Image

വ്യാജ സിനിമസിഡികള്‍ക്കു പിന്നില്‍ വിദേശ പൗരത്വമുള്ള മലയാളി- മന്ത്രി ഗണേഷ്‌കുമാര്‍

Published on 17 June, 2012
വ്യാജ സിനിമസിഡികള്‍ക്കു പിന്നില്‍ വിദേശ പൗരത്വമുള്ള മലയാളി- മന്ത്രി ഗണേഷ്‌കുമാര്‍
ആലപ്പുഴ: സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്ത് വ്യാജമായി സിഡികള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ വിദേശ പൗരത്വമുള്ള മലയാളിയാണെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ക്കായി ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. വിതരണത്തിനു പിന്നില്‍ ആന്ധ്രസ്വദേശിയാണെന്നും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു . 

ലോകത്ത് എവിടെയിരുന്ന് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരെയും ഗൂഗിള്‍ മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടുപിടിക്കുന്നതിനുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ ലഭ്യമാണ്. ആന്റി പൈറസി സെല്ലിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതോടെ പല വെബ് സൈറ്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. സിനിമകള്‍ ഡൗണ്‍ ലോഡും അപ്പ് ലോഡും ചെയ്യുന്നവരെ പിടികൂടാനായി. ഇക്കാരണത്താല്‍ വ്യാജസിഡികള്‍ കുറഞ്ഞത് അടുത്തയിടെ പുറത്തിറങ്ങിയ മലയാള സിനിമകളുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്.

ടിക്കറ്റ് മെഷീനുകള്‍സ്ഥാപിക്കന്നതോടെ തിയേറ്ററുകള്‍ക്ക് സാമ്പത്തികമായി നേട്ടമാകും. ഇവ വ്യാപകമാകുന്നതോടെ സര്‍ക്കാര്‍ നേരിട്ട് ബാര്‍കോഡോടുകൂടിയ ടിക്കറ്റുകള്‍ എല്ലാ തിയേറ്ററുകള്‍ക്കും വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ആനക്കൊമ്പ് കൈവശം വെച്ചുവെന്ന പരാതിയില്‍ മോഹന്‍ലാലിന് എതിരെ വനം വകുപ്പ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക