Image

വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മിലന്റെ അന്ത്യാഞ്ജലി

സുരേന്ദ്രന്‍ നായര്‍ Published on 25 February, 2021
വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മിലന്റെ അന്ത്യാഞ്ജലി
ഭാരതത്തിലെ പൗരാണിക സങ്കല്പങ്ങളെയും ദാര്‍ശനിക പാരമ്പര്യത്തെയും മലയാളത്തിലെ ആധുനിക കവിതാ ശാഖയുമായി സമന്വയിപ്പിച്ച പ്രിയ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
                 
ആംഗലേയ സാഹിത്യ മീമാംസയിലും സംസ്കൃത വേദോപനിഷത്തുക്കളിലും ഒരേ പോലെ അറിവുണ്ടായിരുന്ന നമ്പൂതിരി മലയാള കാവ്യ ശ്രേണിയിലെ വേറിട്ട ഒരു പ്രതിഭയായിരുന്നു. കേരളത്തിലെ വിവിധ കലാലയങ്ങളുടെ ക്ലാസ് മുറികളില്‍ ഷേക്‌സ്പിയറും, ഷെല്ലിയും, കീറ്റ്‌സും, വേര്‍ഡ്‌സ്‌വര്‍ത്തുമൊക്കെ തന്റെ വാഗ്‌ധോരണികളിലൂടെ അനായാസം പരിചയപ്പെടുത്തുമ്പോളും മാതൃഭാഷയുടെ മാധുര്യം ഒട്ടും ചോരാതെ മനസ്സില്‍ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്നു അക്കാലത്തു എഴുതിയ അനേകം കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു.
                        
ആഡംബരത്തിന്റെ ആകര്‍ഷകത്വം ഏതുമില്ലാതെ ലാളിത്യത്തിന്റെ പര്യായമായ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും അടര്‍ന്നുവീണ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു  ഗീതം എന്ന കൃതി അനുവാചക മനസ്സുകളില്‍ വളരെ വേഗം ഇടംനേടിയിരുന്നു.
                            
ഭാരതസര്‍ക്കാര്‍ 2004 ല്‍ പദ്മശ്രീ നല്‍കി ആദരിച്ച അദ്ദേഹത്തിന്റെ ഉജ്ജയിനിയിലെ രാപ്പകലുകള്‍ എന്ന പുസ്തകത്തെ അതിനു മുന്നേതന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. ഭൂമി ഗീതങ്ങള്‍, ഇന്ത്യ എന്ന വികാരം, ആരണ്യകം, പ്രണയ ഗീതങ്ങള്‍ തുടങ്ങി അനവധി കൃതികള്‍ കൈരളിക്കു സംഭാവന ചെയ്ത അനുഗ്രഹീത കവിയെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്കാരം,വയലാര്‍ അവാര്‍ഡ് തുടങ്ങി അനേകം അംഗീകാരങ്ങള്‍ നല്‍കി സാംസ്കാരിക കേരളവും ഇന്ത്യന്‍ സാഹിത്യ ലോകവും ആദരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക