Image

കാലിഫോർണിയ ഗവർണറെ തിരിച്ചു വിളിക്കാൻ നീക്കം 

മീട്ടു Published on 25 February, 2021
കാലിഫോർണിയ ഗവർണറെ തിരിച്ചു വിളിക്കാൻ നീക്കം 

മഹാമാരിയിൽ മനംമടുത്ത അമേരിക്കക്കാരുടെ  ദേഷ്യത്തിനും സങ്കടത്തിനും പാത്രമാവുകയാണ് രാജ്യത്തുടനീളമുള്ള നിരവധി ചീഫ് എക്സിക്യൂട്ടീവുകൾ.

ഒഹയോയിൽ, ആരോഗ്യ മുൻകരുതലുകൾ കർശനമായി നടപ്പാക്കിയതോടെ അവിടുള്ളവർ  ഗവർണർ  മൈക്ക് ഡിവൈനെതിരായി. അതിർത്തി നഗരങ്ങളിലെ  അണുബാധ നിരക്ക് ഉയർന്നപ്പോൾ,  ടെക്സസിൽ ഗവർണർ ഗ്രെഗ് അബോട്ടിനും പഴി കേൾക്കേണ്ടി വന്നു. മസാച്യുസെറ്റ്സിലെ വാക്സിൻ വിതരണത്തിലെ അപാകതകർ  ഗവർണർ ചാർലി ബേക്കറിന്റെ ജനപ്രീതി ഇല്ലാതാക്കി. ന്യൂയോർക്കിൽ, ആൻഡ്രൂ എം. കോമോയുടെ  പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചത്  നഴ്സിംഗ് ഹോം ജീവനക്കാരുടെ കൊറോണ വൈറസ് മരണനിരക്ക് മറച്ചുവച്ചതാണ്.

ഡമോക്രാറ്റായ  കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെ കാര്യവും വ്യത്യസ്തമല്ല. സംസ്ഥാനത്തെ കോവിഡ്  മരണസംഖ്യ ബുധനാഴ്ച 50,000 കടന്നതോടെ, ഗവർണറെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഒരു ആയുധം കിട്ടിയ മട്ടിലാണ് റിപ്പബ്ലിക്കന്മാർ. പൊതുവേ, ഡെമോക്രറ്റുകൾക്ക് വേരോട്ടമുള്ള മണ്ണാണ് കാലിഫോർണിയ. എങ്കിലും മാസ്ക് ധരിക്കാനും വീടുകളിൽ തന്നെ തുടരാനും നിർബന്ധിച്ച ഗവർണറുടെ ഉത്തരവുകൾ, ജനങ്ങളുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് എതിർ പാർട്ടി കണക്കുകൂട്ടുന്നത്. 2018 ൽ 24 പോയിന്റുകളുടെ റെക്കോർഡോടെയാണ് ന്യൂസോം അധികാരത്തിൽ വന്നത്.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള കാലിഫോർണിയയിൽ, ന്യൂസോമിനെ പദവിയിൽ നിന്ന് മാറ്റുക എളുപ്പമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ മാസങ്ങൾക്കുമുൻപേ അദ്ദേഹത്തിനെതിരെ  റിപ്പബ്ലിക്കനായ ഓറിൻ ഹീറ്റ്ലി ഒരു പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം, ന്യൂസോം ഭാര്യയ്‌ക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തതിന്റെ ഫോട്ടോയുമായാണ് ഹീറ്റ്‌ലി ഹർജി സമർപ്പിച്ചത്.  ഏകദേശം 15 മില്യൺ  വോട്ടർമാരുടെ ഒപ്പുകൾ ഇത് സാധുവാകാൻ ശേഖരിക്കണം. സാവകാശം ആവശ്യപ്പെട്ടതുപ്രകാരം,  നവംബർ മുതൽ നാല് മാസക്കാലമാണ് കോടതി അനുവദിച്ചത്.  സംസ്ഥാനത്തെ പാൻഡെമിക് തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് 30 ബില്യൺ ഡോളർ കൈവിട്ടു പോയതായും വിമർശനമുണ്ട്.

ന്യൂസോമിനെ മാറ്റിയാൽ പകരം ആര് എന്നതാണ് കുഴപ്പിക്കുന്ന ചോദ്യം. ന്യൂസോമിന് ചുറ്റും സഹ ഡെമോക്രാറ്റുകൾ അണിനിരന്നിട്ടുണ്ട്, ഗവർണറെ തിരിച്ചുവിളിക്കാനുള്ള ഏതൊരു ശ്രമത്തെയും പ്രസിഡന്റ് ബൈഡൻ വ്യക്തമായി എതിർക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞിരുന്നു.

ഇതിനെക്കുറിച്ച് അടുത്തിടെ റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ  'ഞാൻ വാക്സിൻ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കാലിഫോർണിയയിൽ അധികാരത്തിലിരിക്കുന്നവർക്ക് നേരെ ഇങ്ങനെ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ 61 വർഷത്തിനിടെ ഓരോ ഗവർണർക്കെതിരെയും ഇത്തരം അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്' എന്നാണ് ന്യൂസോം പറഞ്ഞത്.

'കടുത്ത വെല്ലുവിളികളുടെ സമയത്താണ്  ന്യൂസോം അധികാരത്തിലെത്തിയത്. കഴിഞ്ഞ വർഷം പകർച്ചവ്യാധി കൈകാര്യം ചെയ്യാൻ അദ്ദേഹം കൈക്കൊണ്ട നടപടികൾ  വോട്ടർമാർ കാണുമെന്ന് ഞാൻ കരുതുന്നു. -' ബാലറ്റ് നടപടികളിൽ വിദഗ്ധനായ ഡെമോക്രാറ്റിക് കൺസൾട്ടന്റ് ഡേവിഡ് ടൗൺസെന്റ് അഭിപ്രായപ്പെട്ടു.

നേരത്തെ ഗവർണർ ഗ്രെ ഡേവിസിനെ തിരിച്ചു വിളിച്ച ശേഷമുള്ള തെരെഞ്ഞെടുപ്പിലാണ് ആർനോൾഡ് ഷവാർസ്‌നെഗർ  ഗവർണറായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക