Image

ആശ്ചര്യകരമായ ധാരണാപത്രത്തിലാണ് ഒപ്പിട്ടതെന്നു മുഖ്യമന്ത്രി

Published on 26 February, 2021
ആശ്ചര്യകരമായ ധാരണാപത്രത്തിലാണ് ഒപ്പിട്ടതെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം:  ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ആശ്ചര്യകരമായ ധാരണാപത്രത്തിലാണ് ഒപ്പിട്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ നയത്തിനു വിരുദ്ധമായി ഏതോ ചില നിലകളുടെ ഭാഗമായാണ് ഒപ്പിടൽ നാടകം.   സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വിവാദത്തിനു പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി സര്‍ക്കാര്‍. 

ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെ കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. വ്യവസായ മന്ത്രിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം കെഎസ്‌ഐഡിസിക്ക് നല്‍കിയത്. 

പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം. അതേസമയം ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസിക്ക് ലഭിച്ച നിര്‍ദേശം.

ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡിക്കെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. എൽഡിഎഫ് നയത്തിനു വിരുദ്ധമായ കരാർ സർക്കാരിന്റെ അനുമതിയോടെയല്ല ഒപ്പിട്ടത്. ഒരു നിക്ഷേപ സംഗമത്തിൽ ആളുകൾ വരുമ്പോൾ എല്ലാകാര്യവും അവിടെ പരിശോധിക്കാറില്ല. പരിശോധനയൊക്കെ പിന്നീടാണ് നടക്കുന്നത്. ധാരണാപത്രം ആണെങ്കിൽപോലും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി അറിയേണ്ടതാണ്. അദ്ദേഹം ഒരു കാര്യവും അറിഞ്ഞിട്ടില്ല.

ഫെബ്രുവരി രണ്ടിന് ഒപ്പിട്ട ധാരണാപത്രത്തെക്കുറിച്ച് സർക്കാരിന് അറിവുണ്ടായിരുന്നില്ല. അത് വിവാദമാകുന്നത് പ്രതിപക്ഷ നേതാവിന്റെ ജാഥ അവസാനിക്കുന്നതിനു മുൻപാണ്. ഒരു നിമിഷം സ്തംഭിച്ചു നിൽക്കാതെ ധാരണാപത്രം റദ്ദാക്കാൻ നിർദേശം കൊടുത്തു. അതിനെക്കുറിച്ച് അന്വേഷിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വ്യവസായ വികസന കോർപറേഷനുമായി ഒപ്പിട്ട ധാരണാപത്രവും റദ്ദുചെയ്തു. ഒരു മാധ്യമപ്രവർത്തക ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എംഡിയെ വിളിച്ചപ്പോൾ അവരോട് സഭ്യമല്ലാത്ത രീതിയിൽ പെരുമാറി എന്ന പരാതി വന്നു. അതും പരിശോധിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ ഒരു ഫിഷറീസ് നയമുണ്ടെന്നും നയപരമായി എൽഡിഎഫ് അംഗീകരിക്കാത്ത കാര്യം സർക്കാർ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന പ്രതിപക്ഷത്തിനു കൂട്ടായി ബിജെപിയുമുണ്ട്.  

കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്‌ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു 
Join WhatsApp News
Josukuty 2021-02-26 18:13:02
അതായതു മു. മന്ത്രിയുടെ അടുപ്പിൽ കേറി വേറെ ആരോ ദോശ ചുട്ടു. ഇദ്ദേഹം അറിയാതെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക