Image

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രച്ചടങ്ങുകള്‍ മാത്രം, ഭക്തര്‍ സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കും

Published on 27 February, 2021
ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രച്ചടങ്ങുകള്‍ മാത്രം, ഭക്തര്‍ സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കും
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. കോവിഡ് 19 പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാം. ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.

രാവിലെ 10.50ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീപകര്‍ന്ന ശേഷം പണ്ടാരയടുപ്പില്‍ അഗ്‌നി തെളിക്കും. വൈകീട്ട് 3.40ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയില്‍ വിഗ്രഹത്തിനു വരവേല്‍പ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.

പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ആറ്റുകാലിലും സമീപ വാര്‍ഡുകളിലുമുള്ള വീടുകളില്‍ ബന്ധുക്കള്‍ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളില്‍ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തില്‍നിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക