു.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക